Publish Date: Fri, 10 Mar 2023 (19:38 IST)
Updated Date: Fri, 10 Mar 2023 (19:41 IST)
ഐഎസ്എൽ നോക്കൗട്ട് മത്സരത്തിൽ ബെംഗളുരു എഫ് സി നായകൻ സുനിൽ ഛേത്രിയുടെ വിവാദഗോളിൻ്റെ പേരിൽ മൈതാനം വിട്ട കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമാനോവിച്ചിന് പൂർണപിന്തുണ നൽകി മഞ്ഞപ്പട ആരാധകർ. ഇവാനെ ബലിയാടാക്കുന്ന ശ്രമങ്ങൾക്കൊന്നും തന്നെ മഞ്ഞപ്പടയുടെ പിന്തുണയുണ്ടാകില്ലെന്ന് ആരാധകർ വ്യക്തമാക്കി. ഐഎസ്എല്ലിലെ റഫറിയിംഗിലെ നിലവാരം മെച്ചപ്പെടുത്തണമെന്നും മഞ്ഞപ്പട ആവശ്യപ്പെട്ടു.
ബുദ്ധിമുട്ടേറിയ ദിവസങ്ങളിലൂടെയാണ് നമ്മൾ കടന്നുപോകുന്നു. പക്ഷേ അടിവരയിട്ട് പറയുന്നു കോച്ച് ഇവാനെ ഞങ്ങൾ പൂർണമായും പിന്തുണയ്ക്കുന്നു. ഇവാൻ നോക്കൗട്ടിലെടുത്ത തീരുമാനം അന്നത്തെ മാത്രം സംഭവം അടിസ്ഥാനപ്പെടുത്തിയല്ല. കാലങ്ങളായി ഐഎസ്എല്ലിലെ മോശം തീരുമാനങ്ങൾക്കെതിരെയാണ്.
കഴിഞ്ഞ കുറെ വർഷങ്ങളായി ഐഎസ്എല്ലിലെ റഫറിമാരുടെ തെറ്റായ തീരുമാനങ്ങൾ കാരണം ഏറെ ബുദ്ധിമുട്ടിയിട്ടുണ്ട്. അനവധി കോച്ചുകൾ അത് ചൂണ്ടികാണിച്ചിട്ടുണ്ട്. ക്ലബിന് വേണ്ടിയാണ് ഇവാൻ ഇത്തരമൊരു കാര്യം ചെയ്തത്. അതിനാൽ തന്നെ ഇവാൻ ക്ലബിൻ്റെ അമരത്ത് തുടരണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. അദ്ദേഹത്തെ ബലിയാടാക്കാനുള്ള ശ്രമങ്ങൾക്ക് മഞ്ഞപ്പടയ്ക്ക് ഒരുതരത്തിലും യോജിക്കാനാവില്ല. ലീഗിൻ്റെ തുടർന്നുള യാത്രയ്ക്ക് ഐഎസ്എല്ലിലെ റഫറിമാരുടെ നിലവാരം ഉയർത്തേണ്ടതുണ്ട്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചപോസ്റ്റിൽ മഞ്ഞപ്പട കുറിച്ചു.