ഹജേജാ, ഉംറയോ ഉദ്ദേശിച്ച് കൊണ്ട് യാത്ര തിരിച്ചാല്‍ ഹജജിന്‍റെ കര്‍മ്മങ്ങളില്‍ ആദ്യമായി ചെയ്യേണ്ടത് മീഖാത്തില്‍ വെച്ച് ഇഹ്‌റാം ചെയ്യലാണ്. ഇഹ്‌റാം എന്നത് കൊണ്ട് ഉദ്ധേശിക്കുന്നത് ഉംറയുടെയോ, ഹജജിന്‍റെയോ കര്‍മ്മങ്ങളില്‍ പ്രവേശിക്കുവാനുള്ള നിയ്യത്താകുന്നു.
ഹജേജാ, ഉംറയോ ഉദ്ദേശിച്ച് കൊണ്ട് മക്കയിലേക്ക് വരുന്നവര്‍ മീഖാത്തില്‍(ഒരു പ്രത്യേക സ്ഥലം) വെച്ച് ഇഹ്‌റാം ചെയ്യേണ്ടതുണ്ട്.
മീഖാത്തുകള്‍
ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്നവര്‍ ബൈതുല്‍ ഹറാമിലേക്ക് എത്തും മുമ്പെ ഇഹ്‌റാമില്‍ പ്രവേശിക്കാനായി പ്രവാചകന്‍ നിര്‍ണ്ണയിക്കുകയും, വിശദീകരിച്ച് തരികയും ചെയ്ത പ്രധാനപ്പെട്ട സ്ഥലങ്ങളാണ് മീഖാത്തുകള്‍ എന്ന് അറിയപ്പെടുന്നത്.
ദുല്‍ ഹുലൈഫ
ദുല്‍ ഹുലൈഫ മദീനക്കാരുടെയും ഈ വഴി വരുന്നവരുടെയും മീഖാത്താണ്. മസ്ജിദുന്നബവിയില്‍ നിന്ന് ഏകദേശം പതിമൂന്ന് കിലോമീറ്റര്‍ ദൂരമുണ്ട് ദുല്‍ഹുലൈഫയിലേക്ക്. മക്കയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ദുരമുള്ള മീഖാത്തും ഇത് തന്നെയാണ്.
ദുല്‍ ഹുലൈഫക്കും, മക്കക്കുമിടയില്‍ ഏകദേശം 420 കിലോമീറ്ററിന്‍റെ ദൂരമാണുള്ളത്. ഇന്നിത് ‘അബിയാര്‍ അലി’ എന്ന പേരിലാണ് അറിയപ്പെടുന്നത്.
അല്‍ജുഹ്ഫ
റാബിഗിനടുത്തുള്ള ഒരു ഗ്രാമമാണിത്. ജനങ്ങള്‍ ഇന്ന് ഇതിന്‍റെ വളരെ അടുത്തുള്ള റാബിഗില്‍ നിന്നാണ് ഇഹ്‌റാം കെട്ടാറുള്ളത്. മക്കയില്‍ നിന്ന് ഇവിടേക്ക് ഏകദേശം 208 കിലോമീറ്റര്‍ ദൂരമുണ്ട്.
ഇത് ശാമുകാരുടെയും, ഈജിപ്ത്കാരുടെയും, സൌദി അറേബ്യയിലെ വടക്ക് ഭാഗത്ത് താമസിക്കുന്നവരുടെയും, വടക്ക് പടിഞ്ഞാറ് ഭാഗത്തുള്ള ആഫ്രിക്കന്‍ രാജ്യക്കാരുടെയും, ഈ വഴി വരുന്നവരുടെയും മീഖാത്താണ്.
ഖര്‍നുല്‍ മനാസില്‍
‘സയ്‌ലുല്‍ കബീര്’ എന്നാണ് ഖര്‍നുല്‍ മനാസില്‍ ഇന്ന് അറിയപ്പെടുന്നത്. മക്കയില്‍ നിന്ന് ഇവിടേക്ക് ഏകദേശം 78 കിലോമീറ്റര്‍ ദൂരമുണ്ട്. നജ്ദ്കാരുടെയും, ഖലീജിന്‍റെ കിഴക്കന്‍ പ്രവിശ്യക്കാരുടെയും, ഇറാഖ് കാരുടെയും, ഇറാന്‍കാരുടെയും ഇത് വഴി പോകുന്ന മറ്റുള്ളവരുടെയും മീഖാത്താണ് ഖര്‍നുല്‍ മനാസില്‍.
ഇപ്പോള്‍ ഇതിനോട് ചേര്‍ന്നാണ് അല്‍ഹുദായുടെ വഴിയിലുള്ള ത്വഇഫിന് പടിഞ്ഞാറ് ഭാഗത്ത് സ്ഥിതിചെയ്യുന്ന് വാദി മഹ്‌റം എന്ന മീഖാത്തുള്ളത്. ഇവിടേക്ക് മക്കയില്‍ നിന്ന് ഏകദേശം 75 കിലോമീറ്റര്‍ ദൂരമുണ്ട്. ഇവിടെയാണ് ത്വഇഫുകാരുടെയും ഈ വഴി വരുന്നവരുടെയും മീഖാത്ത്. എന്നല്‍ ഇതൊരു സ്വതന്ത്ര മീഖാത്തല്ലെന്നാണ് പറയപ്പെടുന്നത്.
യലംലം
യലം-ലം ഇന്ന് അറിയപ്പെടന്നത് ‘സഹദിയ’ എന്നാണ്. ഇവിടേക്ക് മക്കയില്‍ നിന്ന് ഏകദേശം 120 കിലോമീറ്റര്‍ ദൂരമുണ്ട്. ഇവിടേക്ക് യമന്‍കാരുടെയും, ഈ വഴിയിലൂടെ വരുന്ന മറ്റു യാത്രക്കാരുടെയും മീഖാത്താകുന്നു ഇത്.
ദാതുഇര്‍ഖ്
ഇറാഖുകാരുടെയും, കിഴക്കന്‍ രാജ്യക്കാരുടെയും മീഖാത്താണിത്. എന്നാല്‍ ഇന്ന് ഈ വഴിയിലൂടെ പ്രവേശനമില്ലാത്തത് കാരണം ഉപേക്ഷിക്കപ്പെട്ടിരിക്കയാണ്. ഇവിടേക്ക് മക്കയില്‍ നിന്ന് ഏകദേശം 100 കിലോമീറ്റര്‍ ദൂരമുണ്ട്. ഇറാഖുകാരും, കിഴക്കന്‍ രാജ്യക്കാരും ഇന്ന് ഇഹ്‌റാം ചെയ്യാറുള്ളത് സൈയ്‌ലുല്‍ കബീറില്‍ നിന്നോ, ദുല്‍ ഹുലൈഫയില്‍ നിന്നോ ആണ്.
അതേസമയം, മക്കയില്‍ താമസിക്കുന്നവര്‍ ഇഹ്‌റാം കെട്ടേണ്ടത് അവരുടെ വീടുകളില്‍ നിന്നാണ്. ഉംറക്ക് ഇഹ്‌റാം കെട്ടേണ്ടത് തന്‍ഈമില്‍ നിന്നോ, ഹറമിന്‍റെ പരിധിയുടെ പുറത്ത് നിന്നോ ആകാം.