മെസ്സി തൻ്റെ ബാല്യകാലം മുതൽ ചിലവഴിച്ച ക്ലബായ ബാഴ്സലോണയിൽ നിന്നും പോകാൻ കാരണമായത് ബാഴ്സയിലെ സഹതാരമായ ജെറാൾഡ് പിക്കെയെന്ന് റിപ്പോർട്ട്. 2021ലെ കോപ്പ അമേരിക്ക കപ്പ് വിജയിച്ചതിന് ശേഷം ബാഴ്സയിൽ തുടരാനാണ് മെസ്സി ആഗ്രഹിച്ചിരുന്നത്. എന്നാൽ മെസ്സിയുമായുള്ള കരാർ തുടരാനാകില്ല എന്ന് ക്ലബ് മെസ്സിയെ അറിയിക്കുകയായിരുന്നു. തുടർന്ന് ഹൃദയം തകരുന്ന വേദനയിൽ മെസ്സി ക്ലബ് വിടുകയായിരുന്നു.
സ്പാനിഷ് മാധ്യമങ്ങളാണ് മെസ്സി ബാഴ്സയിൽ നിന്നും പുറത്തുപോകാൻ കാരണമായതിനെ പറ്റിയുള്ള റിപ്പോർട്ടുകൾ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. മെസ്സിയെ ടീമിൽ നിന്നും ഒഴിവാക്കാൻ സഹതാരമായ ജെറാൾഡ് പീക്കെ ബാഴ്സലോണ പ്രസിഡൻ്റായ ലാപ്പോർട്ടയെ സ്വാധീനിച്ചുവെന്നും മെസ്സി ക്ലബിൽ നിന്നും ഒഴിവായാൽ ബാഴ്സലോണയുടെ സാമ്പത്തിക പ്രശ്നങ്ങൾ അവസാനിക്കുമെന്ന് വിശ്വസിപ്പിക്കുകയും ചെയ്തതായി സ്പാനിഷ് മാധ്യമങ്ങൾ പറയുന്നു.
ക്ലബ് വിട്ട് ദിവസം മെസ്സി ബാഴ്സയുടെ ഡ്രെസ്സിംഗ് റൂമിൽ യൂദാസ് എന്ന് എഴുതിവെച്ചുവെന്നാണ് ഏറ്റവും പുതിയ വെളിപ്പെടുത്തൽ. സ്പാനിഷ് മാധ്യമമായ മാർക്കയും മറ്റ് മാധ്യമങ്ങളും ഈ വിവരം റിപ്പോർട്ട് ചെയ്യുന്നു. ക്ലബ് വിട്ട ശേഷം മെസ്സി ഡ്രെസ്സിംഗ് റൂമിൽ യൂദാസ് എന്ന് എഴുതിവെച്ചു. പിന്നീട് ഡ്രെസിംഗ് റൂമിലെത്തിയ പീക്കെ ഇതാരാണ് എഴുതിയതെന്ന് ജോർഡി ആൽബയോട് ചോദിച്ചെന്നും മാധ്യമങ്ങൾ പറയുന്നു.
തൻ്റെ സാധനങ്ങൾ എടുക്കാനായി മെസ്സി ഡ്രെസ്സിംഗ് റൂമിൽ പോയ വഴിക്കാണ് വലിയ അക്ഷരത്തിൽ മെസ്സി യൂദാസ് എന്ന് എഴുതിവെച്ചത്. പീക്കെ ഇതിനെ പറ്റി ജോർഡി ആൽബയോട് ചോദിച്ചപ്പോൾ നിങ്ങളെ ഉദ്ദേശിച്ചാണ് എന്ന മറുപടിയാണ് ജോർഡി ആൽബ നൽകിയതെന്നും സ്പാനിഷ് മാധ്യമങ്ങൾ പറയുന്നു.