Publish Date: Wed, 25 Aug 2021 (12:31 IST)
Updated Date: Wed, 25 Aug 2021 (12:33 IST)
പിഎസ്‌ജിയുമായി കരാർ പുതുക്കാൻ തയ്യാറാകാത്ത കെലിയൻ എംബാപ്പെയെ സ്വന്തമാക്കാൻ റയൽ മാഡ്രിഡ് നീക്കം നടത്തുന്നതായി റിപ്പോർട്ട്. ഇഎസ്‌പിഎൻ റിപ്പോർട്ട് പ്രകാരം ഫ്രഞ്ച് മുന്നേറ്റനിര താരത്തിനു വേണ്ടി 160 മില്യൺ യൂറോയാണ് റയൽ മാഡ്രിഡ് വാഗ്‌ദാനം ചെയ്‌തത്. എന്നാൽ റയൽ മാഡ്രിഡിന്റെ ഓഫർ പിഎസ്‌ജി ഉടനെ തന്നെ നിരസിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.
പിഎസ്‌ജിയുമായി ഈ സീസൺ കഴിയുന്നത് വരെയാണ് എംബാപ്പെയ്ക്ക് കരാറുള്ളത്. കരാർ പുതുക്കാനുള്ള പിഎസ്‌ജിയുടെ ഓഫറുകൾ എംബാപ്പെ ഇതുവരെയും സ്വീകരിച്ചിട്ടില്ല. ഇതോടെ ട്രാൻസ്‌ഫർ വിൻഡോ അവസാനിക്കുന്നതിനു മുൻപ് താരത്തെ ടീമിലെത്തിക്കാനുള്ള ശ്രമത്തിലാണ് റയൽ മാഡ്രിഡ്.
അതേസമയം 160 മില്യൺ യൂറോയുടേതിനു പകരം 200 മില്യൺ യൂറോയുടെ ബിഡ് റയൽ മാഡ്രിഡ് നൽകിയാൽ താരത്തെ വിട്ടുകൊടുക്കുന്ന കാര്യം പിഎസ്‌ജി പരിഗണിച്ചേക്കുമെന്നാണ് സൂചന.ഏകദേശം 1400 കോടിയുടെ ഓഫറാണ് നിലവിൽ റയൽ മുന്നോട്ട് വെച്ചിരിക്കുന്നത്. ലയണൽ മെസ്സികൊപ്പം എംബാപ്പെയെയും ടീമിൽ നിലനിർത്താനുള്ള ശ്രമത്തിലാണ് പിഎസ്‌ജി. അതേസമയം റയൽ തങ്ങളുടെ ഓഫർ ഉയർത്തിയേക്കാനും സാധ്യതയുണ്ട്.