Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്‍ഫ്‌ലുവന്‍സ വാക്‌സിന്‍; മാറി വരുന്ന കാലാവസ്ഥയില്‍

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ലോകമെമ്പാടും ഇന്‍ഫ്‌ലുവന്‍സ ബാധിക്കുന്ന ആളുകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്

ഇന്‍ഫ്‌ലുവന്‍സ വാക്‌സിന്‍; മാറി വരുന്ന കാലാവസ്ഥയില്‍
, തിങ്കള്‍, 28 നവം‌ബര്‍ 2022 (11:49 IST)
ലോകം മുഴവന്‍ വ്യാപിക്കുന്ന ഇന്‍ഫ്‌ലുവന്‍സ (ഫ്‌ലൂ) വൈറസുകള്‍ മൂലമുണ്ടാകുന്ന നിശിത ശ്വാസകോശ അണുബാധയാണ് സീസണല്‍ ഇന്‍ഫ്‌ലുവന്‍സ. പനി, ചുമ, തലവേദന, പേശികളിലും സന്ധികളിലും വേദന, മൂക്കൊലിപ്പ് എന്നിവയാണ് സീസണല്‍ ഇന്‍ഫ്‌ലുവന്‍സയുടെ ലക്ഷണങ്ങള്‍. ഒട്ടുമിക്ക ആളുകളും ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ സുഖം പ്രാപിക്കുന്നു. എന്നാല്‍, ഗുരുതരമായ രോഗത്തിനും ഇന്‍ഫ്‌ലുവന്‍സ കാരണമായേക്കാം. ചെറിയ കുട്ടികളില്‍, പ്രായമായവരില്‍, ഗര്‍ഭിണികളില്‍, ഗുരുതരമായ മറ്റ് ആരോഗ്യപ്രശ്‌നങ്ങളുള്ളവരില്‍ ഇത് അപകടസാധ്യത കൂട്ടുകയും മരണം വരെ സംഭവിക്കുകയോ ചെയ്യും. 
 
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ലോകമെമ്പാടും ഇന്‍ഫ്‌ലുവന്‍സ ബാധിക്കുന്ന ആളുകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. പ്രതിവര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന 3 മുതല്‍ 5 ദശലക്ഷം വരെ വരുന്ന കഠിനമായ അസുഖങ്ങള്‍ക്കും, 2,90,000 മുതല്‍ 6,50,000 വരെ വരുന്ന ശ്വാസകോശ സംബന്ധ മരണങ്ങള്‍ക്കും ഇന്‍ഫ്‌ലുവന്‍സ കാരണമാകുമെന്ന് കണക്കാക്കപ്പെടുന്നു. വികസ്വര രാജ്യങ്ങളിലെ സീസണല്‍ ഇന്‍ഫ്‌ലുവന്‍സ പകര്‍ച്ചവ്യാധികളുടെ ഫലങ്ങള്‍ പൂര്‍ണ്ണമായും രേഖപ്പെടുത്താനായിട്ടില്ല. എന്നാല്‍, 5 വയസിന് താഴെയുള്ള  കുട്ടികളില്‍ സംഭവിക്കുന്ന ഇന്‍ഫ്‌ലുവന്‍സ മൂലമുള്ള മരണങ്ങളില്‍ ഭൂരിഭാഗവും സംഭവിക്കുന്നത് വികസ്വര രാജ്യങ്ങളിലാണ്.
 
എ, ബി, സി, ഡി വിഭാഗങ്ങളിലായി 4 തരം സീസണല്‍ ഇന്‍ഫ്‌ലുവന്‍സ വൈറസുകളുണ്ട്. ഇന്‍ഫ്‌ലുവന്‍സ എ, ബി വൈറസുകള്‍ സീസണല്‍ പകര്‍ച്ചവ്യാധികള്‍ക്കുള്ള പ്രധാന കാരണങ്ങളാണ്. പാശ്ചാത്യ രാജ്യങ്ങളില്‍ സീസണല്‍ പകര്‍ച്ചവ്യാധികള്‍ പ്രധാനമായും ശൈത്യകാലത്താണ് സംഭവിക്കുന്നത്, അതേസമയം നമ്മുടെ രാജ്യത്ത് പ്രാദേശിക വ്യതിയാനങ്ങളനുസരിച്ച് വര്‍ഷം മുഴുവനും ഇന്‍ഫ്‌ലുവന്‍സ ഉണ്ടാകാം. അത് കൊണ്ട് തന്നെ ഒരു വര്‍ഷത്തേക്കുള്ള വാക്‌സിനേഷന്‍ ആസൂത്രണം ചെയ്യുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്.
 
ഇന്‍ഫ്‌ലുവന്‍സ പകര്‍ച്ചയും അണുബാധയും എങ്ങനെ തടയാം?
 
മറ്റേതൊരു ശ്വാസകോശ അണുബാധയും പോലെതന്നെ, ഇന്‍ഫ്‌ലുവന്‍സ ശ്വാസകോശ പാതയിലൂടെയാണ് പടരുന്നത്. അതിനാല്‍ പൊതു ഇടങ്ങളില്‍ ചുമയ്ക്കുമ്പോള്‍ പാലിക്കേണ്ട മര്യാദ, രോഗികളില്‍ നിന്ന് അകന്നുനില്‍ക്കുക എന്നതൊക്കെ പ്രാധാനമാണ്. വൃത്തിയില്ലാത്ത കൈകളിലൂടെയും വൈറസ് പകരാം, അതിനാല്‍ ഇടയ്ക്കിടെ കൈകള്‍ കഴുകുന്നത് അനിവാര്യമാണ്. രോഗം തടയുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം വാക്‌സിനേഷന്‍ തന്നെയാണ്. സുരക്ഷിതവും ഫലപ്രദവുമായ വാക്‌സിനുകള്‍ ഇന്ന് ലഭ്യമാണ്. 60 വര്‍ഷത്തിലേറെയായി അവ ഉപയോഗത്തിലുണ്ട്. നിരന്തരം ചെറുതും വലുതുമായ മ്യൂട്ടേഷനുകള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന വൈറസാണ് ഇന്‍ഫ്‌ലുവന്‍സ. ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശമനുസരിച്ച് വാക്‌സിന്‍ എല്ലാ വര്‍ഷവും മുന്‍വര്‍ഷത്തെ രക്തചംക്രമണ സമ്മര്‍ദ്ദത്തെ അടിസ്ഥാനമാക്കി മാറ്റം വരുത്തുന്നു. വര്‍ഷത്തിലൊരിക്കല്‍ ഇന്‍ഫ്‌ലുന്‍സ വാക്സിനേഷന്‍ എടുക്കുന്നത് വളരെ അധികം ഗുണം ചെയ്യും. മുതിര്‍ന്നവരില്‍, രോഗത്തെ തടയുന്നതിലൂടെ ഇന്‍ഫ്‌ലുവന്‍സ വാക്‌സിന്‍ 
സംരക്ഷണം ഉറപ്പുനല്‍കുന്നു. ശരീരത്തിലുള്ള വൈറസുകളുമായി വാക്‌സിസിനില്‍ അടങ്ങിയിട്ടുള്ള വൈറസുകള്‍ കൃത്യമായി പൊരുത്തപ്പെട്ടില്ലെങ്കില്‍ കൂടെ വാക്സിന്‍ വളരെ ഫലപ്രദമാണ്. ഇന്‍ഫ്‌ലുവന്‍സ വാക്‌സിന്‍ പ്രായമായവരില്‍ ഗുരുതര രോഗങ്ങളും ആശുപത്രിവാസവും കുറയ്ക്കാന്‍ സഹായിക്കുന്നു എന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
 
ഇന്‍ഫ്‌ലുവന്‍സ സംശയിക്കുന്ന സാഹചര്യങ്ങളില്‍ ആന്റി വൈറല്‍ ചികിത്സകള്‍ ലഭ്യമാണ്. കൂടാതെ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ വായും മൂക്കും മൂടുവാന്‍ ശ്രദ്ധിക്കുക, കഴിവതും തൂവാലകള്‍ ഉപയോഗിക്കുക. അസുഖം, പനി, തുടങ്ങി ഇന്‍ഫ്‌ലുവന്‍സയുടെ മറ്റ് ലക്ഷണങ്ങള്‍ ഉള്ളവര്‍ നേരത്തെ തന്നെ സ്വയം ഐസൊലേറ്റ് ആകാന്‍ ശ്രദ്ധിക്കുക. രോഗികളുമായുള്ള അടുത്ത സമ്പര്‍ക്കം ഒഴിവാക്കുകയും, മറ്റൊരാളുടെ കണ്ണിലോ മൂക്കിലോ വായിലോ തൊടാതിരിക്കുകയും ചെയ്യുന്നത് ലോകാരോഗ്യ സംഘടന നിദ്ദേശിക്കുന്ന വ്യക്തിഗത സംരക്ഷണ നടപടികളാണ്. 
 
എല്ലാ പ്രായക്കാര്‍ക്കും ഫ്‌ലൂ വാക്‌സിന്‍ സ്വീകരിക്കാവുന്നതാണ്. എന്നിരുന്നാലും, ചില  ഗ്രൂപ്പുകള്‍ക്ക്, വാര്‍ഷിക വാക്‌സിനേഷന്‍  ലോകാരോഗ്യ സംഘടന പ്രത്യേകം ശുപാര്‍ശ ചെയ്യുന്നു. ഗര്‍ഭാവസ്ഥയിലൂടെ കടന്നു പോകുന്ന സ്ത്രീകള്‍ക്ക് ഏത് ഘട്ടത്തിലും വാക്സിനേഷന്‍ സ്വീകരിക്കാം. 6 മാസം മുതല്‍ 5 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക്, പ്രായമായ വ്യക്തികള്‍ക്ക് (65 വയസ്സിനു മുകളില്‍) രോഗബാധിതരായിട്ടുള്ളവരോട് നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്ക് എല്ലാ വര്‍ഷവും വാക്സിനേഷന്‍ നിര്‍ബന്ധമായും എടുക്കേണ്ടതുണ്ട്. 
 
വാക്‌സിനേഷന്‍ എടുക്കാന്‍ അനുയോജ്യമായ സമയം ശൈത്യകാലം ആരംഭിക്കുന്നതിന് മുമ്പ്, അതായത് ഒക്ടോബര്‍/നവംബര്‍ അല്ലെങ്കില്‍ മണ്‍സൂണ്‍ ആരംഭിക്കുന്നതിന് മുമ്പ് (ഏപ്രില്‍/മെയ്) മാസങ്ങളില്‍ ആയിരിക്കും. ഇപ്പോള്‍ ക്വാഡ്രിവാലന്റ് വാക്സിനാണ് ഡോക്ടര്‍മാര്‍ പൊതുവെ നിര്‍ദേശിക്കുന്നത്. ക്വാഡ്രിവാലന്റ്  വാക്സിനില്‍ 4 സ്ട്രെയിനുകള്‍ അടങ്ങിയിരിക്കുന്നു. ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം വാക്‌സിന്‍ എടുക്കുവാന്‍ ശ്രദ്ധിക്കുക.

webdunia
Dr. A Rajalakshmi


 
 
എഴുതിയത് :
 
ഡോ. എ. രാജലക്ഷ്മി
സീനിയർ കൺസൾട്ടന്റ്
ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻഫെക്ഷ്യസ് ഡിസീസസ്
കിംസ്ഹെൽത്ത്, തിരുവനന്തപുരം
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോണ്ടം സൂക്ഷിക്കേണ്ടത് തണുപ്പുള്ള സ്ഥലത്ത്; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ കോണ്ടം വേഗം പൊട്ടും!