കിച്ചണ്‍ സിങ്കിലാണോ ഇറച്ചി കഴുകുന്നത്?
ബേക്കിങ് സോഡ, പാത്രം കഴുകുന്ന സോപ്പ്, നേര്‍ത്ത ലിക്വിഡ് എന്നിവ ഉപയോഗിച്ച് സിങ്ക് വൃത്തിയാക്കാം
അടുക്കളയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന സ്ഥലമാണ് പാത്രങ്ങള്‍ കഴുകാനുള്ള സിങ്ക്. ആഴ്ചയില്‍ ഒരിക്കലെങ്കിലും കിച്ചണ്‍ സിങ്ക് വൃത്തിയാക്കണം. പച്ച മാംസം, മത്സ്യം എന്നിവയില്‍ നിന്നുള്ള രോഗാണുക്കള്‍ കിച്ചണ്‍ സിങ്കില്‍ പറ്റിപ്പിടിച്ചിരിക്കാന്‍ സാധ്യത കൂടുതലാണ്. അതുകൊണ്ടാണ് ആഴ്ചയില്‍ ഒരിക്കലെങ്കിലും നിര്‍ബന്ധമായും സിങ്ക് കഴുകണമെന്ന് പറയുന്നത്.
ബേക്കിങ് സോഡ, പാത്രം കഴുകുന്ന സോപ്പ്, നേര്‍ത്ത ലിക്വിഡ് എന്നിവ ഉപയോഗിച്ച് സിങ്ക് വൃത്തിയാക്കാം. പഴയ ടൂത്ത് ബ്രഷും സോഫ്റ്റ് സ്‌പോഞ്ചും ഉപയോഗിച്ച് വേണം സിങ്കില്‍ ഉരയ്ക്കാന്‍. വലിയ ബ്രഷുകളേക്കാള്‍ ടൂത്ത് ബ്രഷ് ഉപയോഗിക്കുമ്പോള്‍ കൂടുതല്‍ അഴുക്ക് ഇളകി പോകും. അഴുക്ക് വെള്ളം പോകുന്ന ഭാഗത്തും ബ്രഷ് ഉപയോഗിച്ചു നന്നായി ഉരയ്ക്കണം. ബേക്കിങ് സോഡ ഉപയോഗിച്ച് ഉരച്ച ശേഷം അല്‍പ്പം വൈറ്റ് വിനഗര്‍ കൂടി ചേര്‍ത്ത് സിങ്ക് വൃത്തിയാക്കാം. സിങ്ക് കഴുകുന്നതിനൊപ്പം വെള്ളം വരുന്ന പൈപ്പും വൃത്തിയാക്കണം.
റെഡ് മീറ്റ് പോലുള്ള കൊഴുപ്പുള്ള വിഭവങ്ങള്‍ സിങ്കില്‍ വെച്ച് വൃത്തിയാക്കുന്നത് പരമാവധി കുറയ്ക്കണം. മാംസത്തില്‍ നിന്നുള്ള കൊഴുപ്പ് ഡ്രെയ്‌നേജില്‍ എത്തി പാട പോലെ അടിഞ്ഞു കൂടാന്‍ സാധ്യതയുണ്ട്. കിച്ചണ്‍ സിങ്കിനേയും ഇത് വൃത്തികേടാക്കുന്നു. ഇത്തരം വിഭവങ്ങള്‍ കിച്ചണ്‍ സിങ്കില്‍ വൃത്തിയാക്കിയാല്‍ തന്നെ ഉടനെ സിങ്ക് കഴുകണം.