Select Your Language

Notifications

webdunia
webdunia
webdunia
webdunia

എഴുന്നേല്‍ക്കൂ, നിങ്ങള്‍ക്ക് 24 മണിക്കൂറുകള്‍ കൂടി ലഭിച്ചിരിക്കുന്നു !

എഴുന്നേല്‍ക്കൂ, നിങ്ങള്‍ക്ക് 24 മണിക്കൂറുകള്‍ കൂടി ലഭിച്ചിരിക്കുന്നു !
, വ്യാഴം, 25 ജൂലൈ 2019 (15:18 IST)
രാവിലെ 11 മണി വരെ കിടന്നുറങ്ങുന്ന ഒരാളും പുലര്‍ച്ചെ നാലരയ്ക്ക് എഴുന്നേല്‍ക്കുന്ന ഒരാളും. ഈ രണ്ടുപേരെയും താരതമ്യപ്പെടുത്തിയാല്‍, ജീവിതവിജയത്തിന്‍റെ കാര്യത്തില്‍ 100 ശതമാനം മാര്‍ക്ക് ലഭിക്കുക അതിരാവിലെ എഴുന്നേല്‍ക്കുന്ന ആള്‍ക്കായിരിക്കും. നേരത്തേ എഴുന്നേല്‍ക്കുന്നതുകൊണ്ട് ഒരുപാട് ഗുണങ്ങളുണ്ടെന്ന് എല്ലാ‍വര്‍ക്കുമറിയാം. എഴുന്നേല്‍ക്കണമെന്ന് ആഗ്രഹവുമുണ്ട്. എന്നാല്‍ മടി കാരണം കഴിയാറില്ലെന്നതാണ് സത്യം. അലാറമൊക്കെ സെറ്റ് ചെയ്തുവച്ച് ഉറങ്ങാന്‍ കിടക്കും. അതിരാവിലെ കൃത്യസമയത്ത് അലാറമടിക്കും. നമ്മളോ? അത് ഓഫ് ചെയ്തുവച്ചിട്ട് വീണ്ടും സ്വപ്നംകണ്ടുറങ്ങും.
 
അതിരാവിലെ ഉണരണമെന്നും ജോലികള്‍ ചെയ്യാനാരംഭിക്കണമെന്നുമെല്ലാം നിങ്ങള്‍ക്ക് അതിയായ ആഗ്രഹമുണ്ടോ? അങ്ങനെയെങ്കില്‍ ചില മാര്‍ഗങ്ങളുണ്ട്.
 
ആന്‍ഡ്രോയിഡ് ഫോണില്‍ അലാറം സെറ്റുചെയ്ത് തലയിണയ്ക്കടിയില്‍ വച്ചുറങ്ങുന്ന രീതി ആദ്യമേ അവസാനിപ്പിക്കുക. വലിയ ശബ്ദമുയര്‍ത്തുന്ന അലാറം, കിടക്കുന്നതിന് വളരെ അകലെയായി സ്ഥാപിക്കുക. രണ്ടുമിനിറ്റ് ഇടവിട്ട് ശബ്ദം കൂടിക്കൂടി വരുന്ന രീതിയില്‍ അലാറമടിക്കുന്നതിനായി സെറ്റ് ചെയ്യുക.
 
ഉറങ്ങുന്നതിനുമുമ്പ്, പുലര്‍ച്ചെ എഴുന്നേറ്റാലുടന്‍ ചെയ്യേണ്ട ജോലികളുടെ ലിസ്റ്റ് തയ്യാറാക്കി മനസില്‍ ആവര്‍ത്തിച്ചുവായിക്കുക. ചെയ്യാന്‍ ഏറ്റവും ഇന്‍ററസ്റ്റുള്ള ജോലികളായിരിക്കണം പുലര്‍ച്ചെ ചെയ്യാനായി ചാര്‍ട്ട് ചെയ്യേണ്ടത്. ജീവിതത്തില്‍ വലിയ വിജയം നേടിയവരുടെ പ്രഭാതചര്യകളെക്കുറിച്ച് വായിക്കുന്നത് ശീലമാക്കുക. എല്ലാ ദിവസവും രാവിലെ ആ ദിവസത്തേക്കുറിച്ചുള്ള ചിന്തകള്‍, പ്രാധാന്യം എന്നിവ സംബന്ധിച്ച് കുറിപ്പെഴുതുന്നത് ശീലമാക്കുക.
 
എഴുന്നേറ്റാലുടന്‍ ഒരു ഗ്ലാസ് ശുദ്ധജലം കുടിക്കുകയും ശുദ്ധജലത്തില്‍ മുഖം കഴുകുകയും ചെയ്യുക. ആരോഗ്യത്തിന് അത് നല്ലതാണെന്നതിലുപരി, വീണ്ടും ഉറക്കത്തിലേക്ക് വീഴാനുള്ള സാധ്യത മാറ്റുകയും ചെയ്യാം.
 
നേരത്തേ എഴുന്നേല്‍ക്കുന്നത് ഒരു തെറ്റായ ശീലമാണെന്ന് ഒരിക്കലും മനസില്‍ തോന്നാന്‍ പാടില്ല. നമ്മുടെ ജീവിതത്തിന് ഒരു ദിവസം കൂടി ലഭിച്ചിരിക്കുന്നു. കഠിനമായി ജോലി ചെയ്യാന്‍, സ്മാര്‍ട്ടായി ജോലി ചെയ്യാന്‍, ബന്ധുക്കളോട് സംസാരിക്കാന്‍, അന്യരെ സഹായിക്കാന്‍, സൌഹൃദങ്ങള്‍ പുതുക്കാന്‍, ധനം സമ്പാദിക്കാന്‍, അപരിചിതരോടുപോലും പുഞ്ചിരിക്കാന്‍ എല്ലാം നിങ്ങള്‍ക്ക് 24 മണിക്കൂറുകള്‍ കൂടി ലഭിച്ചിരിക്കുന്നു എന്നാണ് കരുതേണ്ടത്. വെറുതെ ആലോചിച്ച് സമയം കളയാതെ, എന്തെങ്കിലും കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുക. നരേന്ദ്രമോദിയെ വിശേഷിപ്പിക്കുന്നത് ‘മാന്‍ ഓഫ് ആക്ഷന്‍’ എന്നാണ്. അതുപോലെ നിങ്ങളും പ്രവൃത്തിയുടെ മഹനീയതയില്‍ വിശ്വസിക്കുക.
 
മനസിന് ഉന്മേഷമേകുന്ന എന്തെങ്കിലും കളിയില്‍ ഏര്‍പ്പെടുന്നത് നല്ലതാണ്. ഒരു ദിവസത്തേക്കുമുഴുവനുമുള്ള ഊര്‍ജ്ജവും കരുത്തും ആ ഗെയിം പകര്‍ന്നുനല്‍കിയേക്കാം. തന്‍റെ സുഹൃത്തും, തന്നേപ്പോലെ തന്നെ മടിയനുമായ ഒരാളെ എണീറ്റയുടന്‍ ഫോണ്‍ ചെയ്യുകയോ മെസേജ് അയക്കുകയോ ചെയ്ത് അയാളെയും എഴുന്നേല്‍പ്പിക്കാം. ഒരുമിച്ച് ഓടാന്‍ പോകാന്‍ പ്ലാന്‍ ചെയ്യാം.
 
ഫേസ്ബുക്കിലും മറ്റും ‘ഗുഡ്മോണിംഗ് ചലഞ്ച്’ ഗ്രൂപ്പുകള്‍ ഉണ്ടാക്കാം. എഴുന്നേറ്റാലുടന്‍ ഗ്രൂപ്പിലേക്ക് സന്ദേശം അയക്കാം. എല്ലാവരുടെയും റിപ്ലേകള്‍ വന്നുതുടങ്ങുകയും ഒരു ചെറിയ ഡിസ്കഷന്‍ നടക്കുകയും ചെയ്താല്‍ നിങ്ങളുടെ ഉറക്കം പമ്പ കടക്കുകയും പിറ്റേദിവസവും അതേസമയത്ത് ഉണരാനുള്ള ആഗ്രഹമുണരുകയും ചെയ്യും.
 
അതിരാവിലെ ഉണരണമെന്ന് ആഗ്രഹിക്കുകയും ഉണരാന്‍ കഴിയാതിരിക്കുകയും ചെയ്യുന്നത് മടികൊണ്ടുമാത്രമല്ല. ചിലപ്പോള്‍ നിങ്ങള്‍ക്ക് രാത്രിയില്‍ മതിയായ ഉറക്കം കിട്ടുന്നുണ്ടാവില്ല. അങ്ങനെയെങ്കില്‍ നേരത്തേ കിടക്കാന്‍ ശ്രമിക്കുക. കഴിക്കുന്ന ആഹാരം നമ്മുടെ ഉറക്കത്തെ നിയന്ത്രിക്കുമെന്ന് അറിയാമോ? വ്യായാമം ചെയ്യാത്ത ശരീരത്തെ വേഗം ഉറക്കവും മടിയും പിടികൂടുമെന്ന് അറിയാമോ? ഡയറ്റിലും വ്യായാമത്തിലും പരമാവധി ശ്രദ്ധ കൊടുക്കാന്‍ ശ്രമിക്കണം.
 
എല്ലാ ദിവസവും ഒരേസമയം ഉണരാന്‍ ശ്രമിക്കുക. ഒരു ദിവസം നാലരയ്ക്ക് ഉണരുകയും അടുത്ത ദിവസം അത് അഞ്ചാകുകയും പിന്നീട് അഞ്ചരയാകുകയുമൊക്കെ ചെയ്യുന്നത് ശരിയല്ല. എന്നും ഒരേസമയത്ത് എഴുന്നേല്‍ക്കാന്‍ ശീലിക്കുക. 21 ദിവസം അതിനുവേണ്ടി ശ്രമിച്ചാല്‍ അതൊരു ശീലമാകുകയും പിന്നീടെന്നും നമ്മള്‍ പോലുമറിയാതെ ആ സമയത്ത് ഉണരാന്‍ കഴിയുകയും ചെയ്യും.
 
എഴുന്നേറ്റാലുടന്‍ ഒരു കോഫിയും കുടിച്ച് കുറച്ചുനേരം ചടഞ്ഞുകൂടിയിരിക്കുന്നത് തീരെ ശരിയല്ല. വേണമെങ്കില്‍ ആദ്യം ഒരു പുസ്തകം വായിക്കാം. ബൈബിള്‍ പോലുള്ള മതഗ്രന്ഥമാകാം. അല്ലെങ്കില്‍ നിങ്ങളെ ഇന്‍‌സ്പയര്‍ ചെയ്ത ആരുടെയെങ്കിലും ജീവചരിത്രമാകാം. ഏതെങ്കിലും സെല്‍ഫ് ഹെല്‍‌പ് ബുക്കാകാം. ഒരുണര്‍വ്വ് ലഭിച്ചുകഴിഞ്ഞാലുടന്‍ എക്സര്‍സൈസ് വസ്ത്രങ്ങള്‍ ധരിച്ച് ഒരു വാംഅപ് നടത്താം. ഊര്‍ജ്ജസ്വലമായ ഒരു ദിവസത്തിലേക്ക് അങ്ങനെ വളരെ വേഗം ഓടിക്കയറാം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മരണശേഷമുള്ള ആ 15 മിനിറ്റ്, പിന്നീടുള്ള 48 മണിക്കൂർ; നമ്മുടെ ശരീരം ഇങ്ങനെയോ?