ഒന്നരപതിറ്റാണ്ടായി ഫുട്ബോൾ ലോകം അടക്കിഭരിച്ച താരങ്ങളാണ് ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും. കഴിഞ്ഞ 15 വർഷക്കാലത്തിനിടയിൽ 12 ബാലൺ ഡി ഓർ പുരസ്ജാരങ്ങളാണ് ഇരുതാരങ്ങളും ചേർന്ന് സ്വന്തമാക്കിയത്. ഇരു താരങ്ങളും 35 വയസ്സ് പിന്നിട്ടതോടെ ഇരുവരുടെയും സുവർണ്ണകാലം അവസാനിച്ചെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് സൂപ്പർ താരം വെയ്ൻ റൂണി.
വരാനിരിക്കുന്നത് മാഞ്ചസ്റ്റർ സിറ്റി താരം എർലിംഗ് ഹാലൻഡിൻ്റെ കാലമാണെന്ന് റൂണി പറയുന്നു. കഴിഞ്ഞ സമ്മറിലാണ് 22കാരനായ ഹാലൻഡ് ബൊറൂസ്യ ഡോർട്ട്മുണ്ടിൽ നിന്നും മാഞ്ചസ്റ്റർ സിറ്റിയിലെത്തുന്നത്. 28 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്ന് 32 ഗോളുകൾ നേടിയ ഹാലൻഡ് ആകെ 42 മത്സരങ്ങളിൽ നിന്നും 48 ഗോളുകൾ മാഞ്ചസ്റ്റർ സിറ്റിക്കായി നേടികഴിഞ്ഞു. നിലവിൽ മെസ്സിയേക്കാൾ മികച്ച താരമാണ് ഹാലൻഡെന്നും ഗോൾമുഖത്തെ താരത്തിൻ്റെ മികവ് അത്ഭുതപ്പെടുത്തുന്നതാണെന്നും റൂണി പറഞ്ഞു.