ബ്രസീലിയന്‍ സിരീ എയില്‍ നിന്നും തരംതാഴ്ത്തപ്പെടുന്നത് ഒഴിവാക്കാന്‍ തന്റെ ബാല്യകാല ക്ലബായ സാന്റോസിനായി കാല്‍മുട്ടിലെ പരിക്ക് വകവെയ്ക്കാതെ കളിച്ച നെയ്മര്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകും. കടുത്ത വേദനയുണ്ടായിട്ടും കാല്‍മുട്ടിലെ പരിക്കുമായി സീസണിലെ അവസാന 4 മത്സരങ്ങളില്‍ സാന്റോസിനായി സൂപ്പര്‍ താരം പന്ത് തട്ടിയിരുന്നു. 5 ഗോളുകള്‍ നേടി റെലഗേഷനില്‍ നിന്നും സാന്റോസിനെ രക്ഷിക്കാനും നെയ്മറിനായിരുന്നു.
10 ദിവസം വിശ്രമിച്ച ശേഷം ശസ്ത്രക്രിയ നടത്തുമെന്നും 2026ലെ ഫിഫ ലോകകപ്പിനായി കായികക്ഷമത വീണ്ടെടുക്കുക എന്നതാണ് തന്റെ ആത്യന്തികമായ ലക്ഷ്യമെന്നും നെയ്മര്‍ പറയുന്നു. തന്റെ തിരിച്ചുവരവില്‍ തനിക്ക് ആത്മവിശ്വാസമുണ്ടെന്നും ടീമിലേക്കുള്ള വിളിക്കായാണ് കാത്ത് നില്‍ക്കുന്നതെന്നും സൂപ്പര്‍ താരം പറയുന്നു. സമീപ വര്‍ഷങ്ങളില്‍ പരിക്കിനെ തുടര്‍ന്ന് 2023 ഒക്ടോബര്‍ മുതല്‍ ദേശീയ ടീമിന് പുറത്താണ് നെയ്മര്‍. ലോകകപ്പിനുള്ള തയ്യാറെടുക്കുന്ന ബ്രസീല്‍ ടീമില്‍ ഇടം നേടാന്‍ നെയ്മറിന് മുന്നില്‍ ഒരു സമയപരിധി നിലവിലെ പരിശീലകനായ കാര്‍ലോ ആഞ്ചലോട്ടി മുന്നോട്ട് വെച്ചിട്ടുണ്ട്.