ശ്വാസനാളത്തില്‍ എന്തെങ്കിലും കുടുങ്ങിയോ? ആദ്യം ചെയ്യേണ്ടത് ഇങ്ങനെ; ഡോക്ടറുടെ കുറിപ്പ്

കേള്‍ക്കുമ്പോള്‍ നിസാരമെന്ന് തോന്നുമെങ്കിലും നിമിഷനേരം കൊണ്ട് ഒരു ജീവന്‍ നഷ്ടപ്പെട്ടു പോയേക്കാവുന്ന ഗുരുതരമായ സംഭവമാണ് ചോക്കിംഗ് അഥവാ ശ്വാസനാളത്തില്‍ എന്തെങ്കിലും വസ്തു കുടുങ്ങുന്നത്

രേണുക വേണു
വ്യാഴം, 18 സെപ്‌റ്റംബര്‍ 2025 (21:35 IST)
ശ്വാസനാളത്തില്‍ ഭക്ഷണമോ മറ്റു വസ്തുക്കളോ കുടുങ്ങിയാല്‍ ചെയ്യേണ്ട പ്രാഥമിക ചികിത്സയെ കുറിച്ച് വിവരിച്ച് ഡോക്ടര്‍ മനോജ് വെള്ളനാട്. എങ്ങനെയാണ് ഹൈംലിച് മാനുവര്‍ ചെയ്യേണ്ടതെന്നും ഏതൊക്കെ സാഹചര്യത്തിലാണ് ചെയ്യേണ്ടതെന്നും മനോജ് വെള്ളനാട് ഈ പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. 
 
പോസ്റ്റ് വായിക്കാം 
 
ഇന്ന് രാവിലെ ഉറക്കമുണര്‍ന്നത് മന്ത്രി വി.ശിവന്‍കുട്ടി ഷെയര്‍ ചെയ്ത ഒരു വീഡിയോ കണി കണ്ടുകൊണ്ടാണ്. കണ്ണൂരില്‍ ഒരു വഴിവക്കില്‍ വച്ച് ഒരു കൊച്ചു പെണ്‍കുട്ടിയുടെ തൊണ്ടയില്‍ ബബിള്‍ഗം കുടുങ്ങുന്നു. ഉടനെ അവള്‍ അടുത്തുകണ്ട ചില ചെറുപ്പക്കാരോട് സഹായം ആവശ്യപ്പെടുന്നു. അവര്‍ ഹൈംലിച് മാനുവര്‍ (Heimlich Maneuver) എന്ന ടെക്‌നിക്ക് ഉപയോഗിച്ച് ആ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കുന്നു. കണ്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നിയ വീഡിയോ.
 
കേള്‍ക്കുമ്പോള്‍ നിസാരമെന്ന് തോന്നുമെങ്കിലും നിമിഷനേരം കൊണ്ട് ഒരു ജീവന്‍ നഷ്ടപ്പെട്ടു പോയേക്കാവുന്ന ഗുരുതരമായ സംഭവമാണ് ചോക്കിംഗ് അഥവാ ശ്വാസനാളത്തില്‍ എന്തെങ്കിലും വസ്തു കുടുങ്ങുന്നത്. എത്രയോ ജീവനുകള്‍ അങ്ങനെ നഷ്ടപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ചും ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍. 'കഫേ കൊറോണറി' എന്നാണ് ഇതിന്റെ മറ്റൊരു പേര്. റെസ്റ്റോറന്റുകളില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന ആള്‍ക്കാര്‍ പെട്ടെന്ന് കുഴഞ്ഞു വീണ് മരിക്കുകയും അത് ഹാര്‍ട്ട് അറ്റാക്ക് കാരണം ആണെന്ന് തെറ്റിദ്ധരിക്കുകയും ചെയ്യുന്നത് ഒരു കാലത്ത് സ്വാഭാവികമായിരുന്നു. അങ്ങനെ വന്ന പേരാണ് 'കഫേ കൊറോണറി'. കുറച്ച് വര്‍ഷം മുമ്പ് തൃശൂരിലെ ഒരു മാളില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന ഒരു വനിതാ ഡോക്ടര്‍ ഇതുപോലെ മരിച്ചത് ഇപ്പൊഴും ഓര്‍ക്കുന്നു. 
 
ഇത്തരം സന്ദര്‍ഭങ്ങളില്‍ ജീവന്‍ രക്ഷിക്കാന്‍ ഉപയോഗിക്കുന്ന ഒരു പ്രഥമ ശുശ്രൂഷാ രീതിയാണ് ഹൈംലിച് മാനുവര്‍. ഡോ. ഹെന്റി ഹൈംലിച് എന്ന അമേരിക്കന്‍ ഡോക്ടറാണ് ഈ വിദ്യ വികസിപ്പിച്ചത്. 1972-ല്‍, ചോക്കിങ്ങിനെക്കുറിച്ചുള്ള ഒരു ലേഖനം വായിച്ചതിനെത്തുടര്‍ന്ന്, പ്രതിവര്‍ഷം നിരവധി ആളുകള്‍ ചോക്കിങ് മൂലം മരിക്കുന്നുവെന്ന് മനസ്സിലാക്കിയ ഡോ. ഹൈംലിച് അതിനൊരു പരിഹാര മാര്‍ഗത്തെ പറ്റി ഗൗരവകരമായി ചിന്തിച്ചു തുടങ്ങി. ശ്വാസനാളത്തില്‍ എന്തെങ്കിലും കുടുങ്ങിയാല്‍ പുറകില്‍ തട്ടുന്ന ഒരു രീതിയാണ് അന്ന് നിലവിലുണ്ടായിരുന്നത്. എന്നാല്‍ ഈ രീതി പലപ്പോഴും ഫലപ്രദമായിരുന്നില്ല. ചിലപ്പോള്‍ ഇത് സ്ഥിതി കൂടുതല്‍ വഷളാക്കുകയും ചെയ്യും. അങ്ങനെയാണ് ശ്വാസകോശത്തിനുള്ളിലുള്ള വായു ഉപയോഗിച്ച് ആ വസ്തുവിനെ പുറത്തേക്ക് തള്ളാനുള്ള ഒരു രീതി വികസിപ്പിക്കുന്നതിനെ പറ്റി അദ്ദേഹം ആലോചിച്ചു തുടങ്ങിയത്. അദ്ദേഹം ആദ്യം അനസ്തീഷ്യ കൊടുത്ത നായകളിലാണ് ഈ ടെക്‌നിക്ക് പരീക്ഷിക്കുന്നത്. അത് സക്‌സസായി. രോഗിയുടെ പിറകില്‍ നിന്നും വയറില്‍ ശക്തമായി അമര്‍ത്തി തൊണ്ടയില്‍ കുടുങ്ങിയ വസ്തുക്കള്‍ പുറത്തേക്കെടുക്കാം എന്ന് അദ്ദേഹം കണ്ടെത്തുന്നത് അങ്ങനെയാണ്. 
 
1974-ല്‍ 'എമര്‍ജന്‍സി മെഡിസിന്‍' എന്ന ജേര്‍ണലില്‍ തന്റെ കണ്ടുപിടിത്തത്തെക്കുറിച്ച് ഒരു ലേഖനം അദ്ദേഹം പ്രസിദ്ധീകരിച്ചു. 'പോപ്പ് ഗോസ് ദി കഫേ കൊറോണറി' എന്നായിരുന്നു ആ ലേഖനത്തിന്റെ തലക്കെട്ട്. തുടക്കത്തില്‍ വൈദ്യലോകം ഈ പുതിയ രീതിയെ അത്ര പെട്ടെന്ന് അംഗീകരിച്ചില്ല. എന്നാല്‍ ഈ രീതി ഉപയോഗിച്ച് ആളുകള്‍ക്ക് ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞ സംഭവങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നപ്പോള്‍ ഇതിന് കൂടുതല്‍ സ്വീകാര്യത ലഭിച്ചു. പിന്നീട് ഈ വിദ്യ ലോകമെമ്പാടും അംഗീകരിക്കപ്പെടുകയും, പ്രഥമ ശുശ്രൂഷാ പരിശീലനങ്ങളുടെ ഭാഗമാവുകയും ചെയ്തു.
 
ഇന്നോളം ലോകത്തെമ്പാടും ഒരുപാട് മനുഷ്യരുടെ ജീവന്‍ രക്ഷിച്ചിട്ടുള്ള, എല്ലാവരും അറിഞ്ഞിരിക്കേണ്ട, ശരിക്കും സ്‌കൂള്‍ തലം മുതല്‍ പഠിപ്പിക്കേണ്ട ഒരു ഫസ്റ്റ് എയ്ഡ് ആണ് ഹെംലിച്ച് മെനുവര്‍. അമേരിക്കന്‍ പ്രസിഡന്റായിരുന്ന റൊണാള്‍ഡ് റീഗന്‍, നടിയായിരുന്ന എലിസബത്ത് ടെയിലര്‍ തുടങ്ങി പ്രമുഖരും പ്രശസ്തരുമായ പലരും ഈ വിധം ജീവിതത്തിലേക്ക് കടന്നു വന്നവരാണ്. 
 
ഹൈംലിക്ക് മാനുവര്‍ എങ്ങനെ ചെയ്യണം?
 
ഒരാള്‍ക്ക് തൊണ്ടയില്‍ എന്തെങ്കിലും കുടുങ്ങി ശ്വാസംമുട്ടല്‍ ഉണ്ടാകുകയാണെങ്കില്‍, അവര്‍ക്ക് സംസാരിക്കാനോ, ചുമക്കാനോ, ശ്വാസമെടുക്കാനോ കഴിയുന്നില്ലെങ്കില്‍ മാത്രമേ ഈ രീതി ഉപയോഗിക്കാവൂ. ഭാഗികമായി മാത്രം ശ്വാസംമുട്ടല്‍ ഉള്ള ഒരാളോട് ചുമയ്ക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതാണ് നല്ലത്. വ്യക്തി അബോധാവസ്ഥയില്‍ ആണെങ്കിലും ചെയ്യരുത്.
 
ഹൈംലിക്ക് മാനുവര്‍ ചെയ്യേണ്ടത് എങ്ങനെയാണെന്ന് ചുരുക്കി പറയാം. 
 
തൊണ്ടയില്‍ വസ്തു / ഭക്ഷണം കുടുങ്ങിയ ആളുടെ പുറകില്‍ പോയി നില്‍ക്കുക. രോഗിയുടെ ശരീരത്തിന് ചുറ്റും നിങ്ങളുടെ കൈകള്‍ കോര്‍ത്ത് പിടിക്കുക.
 
കൈകളുടെ സ്ഥാനം - ഒരു കൈകൊണ്ട് ഒരു മുഷ്ടി ചുരുട്ടുക. ഈ മുഷ്ടി വയറിന്റെ മുകള്‍ഭാഗത്ത്, പൊക്കിളിന് മുകളിലും വാരിയെല്ലിന് താഴെയുമായി വെക്കുക. മറ്റേ കൈകൊണ്ട് ഈ മുഷ്ടി മുറുകെ പിടിക്കുക.
 
തള്ളല്‍: മുഷ്ടി ഉപയോഗിച്ച് വയറിന് ഉള്ളിലേക്ക്, അകത്തേക്കും മുകളിലേക്കും ശക്തിയായി തള്ളുക. ഒരു 'J' ആകൃതിയില്‍ ഉള്ള തള്ളലാണ് വേണ്ടത്.
 
ഈ തള്ളല്‍ 5 തവണ ആവര്‍ത്തിക്കുക.
 
കുടുങ്ങിയ വസ്തു പുറത്തേക്ക് വന്നാലോ, അല്ലെങ്കില്‍ ആ വ്യക്തിക്ക് സംസാരിക്കാനോ, ചുമക്കാനോ, ശ്വാസമെടുക്കാനോ കഴിഞ്ഞാലോ ഈ പ്രക്രിയ നിര്‍ത്താം. ഈ ശ്രമങ്ങള്‍ക്കൊന്നും ഫലം കണ്ടില്ലെങ്കില്‍, ഉടന്‍ തന്നെ വൈദ്യസഹായം തേടണം.
 
ഇനി അയാള്‍ അബോധാവസ്ഥയില്‍ ആണെങ്കില്‍ മിക്കവാറും ഹൃദയസ്തംഭനത്തിലേക്ക് എത്തിയിട്ടുണ്ടാവും. ഉടന്‍ CPR (നെഞ്ചമര്‍ത്തി, വായിലൂടെ ശ്വാസം നല്‍കുന്ന ജീവന്‍ രക്ഷാമാര്‍ഗം) തുടങ്ങണം. എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കുകയും വേണം. 
 
അതുപോലെ ഒരു വയസിന് താഴെയുള്ള കുട്ടികളിലും ഹൈംലിച് മനൂവര്‍ ശുപാര്‍ശ ചെയ്യുന്നില്ല; പകരം ബാക്ക്സ്ലാപ്പും ചെസ്റ്റ് ത്രസ്റ്റും ആണ് ചെയ്യേണ്ടത്.
 
ഇനി നിങ്ങള്‍ ഒറ്റയ്‌ക്കേ ഉള്ളെങ്കിലും സ്വയം നിങ്ങള്‍ക്കീ രീതി ഉപയോഗിക്കാവുന്നതാണ്. ഒരു കൈകൊണ്ട് മുഷ്ടി ഉണ്ടാക്കി, മറ്റേ കൈകൊണ്ട് പിടിക്കുക. മുഷ്ടി വാരിയെല്ലുകള്‍ക്കു താഴെയും പൊക്കിളിനു മുകളിലും ആയി വയ്ക്കുക. അകത്തേക്കും മുകളിലേക്കുമായി 5 ശക്തമായ ത്രസ്റ്റുകള്‍ നല്‍കുക. അതല്ലെങ്കില്‍ ഒരു ചെയര്‍, ടേബിള്‍ അതുമല്ലെങ്കില്‍ റെയിലിങ് എഡ്ജിനു നേരെ വയറിന്റെ മുകള്‍ഭാഗം ശക്തമായി അമര്‍ത്തി ത്രസ്റ്റ് ചെയ്യുക (ഇത് കൂടുതല്‍ ഫലപ്രദമായിരിക്കാം).
 
എന്തായാലും കണ്ണൂരിലെ ആ പെണ്‍കുട്ടിയുടെയും അവളുടെ ജീവന്‍ രക്ഷിച്ച ചെറുപ്പക്കാരുടെയും മനസാന്നിധ്യം അംഗീകരിച്ചേ പറ്റൂ. തനിക്കൊരു ഗുരുതര പ്രശ്‌നമുണ്ടെന്ന് കണ്ട് സഹായം തേടാന്‍ അവള്‍ കാണിച്ച മനസും ഉടനെ ആ പ്രശ്‌നമെന്തെന്ന് മനസിലാക്കി പരിഹാരം കാണാന്‍ ആ പയ്യന്മാര്‍ക്ക് കഴിഞ്ഞതും ഒക്കെ ആ പ്രസന്‍സ് ഓഫ് മൈന്‍ഡിന്റെ മികച്ച ഉദാഹരണങ്ങളാണ്. അവരെയെല്ലാം സ്‌നേഹ ബഹുമാനങ്ങളോടെ ഹഗ് ചെയ്യുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

റീ റിലീസ് ട്രെൻഡിൽ തിയേറ്റർ കത്തിക്കാൻ പോഞ്ഞിക്കരയും സംഘവും വരുന്നു, കല്യാണരാമൻ തിയേറ്ററുകളിലേക്ക്

ദീപാവലി ആഘോഷിച്ച് സെയ്ഫ് അലി ഖാനും കുടുംബവും ചിത്രങ്ങൾ

Women's ODI worldcup : ജയിക്കാവുന്ന മത്സരം കൈവിട്ടു, വനിതാ ലോകകപ്പിൽ ഇന്ത്യയ്ക്ക് തുടർച്ചയായ മൂന്നാം തോൽവി

Bramayugam: 'ഭ്രമയുഗം കണ്ട് അസൂയ തോന്നി, ഉറക്കം പോയി'; മമ്മൂട്ടി ചിത്രത്തെക്കുറിച്ച് മാരി സെൽവരാജ്

'ജസ്റ്റ് വൗ! ചില ഭാഗങ്ങൾ കണ്ടു, ഒരുങ്ങുന്നത് വമ്പൻ സംഭവം തന്നെ': അറ്റ്ലി-അല്ലു ചിത്രത്തെ കുറിച്ച് രൺവീർ സിങ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹാന്‍ഡ് സാനിറ്റൈസര്‍ ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്, നിരോധിക്കാനൊരുങ്ങി യൂറോപ്യന്‍ യൂണിയന്‍

നേരത്തെയുള്ള ആര്‍ത്തവവിരാമം, ഹൃദയാരോഗ്യക്കുറവ് എന്നിവ തലച്ചോറിനെ ബാധിക്കുമെന്ന് പഠനം

നിങ്ങള്‍ എത്ര കാലം ജീവിക്കുമെന്ന് പറയാന്‍ നിങ്ങളുടെ ഘ്രാണശക്തി സഹായിക്കുമെന്ന് ന്യൂറോബയോളജി വിദഗ്ദ്ധന്‍

ഹൈപ്പോനാട്രീമിയയെകുറിച്ച് അറിഞ്ഞിരിക്കണം; വെള്ളം ഒരുമിച്ച് കൂടുതല്‍ കുടിക്കരുത്

പ്രഭാതഭക്ഷണം ഒരിക്കലും കഴിക്കാത്ത 87% പേര്‍ക്കും ഹൃദയസംബന്ധമായ മരണ സാധ്യത കൂടുതലാണെന്ന് പഠനം

അടുത്ത ലേഖനം
Show comments