Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗാന്ധിജി- ഇന്ത്യയുടെ വെളിച്ചം

ഗാന്ധിജി- ഇന്ത്യയുടെ വെളിച്ചം
PRO
ഒക്ടോബര്‍ രണ്ട്, ഒരു ഗാന്ധി ജയന്തി ദിനം കൂടി. മൂന്ന് ദശകങ്ങളോളം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ നയിച്ച ഋഷി തുല്യനായ രാഷ്ട്രപിതാവിന്‍റെ ഓര്‍മ്മകള്‍ക്കായി ഈ ദിനം മാറ്റിവയ്ക്കാം.

1919 ല്‍ ജാലിയന്‍ വാലാബാഗില്‍ സമാധാനപരമായി യോഗം ചേര്‍ന്നിരുന്ന ജനക്കൂട്ടത്തെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ ബ്രിട്ടീഷ് ഭരണാധികാരികളുടെ ക്രൂരത ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്‍റെ, ഇന്ത്യയുടെ, സ്വാതന്ത്ര്യ ദാഹത്തെ ഒട്ടും ഭയപ്പെടുത്തിയില്ല. ആയിടയ്ക്ക് കോണ്‍ഗ്രസിന്‍റെ മഹാനായ നേതാവ് ബാല ഗംഗാധര തിലകന്‍ അന്തരിച്ചത് കോണ്‍ഗ്രസിന് ആഘാതമാവുകയും ചെയ്തു.

ഈ അവസരത്തില്‍, സത്യാഗ്രഹ സമര മുറയുടെ നേതാവായ മോഹന്‍ കുമാര്‍ കരംചന്ദ് ഗാന്ധി എന്ന ഗാന്ധിജിയില്‍ ഇന്ത്യ പുതിയ നേതാവിനെ കണ്ടെത്തി. ഇന്ത്യന്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും സ്വാതന്ത്ര്യം എന്ന ലക്‍ഷ്യത്തിനായി ഗാന്ധിയുടെ പിന്നില്‍ അണി നിരന്ന കാഴ്ചയായിരുന്നു പിന്നീട് കാണാന്‍ കഴിഞ്ഞത്.

ഗാന്ധിജി നേതൃ സ്ഥാനത്തേക്ക് വന്നതിനുശേഷം മൂന്ന് ദശകങ്ങളിലായി നടന്ന സഹന സമരങ്ങള്‍ ഇന്ത്യയെ സ്വാതന്ത്ര്യത്തിന്‍റെ പുലരിയില്‍ കൊണ്ടെത്തിച്ചു. 1920-22 കാലഘട്ടത്തില്‍ നിസ്സഹകരണ പ്രസ്ഥാനത്തിലൂടെ ബ്രിട്ടീഷ് ഭരണാ‍ധികാരികളെ അങ്കലാപ്പിലാഴ്ത്താന്‍ ഗാന്ധിജിക്ക് സാധിച്ചു. ജനങ്ങള്‍ സ്കൂളുകളും കോളേജുകളും കോടതികളും ബഹിഷ്കരിച്ചു. നിസ്സഹകരണ പ്രസ്ഥാനം ശക്തി പ്രാപിച്ചപ്പോള്‍ ഭരണാധികാരികള്‍ ഗാന്ധിജിയെ അറസ്റ്റ് ചെയ്തു. ഗാന്ധിജിക്ക് ആറ് വര്‍ഷം തടവ് നല്‍കിയ കോടതി നടപടികള്‍ ലോകത്തിലെ എല്ലാ രാജ്യങ്ങളും സശ്രദ്ധം വീക്ഷിക്കുകയായിരുന്നു.

1922 ല്‍ മുംബൈയില്‍ ഉണ്ടായ ഹിന്ദു-മുസ്ലീം ലഹള ഗാന്ധിജിയെ കുറച്ചൊന്നുമായിരുന്നില്ല വേദനിപ്പിച്ചത്. ആസമയം, പുത്രന്‍ ദേവദാസിനോട് മുംബൈയില്‍ പോയി ലഹളക്കാരോട് സംസാരിക്കാന്‍ ആവശ്യപ്പെട്ടു. പുത്രനെ തന്നെ നഷ്ടമായാലും ഹിന്ദു-മുസ്ലീം ഐക്യത്തിനു വേണ്ടി അത് സഹിക്കാന്‍ ഇന്ത്യയുടെ ധീര ദേശാഭിമാനി തയ്യാറായിരുന്നു.

webdunia
PRO
1930-31 കാലഘട്ടത്തിലെ ഉപ്പു സത്യാഗ്രഹം ലോകമെങ്ങും ശ്രദ്ധിക്കപ്പെട്ടു. ഉപ്പ് നിര്‍മ്മിക്കുന്നത് സര്‍ക്കാരിന്‍റെ കുത്തകയാക്കിയ നടപടിക്കെതിരെ ഗാന്ധിജി നടത്തിയ നിയമ ലംഘനമായിരുന്നു അത്. എഴുപത്തിയൊമ്പത് അനുയായികള്‍ക്കൊപ്പം സബര്‍മതി ആശ്രമത്തില്‍ നിന്ന് ദണ്ഡിയെന്ന തീരപ്രദേശത്തേക്ക് യൌവ്വനത്തിന്‍റെ ചുറുചുറുക്കോട് അറുപത്തിരന്റുകാരനായ ഗാന്ധി നടത്തിയ യാത്ര ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ വര്‍ണോജ്ജ്വലമായ ഏടാണ്. ദിനവും കാല്‍നടയായി 15 മേലോളം യാത്രചെയ്താണ് ഗാന്ധിജി ദണ്ഡിയിലെത്തിയത്.

‘തൊട്ടുകൂടാത്തവരെ’ ഒഴിച്ചു നിര്‍ത്തി ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രത്തിനെതിരെയും ഗാന്ധിജി അഹിംസയുടെ പാതയില്‍ പടപൊരുതി. ഹിന്ദു-മുസ്ലീം ഐക്യത്തില്‍ അടിയുറച്ചു നിന്ന ഗാന്ധിജി തൊട്ടു കൂടാത്തവരെ ‘ഹരിജനങ്ങള്‍’ എന്ന് സംബോധന ചെയ്തത് മറ്റൊരു മാറ്റത്തിന്‍റെ തുടക്കമായി. ഗാന്ധിജി ആരംഭിച്ച ‘ഹരിജന്‍’, ‘ഹരിജന്‍-സേവക്’, ‘ഹരിജന്‍-ബന്ധു’ എന്നീ പ്രസിദ്ധീകരണങ്ങളും ഭിന്നിപ്പിച്ചു ഭരിക്കല്‍ തന്ത്രത്തിന് തിരിച്ചടിയായി.

1942 ലെ ക്വിറ്റ് ഇന്ത്യ പ്രക്ഷോഭമാണ് സ്വാതന്ത്ര്യത്തിലേക്ക് ഇന്ത്യയെ നയിച്ചത്. അഹിംസാ മാര്‍ഗ്ഗത്തിലൂടെയാണ് ഗാന്ധിജി ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം തുടങ്ങിയത് എങ്കിലും ഇത് പിന്നീട് അക്രമ മാര്‍ഗ്ഗത്തിലേക്കും വഴുതി വീണിരുന്നു. ‘പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക’ എന്ന ഗാന്ധിജിയുടെ സന്ദേശം ദേശത്തെയാകെ ഇളക്കി മറിച്ചു. ലാത്തിയടികളും വെടിയുണ്ടകളും ജനമുന്നേറ്റത്തെ തടയാന്‍ പര്യാപ്തമായിരുന്നില്ല.

ഓഗസ്റ്റ് 15, 1947 ല്‍ ഇന്ത്യയിലെ ജനങ്ങളുടെ സ്വപ്നം യാഥാര്‍ത്ഥ്യമായി, ഇന്ത്യ സ്വതന്ത്രയായി. പാകിസ്ഥാനും ഇന്ത്യയും എന്ന രണ്ട് രാജ്യങ്ങളുടെ പിറവിയോടെയാണ് ഇന്ത്യയുടെ സ്വാതന്ത്ര്യ സ്വപ്നം പൂവണിഞ്ഞത്-ഗാന്ധിജിയുടെ ഇഷ്ടത്തിന് വിപരീതമായി.

ഇന്ത്യയ്ക്ക് വേണ്ടി ഒരു ജീവിതം മുഴുവന്‍ പൊരുതിയ ഗാന്ധിജി 1948 ജനുവരി 30 ന് നാഥുറാം ഗോഡ്സെ എന്ന തീവ്ര മതവാദിയുടെ വെടിയേറ്റ് മരിച്ചു. പതിവുപോലെ, വൈകിട്ട് 5:30 ന് ഉള്ള പ്രാര്‍ത്ഥനായോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഗാന്ധിജി. നാഥുറാം ഗോഡ്സെ ഗാന്ധിജിയെ തലകുനിച്ച് വണങ്ങി, പിന്നെ പോയന്‍റ് ബ്ലാങ്ക് റേഞ്ചില്‍ മൂന്ന് വെടിയുണ്ടകള്‍ ആ പുണ്യാത്മാവിന്‍റെ ജീവന്‍ അപഹരിച്ചു.

Share this Story:

Follow Webdunia malayalam