ശൈത്യകാലമായിട്ടും പഴയപടി തന്നെയാണോ കാര്യങ്ങള്‍ ? എങ്കില്‍ എട്ടിന്റെ പണികിട്ടാന്‍ സാധ്യതയുണ്ട് !
ശൈത്യകാലത്തെ ആരോഗ്യ സംരക്ഷണം
ഭാരതത്തിലെ പ്രാചീനമായ ഒരു രോഗചികിത്സാശാസ്ത്രമാണ് ആയുര്‍വേദം. പല തരത്തിലുള്ള ഔഷധ സസ്യങ്ങളും, സുഗന്ധദ്രവ്യങ്ങളുമെല്ലാം ചേര്‍ത്താണ് പല ആയുര്‍വേദ ഔഷധങ്ങളും നിര്‍മ്മിക്കുന്നത്. ഇവ കഴിക്കുന്നതുമൂലം ഒരു തരത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാകുകയില്ലയെന്നു മാത്രമല്ല മികച്ച ഫലം നല്‍കുകയും ചെയ്യുന്നവയാണ്. ശരീരത്തിലെ എല്ലാ അവയവങ്ങള്‍ക്കും ഉതകുന്ന രീതിയിലുള്ള ആയുര്‍വേദ ചികിത്സകള്‍ നിലവിലുണ്ട്.
ശരീരത്തിലെ വളരെ സൂക്ഷ്മമായ ഒരവയവമാണ് ചര്‍മ്മം. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ മൂലവും മാലിന്യങ്ങള്‍, അണുബാധ എന്നിവയിലൂടെയെല്ലാം ചര്‍മ്മത്തിലെ കോശങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചേക്കും. ശീതകാലത്ത് അനുഭവപ്പെടുന്ന തണുപ്പ് ചര്‍മ്മത്തെ പരുക്കനും വരണ്ടതുമാക്കും. തണുപ്പ് കാലത്തുണ്ടാകുന്ന ചര്‍മ്മസംബന്ധമായ എല്ലാ തരത്തിലുള്ള രോഗങ്ങള്‍ക്കും വളരെ ഫലപ്രദമായ ഒന്നാണ് ആയുര്‍വേദ ചികിത്സ.
പാദങ്ങളും ചുണ്ടുകളും വിണ്ടുകീറുക, ചര്‍മ്മത്തിന്റെ കട്ടി കൂടുക എന്നിങ്ങനെയുള്ള പലതരത്തിലുള്ള ചര്‍മ്മ സംബന്ധമായ പ്രശ്നങ്ങളും തണുപ്പ് കാലത്ത് നേരിടാറുണ്ട്. എന്നാല്‍ ഇത്തരം പ്രശ്നങ്ങള്‍ക്കെല്ലാം നിരവധി ചികിത്സകള്‍ ആയുര്‍വേദത്തിലുണ്ട്. ആ രീതികള്‍ പരീക്ഷിക്കുന്നതിലൂടെ ചര്‍മ്മത്തെ തിളക്കമാര്‍ന്നതും മൃദുലവുമാറ്റി മാറ്റാന്‍ സാധിക്കും. എന്തെല്ലാമാണ് ആ ചികിത്സകളെന്ന് നോക്കാം
വരണ്ട് പരുക്കനായ ചര്‍മ്മത്തിന് ആയുര്‍വേദം നിര്‍ദേശിക്കുന്ന ഒരു പരിഹാരമാണ് ചൂടുള്ള എണ്ണ കൊണ്ടുള്ള മസാജ്. ബ്രഹ്മി, വേപ്പ് പോലുള്ള ഔഷധ സസ്യങ്ങള്‍ ഉപയോഗിച്ച് ചൂടാക്കിയ എണ്ണകളാണ് ഇതിനായി ഉപയോഗിക്കുക. ഇത്തരത്തില്‍ മസാജ് ചെയ്യുന്നത് മൂലം ചര്‍മ്മത്തില്‍ ജലാംശം നിലനില്‍ക്കുകയും ചര്‍മ്മത്തെ മൃദുവാക്കി മാറ്റുകയും ചെയ്യും.
തണുപ്പ് കാലത്ത് നഷ്ടമാകുന്ന ജലാംശം വീണ്ടെടുക്കുന്നതിന്‍ ആയുര്‍വേദ ഔഷധങ്ങളായ പനിനീര്, നെല്ലിക്ക, കറ്റാര്‍വാഴ, മഞ്ഞള്‍ എന്നിവ ചേര്‍ത്ത് നിര്‍മിക്കുന്ന ഫേസ് മാസ്കോ, ഫേസ് പായ്ക്കോ ഉപയോഗിക്കാവുന്നതാണ്. പാലും പനിനീരും ചേര്‍ത്ത് ദിവസവും മുഖത്ത് തേക്കുന്നതുമൂലം ഡ്രൈസ്കിന്‍ പ്രശ്നം ഇല്ലാതാവുകയും മുഖകാന്തി വര്‍ദ്ധിക്കുകയും ചര്‍മ്മത്തില്‍ നനവ് നിലനില്‍ക്കുകയും ചെയ്യും.
ശൈത്യകാലത്ത് പ്രധാനമായ ഒന്നാണ് ആരോഗ്യകരമായ ഭക്ഷണം. ശരീരത്തിലെ വിഷാംശങ്ങള്‍ ആഗിരണം ചെയ്യാനും പുറന്തള്ളാനുമുള്ള കഴിവ് നെല്ലിക്ക, ശതാവരി, ത്രിഫല, അമുക്കരം എന്നിവയ്ക്കുണ്ട്. അതിനാല്‍ ഈ ഔഷധങ്ങളെല്ലാം ഭക്ഷണത്തില്‍ ഉള്‍പെടുത്തുന്നത് വളരെ ഉത്തമമാണ്. ചര്‍മ്മത്തില്‍ സ്വഭാവികമായ നനവ് നിലനിര്‍ത്താന്‍ പഴങ്ങള്‍ സഹായിക്കുമെന്നതിനാല്‍ പഴങ്ങളും ഇക്കാലങ്ങളില്‍ ശീലമാക്കണം.
ധാരാളം വെള്ളം കുടിക്കുക എന്നതും ചര്‍മ്മസംരക്ഷണകാര്യ്ത്തില്‍ വളരെ പ്രധാനമാണ്. വെള്ളം ധാരാളമായി കുടിക്കുന്നത് മൂലം ചര്‍മ്മത്തിന് ആരോഗ്യവും മൃദുത്വവും പ്രധാനം ചെയ്യും. ആയുര്‍വേദ വിധിപ്രകാരം എല്ലാ ശാരീരിക തകരാറുകള്‍ക്കുമുള്ള ഒരു ഉത്തമ പരിഹാരമാണ് ജലം. ശൈത്യകാലങ്ങളില്‍ ദിവസവും എട്ടുമുതല്‍ പത്ത് വരെ ഗ്ലാസ്സ് വെള്ളമെങ്കിലും കുടിക്കണമെന്നും ആയുര്‍വേദം പറയുന്നു.
ശൈത്യകാലങ്ങളില്‍ കടുപ്പമേറിയ സോപ്പുകള്‍ ഉപയോഗിച്ചുള്ള കുളി ഒഴിവാക്കണമെന്നാണ് ആയുര്‍വേദം നിര്‍ദേശിക്കുന്നത്. സോപ്പില്‍ അടങ്ങിയിരിക്കുന്ന പല രാസവസ്തുക്കളും ചര്‍മ്മത്തിലെ ജലാംശം നഷ്ടമാക്കുന്നതിനും മൃദുത്വം നഷ്ടമാവുന്നതിനും കാരണമായേക്കും. ഈ കാലഘട്ടത്തില്‍ സോപ്പിന് പകരം പാല്‍, ക്രീം, മഞ്ഞള്‍ പൊടി, കടലമാവ് തുടങ്ങിയവ ഉപയോഗിക്കുന്നതിലൂടെ ചര്‍മ്മത്തെ മൃദുലമാക്കാനും സഹായിക്കും.