ബാഴ്‌സലോണയോട് വിടപറയുന്ന പ്രസ് കോൺഫറൻസിനിടെ പൊട്ടിക്കരഞ്ഞ് ലയണൽ മെസ്സി. താൻ അതീവ ദുഖിതനാണെന്നും ഈ നിമിഷത്തെ അംഗീകരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും മെസ്സി പറഞ്ഞു. 21 വർഷത്തെ ബാഴ്‌സലോണയുമായുള്ള ബന്ധത്തിനാണ് ഇതോടെ തിരശീല വീണിരിക്കുന്നത്.
എന്റെ രക്തം തണുത്തുറയുന്ന പോലെ തോന്നുന്നു. ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ നിമിഷമാണിത്. എനിക്ക് ഈ ക്ലബ് വിടാൻ ആഗ്രഹമില്ല. കഴിഞ്ഞ വർഷം എനിക്ക് ക്ലബ് വിടണമെന്ന് ഉണ്ടായിരുന്നു. ഈ വർഷം തുടരണമെന്നും അതാണ് എന്നെ ഏറെ വിഷമിപ്പിക്കുന്നത്. തിരികെ വീട്ടിലെത്തിയാലും എന്റെ നിരാശ തുടരും. ചിലപ്പോൾ മോശമാവും. ഈ ക്ലബിനൊപ്പമുള്ള യാത്ര അവസാനിക്കുന്നു. ഇനി പുതിയ കഥ തുടങ്ങും.
ഒന്നരവർഷത്തോളം ആരാധകരെ കാണാതെയാണ് ഞാൻ ക്ലബ് വിടുന്നത്. ഈ വിധം ഗുഡ്‌ബൈ പറയേണ്ടിവരുമെന്ന് ഞാൻ കരുതിയില്ല. നിർഭാഗ്യവശാൽ ഇങ്ങനെയെല്ലാമായി. ആരാധകരിൽ നിന്നും ലഭിച്ച സ്നേഹത്തിന് ഞാൻ എന്നും കടപ്പെട്ടിരിക്കും. 13 വയസുള്ളപ്പോൾ മുതൽ 21 വർഷത്തിന് ശേഷമാണ് ഞാൻ വിടപറയുന്നത്. ഞാൻ പടിയിറങ്ങുന്ന ഈ നിമിഷം വരെ ഞാൻ ക്ലബിനായി എല്ലാം നൽകി. ആ സംതൃപ്‌തിയുമായാണ് ഞാൻ പടിയിറങ്ങുന്നത്. മെസ്സി പറഞ്ഞു.