Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹജ്ജ്: ദൈവസന്നിധിയിലേക്കൊരു കാല്‍വെയ്പ്

ഇസഹാഖ് മുഹമ്മദ്

ഹജ്ജ്: ദൈവസന്നിധിയിലേക്കൊരു കാല്‍വെയ്പ്
ഇസ്ലാം മതത്തിന്‍റെ പഞ്ച സ്തംഭങ്ങളില്‍ ഒന്നാണ് ഹജ്ജ്. ഇസ്ലാം മത വിശ്വാസിയെ സംബന്ധിച്ചിടത്തോളം ദൈവസന്നിധിയിലേക്കുള്ള ഒരു കാല്‍-വയ്പ് കൂടിയാണ് ഹജ്ജ്.

അറബ് മാസത്തിലെ ദുല്‍ഹജ്ജ് മാസം 8 മുതല്‍ 12 വരെ മക്കയിലേക്ക് നടത്തുന്ന തീര്‍ത്ഥാടനത്തേയും, അതോടനുബന്ധിച്ചുള്ള ഒരു കൂട്ടം കര്‍മ്മങ്ങളെയുമാണ് ഹജ്ജ് എന്ന് പറയുന്നത്.

എല്ലാ വര്‍ഷവും ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ നിന്നായി ലക്ഷോപലക്ഷം പേര്‍ മക്കയില്‍ ഹജ്ജിനായി എത്തുന്നു. ഏറ്റവും കൂടുതല്‍ മുസ്ലിങ്ങള്‍ ഒത്തു ചേരുന്ന ലോകത്തിലെ ഏക തീര്‍ത്ഥാടന കേന്ദ്രം മക്കയാണ്. ഒരു പക്ഷേ ഇത് ലോകത്തിലെ തന്നെ ഏറ്റവും വലിയ തീര്‍ത്ഥാടകരുടെ സംഗമം ആയിരിക്കാം.


ഹജ്ജ് ചെയ്യേണ്ടവര്‍ ആരൊക്കെ?

ജീവിതത്തില്‍ ഒരിക്കല്‍, ബുദ്ധിയുള്ള, പ്രായപൂര്‍ത്തിയെത്തിയ, സ്വതന്ത്രനും, സാമ്പത്തിക-ശാരീരിക ശേഷിയുമുള്ള ഓരോ മുസ്ലിമിനും ഹജജ്‌ കര്‍മ്മം നിര്‍ബന്ധമാണ്.‌

സാമ്പത്തികപരമായി കഴിവുള്ളവര്‍ മാത്രം ഹജ്ജ് ചെയ്താല്‍ മതി. കഴിവില്ലാത്തവന്‍ കടം വാങ്ങി ഹജ്ജ് ചെയ്താല്‍ അത് സ്വീകരിക്കുന്നതല്ല. ജീവിതത്തിലെ സാമ്പത്തികപരമായ കടങ്ങളും ബാധ്യതകളും തീര്‍ത്തതിന് ശേഷം ഹജ്ജ് ചെയ്യാനാണ് ഇസ്ലാം ഉദ്ബോധിപ്പിക്കുന്നത്.

ഹജ്ജ്‌ ഒരു തവണ ചെയ്താല്‍ മതി. അധികം തവണ ചെയ്താല്‍ അത്‌ സുന്നത്ത്‌ മാത്രമാണ്‌'. സ്വഹീഹായ നബി വചനത്തിന്‍റെ അടിസ്ഥാനത്തില്‍ ഹജ്ജും ഉംറയും ജീവിതത്തിലൊരിക്കല്‍ മാത്രമേ നിര്‍ബന്ധമായി ചെയ്യേണ്ടതുള്ളു. ഒരിക്കല്‍ നബി (സ) പറയുകയുണ്ടായി, ഉംറ, അടുത്ത ഉംറ വരെ ഇടക്ക്‌ ചെയ്തുപോയ പാപങ്ങള്‍ക്ക്‌ പരിഹാരമാണ്‌.

ഇതുവരെ ഹജ്ജ്‌ ചെയ്യാത്തവര്‍ക്ക്‌ അതിനുള്ള സാമ്പത്തിക, ശാരീരിക കഴിവുണ്ടായാല്‍ ഉടനെ അതു നിര്‍വഹിക്കല്‍ നിര്‍ബ്ബന്ധമാണ്‌. ഇബ്നു അബ്ബാസ്‌ (റ)ല്‍ നിന്നു‍ദ്ധരിക്കപ്പെട്ട ഒരു ഹദീസ്‌ ഇപ്രകാരമാകുന്നു‍.' നബി (സ) പറഞ്ഞു: കഴിയും വേഗം ഹജ്ജ്‌ ചെയ്യുക. അവിചാരിതമായി തനിക്കെന്ത്‌ സംഭവിക്കുമെന്ന്‌ നിങ്ങളില്‍ ആര്‍ക്കും അറിഞ്ഞുകൂടാ’.

ജനങ്ങളില്‍ കഴിവുള്ളവര്‍ കഹ്ബ ദര്‍ശിക്കല്‍, അതായത് ഹജ്ജ്‌ ചെയ്യണമെന്നത്‌ അവര്‍ക്ക്‌ അല്ലാഹുവോടുള്ള കടപ്പാടാണ്‌. വിശുദ്ധ ഖുര്‍ആനും, തിരുസുന്നത്തും നിര്‍ദ്ദേശിക്കുന്നവിധം, പരിപൂര്‍ണമായ രൂപത്തില്‍ അല്ലാഹുവിന്‌ വേണ്ടി നിഷ്കളങ്കമായി നിര്‍വ്വഹിച്ച ഹജജിനും, ഉംറക്കും അല്ലാഹുവിന്‍റെയടുത്ത്‌ വളരെയധികം പുണ്യമാണുള്ളത്‌.

ഇതിന്‍റെ ആശയം, ഹജ്ജ് ചെയ്തവന്‍റെ എല്ലാ പാപങ്ങളും പൊറുക്കപ്പെട്ട്‌, പാപ രഹിതനായ ഒരു നവജാത ശിശുവിനെ പോലെ അവന്‍ ആയിത്തീരും എന്നതാണ്‌.


Share this Story:

Follow Webdunia malayalam