അര്‍ജന്റീന ടീമില്‍ നിന്ന് ഒരു ബ്രേക്ക് എടുക്കാന്‍ മെസി ആഗ്രഹിച്ചിരുന്നു; വെളിപ്പെടുത്തി സ്‌കലോണി
2018 ല്‍ അര്‍ജന്റീന പരിശീലകനായി തിരഞ്ഞെടുക്കപ്പെട്ട സമയത്ത് മെസിയുമായി സംസാരിക്കുന്നതിനാണ് ഞാന്‍ പ്രധാന്യം നല്‍കിയത്
അര്‍ജന്റീനയ്ക്ക് കോപ്പ് അമേരിക്ക, ഫൈനലിസിമ, ലോകകപ്പ് എന്നിങ്ങനെ തുടര്‍ച്ചയായി മൂന്ന് കിരീടങ്ങള്‍ നേടികൊടുത്ത പരിശീലകനാണ് ലയണല്‍ സ്‌കലോണി. ലയണല്‍ മെസിയെ തുറുപ്പുചീട്ട് ആക്കിയാണ് സ്‌കലോണി കളിരീതി മെനഞ്ഞത്. മെസിയുമായുള്ള സൗഹൃദവും സ്‌കലോണിക്ക് കാര്യങ്ങള്‍ എളുപ്പമാക്കി. 2018 ല്‍ താന്‍ പരിശീലക സ്ഥാനം ഏറ്റെടുക്കുന്ന സമയത്ത് മെസി അര്‍ജന്റീന ടീമില്‍ നിന്ന് ഒരു ഇടവേളയെടുക്കുന്നതിനെ കുറിച്ച് ആലോചിക്കുകയായിരുന്നെന്ന് സ്‌കലോണി വെളിപ്പെടുത്തി.
2018 ല്‍ അര്‍ജന്റീന പരിശീലകനായി തിരഞ്ഞെടുക്കപ്പെട്ട സമയത്ത് മെസിയുമായി സംസാരിക്കുന്നതിനാണ് ഞാന്‍ പ്രധാന്യം നല്‍കിയത്. 2018 ല്‍ റഷ്യയില്‍ നടന്ന ലോകകപ്പില്‍ അര്‍ജന്റീന തോറ്റ് പുറത്തായിരുന്നു. ഈ തോല്‍വിക്ക് പിന്നാലെ അര്‍ജന്റൈന്‍ ടീമില്‍ നിന്ന് ഒരു ഇടവേളയെടുക്കുന്നതിനെ കുറിച്ച് മെസി ആലോചിക്കുകയായിരുന്നു - സ്‌കലോണി പറഞ്ഞു.
' മെസിയുമായി വീഡിയോ കോളില്‍ സംസാരിക്കുകയാണ് ഞങ്ങള്‍ ആദ്യം ചെയ്തത്. താന്‍ ബഹുമാനിക്കപ്പെട്ടെന്ന് മെസി പറഞ്ഞു. നിങ്ങള്‍ തിരിച്ചുവരണം, ഞങ്ങള്‍ കാത്തിരിക്കും എന്ന് മാത്രമാണ് ഞങ്ങള്‍ മെസിയോട് പറഞ്ഞത്. അത് മാത്രമാണ് ഞങ്ങള്‍ ചെയ്തത്. എട്ട് മാസത്തിനു ശേഷം അദ്ദേഹം തിരിച്ചെത്തി. വളരെ മികച്ചൊരു ടീം ഞങ്ങള്‍ ഉണ്ടാക്കി,' സ്‌കലോണി പറഞ്ഞു.
ഡീഗോ മറഡോണയേക്കാള്‍ മികച്ച കളിക്കാരനാണ് ലയണല്‍ മെസിയെന്നും സ്‌കലോണി പറഞ്ഞു. ഒരാളെ തിരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ തന്റെ ആദ്യ ചോയ്‌സ് മെസി ആയിരിക്കുമെന്ന് സ്‌കലോണി പറഞ്ഞു.
' ഒരാളെ തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടാല്‍ ഞാന്‍ തീര്‍ച്ചയായും ലിയോയെ പറയും. എനിക്ക് മെസിയുമായി സവിശേഷമായ ബന്ധമുണ്ട്. മറഡോണ മഹാനായ കളിക്കാരനാണ്, പക്ഷേ മെസിയാണ് എക്കാലത്തേയും മികച്ച താരം,' സ്‌കലോണി പറഞ്ഞു.