ചന്ദനത്തിരി പോലുള്ള ഇന്‍സന്‍സ് സ്റ്റിക്കുകളുടെ പുക ശ്വസിക്കുന്നത് പുകവലി പോലെ തന്നെ അപകടകരമാണ്; ഇക്കാര്യങ്ങള്‍ അറിയണം
പൂജയോ ഉത്സവമോ നടക്കുമ്പോള്‍ ആണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്.
ധൂപവര്‍ഗ്ഗങ്ങള്‍, അല്ലെങ്കില്‍ അഗര്‍ബത്തികള്‍, ഇന്ത്യന്‍ വീടുകളില്‍ ഒരു പ്രധാന ഘടകമാണ്. പൂജയോ ഉത്സവമോ നടക്കുമ്പോള്‍ ആണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്. എന്നാല്‍ ആത്മീയ ആചാരങ്ങളില്‍ വളരെ പവിത്രമായി കണക്കാക്കപ്പെടുന്ന ഈ പുക നിശബ്ദമായി നമ്മുടെ ആരോഗ്യത്തിന് ഹാനികരമാകുമെന്നത് അത്ര അറിയപ്പെടാത്ത കാര്യമാണ്.
അഗര്‍ബത്തികള്‍ പുറത്തുവിടുന്ന സൂക്ഷ്മ കണികകള്‍ (PM2.5), കാര്‍ബണ്‍ മോണോക്‌സൈഡ്, അസ്ഥിര ജൈവ സംയുക്തങ്ങള്‍ (VOCs) എന്നിവയെല്ലാം വീടിനുള്ളിലെ വായുവിനെ മലിനമാക്കുന്നു.അഗര്‍ബത്തികളില്‍ നിന്നുള്ള പുക സിഗരറ്റ് പുക പോലെ തന്നെ ദോഷകരമാണെന്ന് ശ്വാസകോശ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഒരു ധൂപവര്‍ഗ്ഗം കത്തിക്കുന്നതിലൂടെ ഉണ്ടാകുന്ന കണികകള്‍ ഒരു സിഗരറ്റ് വലിക്കുമ്പോള്‍ ഉണ്ടാകുന്നതിന് തുല്യമാണെന്ന് പഠനങ്ങള്‍ കാണിക്കുന്നുണ്ട്.
വീട്ടിലെ കുട്ടികളും മുതിര്‍ന്നവരുമാണ് അഗര്‍ബത്തികളില്‍ നിന്നുള്ള പുകയ്ക്ക് ഇരയാകാനുള്ള സാധ്യത കൂടുതല്‍. 'കുട്ടികള്‍, പ്രായമായ കുടുംബാംഗങ്ങള്‍, ആസ്ത്മ അല്ലെങ്കില്‍ ദുര്‍ബലമായ ശ്വാസകോശമുള്ളവര്‍ എന്നിവരാണ് ഏറ്റവും കൂടുതല്‍ അപകടസാധ്യതയുള്ളവര്‍. ഇടയ്ക്കിടെ ഉണ്ടാകുന്ന പുക ശ്വസിക്കാന്‍ ബുദ്ധിമുട്ട്, അലര്‍ജി, വിട്ടുമാറാത്ത ചുമ എന്നിവയ്ക്ക് കാരണമാകും.