Select Your Language

Notifications

webdunia
webdunia
webdunia
webdunia

അന്നേ അവന്‍ പ്രണയിനിയെ ചേര്‍ത്തുപിടിച്ചു; ഇടയില്‍ എവിടെയോ അവള്‍ക്ക് മറ്റൊരു പ്രണയം പൂവിട്ടു, ഒടുവില്‍ വീണ്ടും ട്വിസ്റ്റ്

അന്നേ അവന്‍ പ്രണയിനിയെ ചേര്‍ത്തുപിടിച്ചു; ഇടയില്‍ എവിടെയോ അവള്‍ക്ക് മറ്റൊരു പ്രണയം പൂവിട്ടു, ഒടുവില്‍ വീണ്ടും ട്വിസ്റ്റ്
, ബുധന്‍, 30 ജൂണ്‍ 2021 (09:04 IST)
ഏറ്റവും കൂടുതല്‍ ആരാധകരുള്ള ലോക ഫുട്ബോളറാണ് അര്‍ജന്റീന താരം ലയണല്‍ മെസി. കളിക്കളത്തില്‍ എതിരാളികളെ നിഷ്പ്രഭമാക്കുന്ന മെസിയുടെ വ്യക്തി ജീവിതവും ഏറെ ട്വിസ്റ്റുകള്‍ നിറഞ്ഞതാണ്. അതിലൊന്നാണ് താരത്തിന്റെ പ്രണയവും വിവാഹവും. അന്റോണെല്ല റോക്കൂസോയാണ് മെസിയുടെ ജീവിതപങ്കാളി. കുട്ടിക്കാലം മുതലുള്ള പ്രണയമാണ് മെസിയെയും അന്റോണെല്ല റൊക്കൂസോയെയും ജീവിതത്തില്‍ ഒന്നിപ്പിച്ചത്. നിരവധി ട്വിസ്റ്റുകളുള്ള ഒരു പ്രണയകാവ്യമായിരുന്നു അത്. ഫുട്‌ബോള്‍ മൈതാനത്ത് ഇടംകാലുകൊണ്ട് കവിത രചിക്കുന്ന മെസി ജീവിതത്തിലും ഒരു പ്രണയകാവ്യം രചിക്കുകയായിരുന്നു. ഇരുവരുടെയും ചെറുപ്പത്തിലുള്ള ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആയിരിക്കുന്നത്. 
 
അഞ്ച് വയസുള്ളപ്പോള്‍ മുതല്‍ മെസിയും അന്റോണെല്ലയും സുഹൃത്തുക്കളാണ്. ഇരുവരും റൊസാരിയോ തെരുവിലാണ് ജനിച്ചുവളര്‍ന്നത്. കുഞ്ഞുമെസി കൂട്ടുകാരനായ ലൂക്കാസ് സ്‌കാഗ്ലിയയുടെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു. മെസിയും ലൂക്കാസുമായുള്ള സൗഹൃദം വളരെ വേഗം വളര്‍ന്നു. ഇരുവരും ഉറ്റ ചങ്ങാതിമാരായി. ലൂക്കാസ് സ്‌കാഗ്ലിയുടെ വീട്ടില്‍വച്ചാണ് മെസി അന്റോണെല്ലയെ പരിചയപ്പെടുന്നത്. ലൂക്കാസിന്റെ കസിനാണ് അന്റോണെല്ല. ലൂക്കാസുമായി അടുത്തതു പോലെ അന്റോണെല്ലയുമായി മെസി നല്ല അടുപ്പത്തിലായി. റൊസാരിയോ തെരുവീഥികളില്‍ അവര്‍ ഒന്നിച്ചു കളിക്കാനും സൗഹൃദം പങ്കിടാനും തുടങ്ങി. അകലാന്‍ സാധിക്കാത്തവിധം ഇരുവരും അടുത്തു. സ്ഥിരമായി അന്റോണെല്ലയ്ക്കു കത്തുകള്‍ എഴുതിയിരുന്ന കുഞ്ഞു മെസി വലുതായി കഴിയുമ്പോള്‍ അവളെ തന്റെ ഗേള്‍ഫ്രണ്ട് ആക്കുമെന്ന് പറയുമായിരുന്നു. 
webdunia
 
ഫുട്ബോള്‍ ലോകത്ത് സജീവമായതോടെ മെസി തിരക്കിലായി. ഇതോടെ അന്റോണെല്ലയുമായുള്ള സൗഹൃദത്തിലും അകല്‍ച്ച സംഭവിച്ചു. ഈ സമയത്താണ് അന്റോണെല്ലയ്ക്ക് ഒരു പ്രണയമുണ്ടാകുന്നത്. റൊസാരിയോയിലുള്ള ഒരു സുഹൃത്തുമായാണ് അന്റോണെല്ല പ്രണയത്തിലായത്. ഇക്കാര്യം മെസിക്കും അറിയാമായിരുന്നു. ഇരുവരുടെയും പ്രണയബന്ധം മൂന്ന് വര്‍ഷത്തോളം നീണ്ടു. മൂന്ന് വര്‍ഷം കഴിഞ്ഞപ്പോള്‍ ആ പ്രണയത്തിനു തിരശീല വീണു. 
 
 
അങ്ങനെയിരിക്കെയാണ് അന്റോണെല്ലയുടെ അടുത്ത സുഹൃത്ത് വാഹനാപകടത്തില്‍ മരിക്കുന്നത്. ഇത് അന്റോണെല്ലയെ മാനസികമായി തളര്‍ത്തി. ഇക്കാര്യം അറിഞ്ഞ മെസി ഉടന്‍ അര്‍ജന്റീനയിലേക്ക് തിരിച്ചെത്തി. അന്റോണെല്ലയെ സമാധാനിപ്പിക്കാനാണ് മെസി എത്തിയത്. ഇത് അന്റോണെല്ലയ്ക്ക് കരുത്ത് പകര്‍ന്നു. കുട്ടിക്കാലത്ത് ഉണ്ടായിരുന്ന അതേ സൗഹൃദം ഇരുവര്‍ക്കും ഇടയില്‍ വീണ്ടും രൂപപ്പെട്ടു. അകലാന്‍ സാധിക്കാത്ത വിധം ഇരുവരും പ്രണയത്തിലായി. എന്നാല്‍, ഇക്കാര്യം ഇരുവരും പരസ്യമാക്കിയില്ല.
webdunia
 
മെസിയുമായി പ്രണയത്തിലാണെന്ന കാര്യം 2007 ലാണ് അന്റോണെല്ല വെളിപ്പെടുത്തിയത്. 2010 ല്‍ അന്റോണെല്ല ബാഴ്‌സലോണയിലേക്ക് പുറപ്പെട്ടു. മെസിക്കൊപ്പം ജീവിക്കാന്‍ വേണ്ടിയായിരുന്നു അത്. ഇരുവരും ഡേറ്റിങ് ആരംഭിച്ചു. 2012 നവംബര്‍ രണ്ടിനു അന്റോണെല്ലയ്ക്കും മെസിക്കും ഒരു കുഞ്ഞ് പിറന്നു. 2015 ല്‍ രണ്ടാമത്തെ കുഞ്ഞും പിറന്നു. 2017 ലാണ് ഇരുവരും വിവാഹിതരാകുന്നത്. പിതാവിന്റെയും മാതാവിന്റെയും വിവാഹത്തിനു മക്കളായ തിയാഗോയും മതിയോയും സാക്ഷികളായി. 2018 ല്‍ ഇരുവര്‍ക്കും മൂന്നാമത്തെ കുഞ്ഞും പിറന്നു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യൂറോ കപ്പിലെ തോല്‍വി; ടോണി ക്രൂസ് വിരമിച്ചേക്കും