ഇന്നത്തെ തിരക്കേറിയ ലോകത്ത്, സമയപരിധി പാലിക്കുക, കുടുംബ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുക തുടങ്ങിയ കാര്യങ്ങള്‍ക്കായി ആരോഗ്യപ്രശ്‌നങ്ങള്‍ മാറ്റിവയ്ക്കുന്നത് എളുപ്പമാണ്. എളുപ്പത്തില്‍ അവഗണിക്കാവുന്ന ഒരു പ്രശ്‌നമാണ് ഹെര്‍ണിയ. ഹെര്‍ണിയയുമായി ബന്ധപ്പെട്ട വേദന മൂര്‍ച്ചയുള്ളതോ കുത്തുന്നതോ ആയിരിക്കണമെന്നില്ല. മിക്ക കേസുകളിലും വ്യക്തിക്ക് ചെറിയ സംവേദനം അനുഭവപ്പെടാം. ആ ഭാഗം വലിക്കുന്നത് പോലെ തോന്നാം. വ്യക്തി ദീര്‍ഘനേരം നില്‍ക്കുമ്പോഴോ വ്യായാമം ചെയ്യുമ്പോഴോ ഇരുന്ന് ജോലി ചെയ്യുമ്പോഴോ പോലും ഈ വേദന നേരിയതോ കഠിനമോ ആകാം.
ജിമ്മില്‍ ശാരീരികമായി അധ്വാനിക്കുന്നതോ ഭാരോദ്വഹനമോ ആയ ജോലികള്‍ ചെയ്യുന്നവര്‍ തങ്ങള്‍ അനുഭവിക്കുന്ന വേദനയെക്കുറിച്ച് ഒന്നും ചിന്തിച്ചേക്കില്ല. കാരണം അത് പേശിവേദനയായിരിക്കാമെന്നായിരിക്കും വിചാരിക്കുന്നത്. എന്നാല്‍ ഹെര്‍ണിയ വഷളാകുന്നതിനാല്‍ കാലക്രമേണ വേദന വര്‍ദ്ധിച്ചേക്കാം.
ചില ഹെര്‍ണിയകള്‍ ദഹനവുമായി ബന്ധപ്പെട്ട ലക്ഷണങ്ങള്‍ ഉണ്ടാക്കും. നെഞ്ചെരിച്ചില്‍ അല്ലെങ്കില്‍ വിഴുങ്ങല്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും. ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ ചിരിക്കുമ്പോഴോ ഭാരമുള്ള വസ്തു ഉയര്‍ത്തുമ്പോഴോ നിങ്ങള്‍ക്ക് അസ്വസ്ഥത അനുഭവപ്പെടുകയാണെങ്കില്‍ ശ്രദ്ധിക്കണം.