ഇടക്കിടയ്ക്ക് വെള്ളം കുടിക്കാതെയാണോ എസി മുറിയില്‍ ഇരുന്ന് ജോലി ചെയ്യുന്നത് ? എങ്കില്‍ പണികിട്ടും !
എസി സുഖകരം; ശീലമായാൽ അസുഖകരം
ആഡംബരത്തിന്റെ അടയാളമായിരുന്നു ഒരു കാലത്ത് എസി. പക്ഷേ, ഇക്കാലത്തെ കൊടുംചൂടിൽ എസി ഒരു അവശ്യഘടകമായി മാറിയ അവസ്ഥയാണുള്ളത്. വേനൽച്ചൂടു കൂടുന്ന വേളയില്‍ ഓഫീസുകളില്‍ മാത്രമല്ല വീടുകളും ഇന്ന് എസിയെയാണ് ആശ്രയിക്കുന്നത്. ശീതീകരിച്ച മുറികൾ തൊഴിലിടങ്ങളിൽ ജോലി ആയാസരഹിതമാക്കുകയും മനസിനും ശരീരത്തിനും കുളിർമ പകരുകയും ചെയ്യും. എന്നാല്‍ സ്‌ഥിരമായി എസി ഉപയോഗിക്കുന്നതു ഗുണത്തേക്കാൾ ഏറെ ദോഷകരമാണെന്നാണ് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. എന്തൊക്കെയായാലും സാങ്കേതിക വിദ്യയ്ക്കു ഗുണങ്ങലോടൊപ്പം ചില ദോഷങ്ങളുമുണ്ടെന്ന കാര്യം മറക്കരുത്.
വാസ്തവത്തിൽ ശീതികരിച്ച മുറി എന്നത് മരുഭൂമി പോലെ വരണ്ടിരിക്കുകയാണ് ചെയ്യുക. മുറിയിലെ താപനില കുറയ്ക്കുന്നതിനൊപ്പംതന്നെ, എസി മുറിയിലെ ജലാംശം വലിച്ചെടുക്കുകയും ചെയ്യുന്നതിനാലാണ് ഈ വരൾച്ച അനുഭവപ്പെടുന്നത്. വാസ്തവത്തിൽ മുറിയിലെ ഈർപ്പം മാത്രമല്ല അതിൽ കഴിയുന്ന മനുഷ്യരുടെ ചർമത്തിലെ ജലാംശവും എസി വലിച്ചെടുക്കുന്നുണ്ടെന്നതാണ് വസ്തുത. ഇതുമൂലം ചര്‍മ്മത്തിന് വരൾച്ച അനുഭവപ്പെടുകയും ചർമം വലിയുകയും ചെയ്യുന്നു. സ്‌ഥിരമായ എസിയുടെ ഉപയോഗം ചർമ സംബന്ധമായ പ്രശ്നങ്ങൾ വഷളാക്കുമെന്നാണ് ചർമാരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
മുറിയിൽ ജലാംശം കുറയുന്നതോടെ ചിലരിൽ വായ വരളുകയും ചുണ്ടു പൊട്ടുന്ന അവസ്ഥയുണ്ടാകുകയും ചെയ്യുന്നു. സ്ഥിരമായി എസി മുറികളിൽ കഴിയുന്നവര്‍ ഇടയ്ക്കിടെ വെള്ളം കുടിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ദാഹം അനുഭവപ്പെടുന്നില്ലെങ്കില്‍ കൂടി വെള്ളം കുടിക്കേണ്ടത് വളരെ അത്യാവശ്യമാണ്. എസിയുടെ പ്രവര്‍ത്തനത്തിലൂടെ നമ്മുടെ ശരീരത്തിൽ നിന്നു നഷ്‌ടമാകുന്ന വെള്ളം നികത്തുന്നതിന് അതു സഹായകമാകും. കൂടാതെ രക്‌തസഞ്ചാരം ശരിയായ തോതിൽ നിലനിർത്തുന്നതിനും ജലാംശം ആവശ്യമാണ്. ചർമത്തിന്റെ ഇലാസ്തിക സ്വഭാവം നിലനിർത്തുന്നതിനും അതു സഹായിക്കും.