Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹജ്ജ് എത്ര വിധത്തില്‍ ചെയ്യാം

ഇസഹാഖ് മുഹമ്മദ്

ഹജ്ജ് എത്ര വിധത്തില്‍ ചെയ്യാം
ഇസ്ലാമിക നിയമപ്രകാരം ഹജജ്‌ മൂന്ന്‌ വിധത്തില്‍ ചെയ്യാവുന്നതാണ്‌. ഒരാള്‍ ഏത്‌ വിധത്തില്‍ ഹജ്ജ് ചെയ്താലും അത് സ്വീകാര്യമായിരിക്കും. ഹജ്ജിന്‍റെ മൂന്ന് രൂപങ്ങള്‍ ഇവയാണ്, 1. തമത്തുഹ്, 2. ഖിറാന്‍, 3. ഇഫ്റാദ്.

തമത്തുഹ്

ഹജജിനോട് ബന്ധപ്പെട്ട മാസങ്ങളായ ശവ്വാല്‍, ദുല്‍ഖഅദ, ദുല്‍ഹജജിലെ ആദ്യത്തെ പത്ത്‌ എന്നി‍വയില്‍ മീഖാത്തില്‍ വെച്ച്‌ ‘ല ബ്ബൈക ഉംറതന്‍’ എന്ന് പറഞ്ഞ്‌ ഉംറക്ക്‌ മാത്രമായി ഇഹ്‌റാമില്‍ പ്രവേശിക്കുക.

എന്നിട്ട്‌ ഉംറയുടെ കര്‍മ്മങ്ങളായ ത്വവാഫും, സഹ്‌യും ചെയ്ത്‌, മുടി വടിക്കുകയോ, വെട്ടുകയോ ചെയ്ത്‌ ഉംറയില്‍ നിന്നും തഹല്ലുലാവുക. അതോടുകൂടി ഇഹ്‌റാമില്‍ നിഷിദ്ധമായിരുന്ന എല്ലാ കാര്യങ്ങളും തീര്‍ഥാടകന്‌ അനുവദനീയമാവുന്നതാണ്‌.

പിന്നീട്‌ ദുല്‍ഹജ്ജ് എട്ടിന്‌ അയാള്‍ എവിടെയാണോ താമസിക്കുന്നത്‌ അവിടെ നിന്നും ‘ലബ്ബൈക ഹജ്ജന്‍‘ എന്ന് പറഞ്ഞ്‌ കൊണ്ട്‌ ഹജജിന്‌ ഇഹ്‌റാം കെട്ടുക. മുതമത്തിഹായി ഹജജ്‌ ചെയ്യുന്നവന്‍ നിര്‍ബന്ധമായും ബലിയറുക്കേണ്ടതുണ്ട്‌.

അത്‌ ആടിനെയോ ഏഴ്‌ പേര്‍ കൂടിച്ചേര്‍ന്ന്‌ ഒട്ടകത്തേയോ പശുവിനേയോ അറുക്കാവുന്നതാണ്‌. ഇതിന്‌ സാധ്യമല്ലായെങ്കില്‍ ഹജജിന്‍റെ ദിവസങ്ങളില്‍ മൂന്ന്‌ നോമ്പും, തന്‍റെ കുടുംബത്തിലേക്ക്‌ മടങ്ങിയാല്‍ ഏഴ്‌ നോമ്പും അനുഷ്ടിക്കേണ്ടതാണ്‌.


ഖിറാന്‍

ഹജജിന്‍റെ മാസങ്ങളില്‍ മീഖാത്തില്‍ വെച്ച്‌ ഹജജിനും ഉംറക്കും ഒരുമിച്ച്‌, ‘ലബ്ബൈക ഉംറതന്‍ വ ഹജ്ജന്‍‍’ എന്ന്‌ നിയ്യത്ത്‌ ചെയ്ത്‌ കൊണ്ട്‌ ഇഹ്‌റാമില്‍ പ്രവേശിക്കുക, എന്നിട്ട്‌ മക്കയില്‍ പ്രവേശിച്ചാല്‍ ഉംറയുടെ ത്വവാഫ്‌ ചെയ്യുക, തുടര്‍ന്ന് ഉംറക്കും, ഹജജിനും കൂടി ഒരു സഹ്‌യ്‌ നടത്തുക.

എന്നി‍ട്ട്‌ മുടിവടി ക്കുകയോ, വെട്ടുകയോ ചെയ്യാതെ ഇഹ്‌റാമില്‍ തന്നെ നില്‍ക്കുക. തുടര്‍ന്ന് ദുല്‍ ഹജ്ജ്: എട്ടിന്‌ അവന്‍ മിനയിലേക്ക്‌ പുറപ്പെടുകയും ഹജജിന്‍റെ ബാക്കി കര്‍മ്മങ്ങള്‍ പുര്‍ത്തിയാക്കുകയും ചെയ്യുക, ഇങ്ങനെ ഖാരിനായി ഹജജ്‌ ചെയ്യുന്നവരും മുതമത്തിഹിനെ പോലെ ബലിയറുക്കല്‍ നിര്‍ബന്ധമാണ്‌.

ഇതിന്‌ സാധ്യമല്ലെങ്കില്‍ ഹജജിന്‍റെ ദിവസങ്ങളില്‍ മൂന്ന്‌ നോമ്പും, തന്‍റെ കുടുംബത്തിലേക്ക്‌ മടങ്ങിയാല്‍ ഏഴ്‌ നോമ്പും അനുഷ്ഠിക്കേണ്ടതാണ്‌.

ഇഫ്‌റാദ്‌

ഹജജിന്‍റെ കാലത്ത്‌ മീഖാത്തില്‍ വെച്ച്‌ ‘ലബ്ബൈക ഹജ്ജന്‍’‌ പറഞ്ഞു കൊണ്ട് ഹജജിന്‌ മാത്രമായി ഇഹ്‌റാമില്‍ പ്രവേശിക്കുക. തുടര്‍ന്ന് ഖാരിനായി ഹജജ്‌ ചെയ്യുന്നവനെ പോലെ ചെയ്യുക.

ഖാരിനായവന് ബലിയറുക്കല്‍ നിര്‍ബന്ധമാണ്‌. എന്നാ‍ല്‍ മുഫ്‌റദായി ഹജജ്‌ ചെയ്യുന്നവര്‍‌ ബലിയറുക്കല്‍ നിര്‍ബന്ധമില്ല. ബലിമൃഗം കൊണ്ട്‌ വരാത്തവര്‍ക്ക്‌ തമത്തുഹായ ഹജജാണ്‌ ഏറ്റവും ഉത്തമം.

Share this Story:

Follow Webdunia malayalam