മഴക്കാലമായതോടെ കേരളത്തില്‍ വയറിളക്കത്തോട് കൂടിയ പനി രൂക്ഷമായിരിക്കുകയാണ്. വയറിളക്കം കാരണം ആശുപത്രികളില്‍ നിരവധി പേരാണ് ദിനംപ്രതി ചികിത്സ തേടുന്നത്. വയറിളക്കത്തെ ചെറിയൊരു പ്രശ്‌നമായി ഒരിക്കലും കാണരുത്. വയറിളക്കം രൂക്ഷമായാല്‍ നിങ്ങളുടെ ശരീരം തളരുന്നതിലേക്ക് വരെ കാര്യങ്ങള്‍ എത്തും.
വയറിളക്കം തുടങ്ങുമ്പോള്‍ തന്നെ ചില പൊടിക്കൈകള്‍ പരീക്ഷിക്കണം. നന്നായി വെള്ളം കുടിക്കുകയാണ് അതില്‍ ആദ്യത്തേത്. തിളപ്പിച്ചാറിയ വെള്ളം കുടിച്ചു കൊണ്ടിരിക്കണം. കഞ്ഞിവെള്ളത്തില്‍ ഉപ്പിട്ട് കുടിക്കുന്നത് വളരെ ഫലപ്രദമാണ്. വയറിളക്കം ഉള്ളപ്പോള്‍ നിര്‍ജലീകരണത്തിനു സാധ്യത വളരെ കൂടുതലാണ്. ഈ സമയത്ത് ഉപ്പിട്ട നാരങ്ങാ വെള്ളം കുടിക്കുന്നത് നല്ലതാണ്. ദഹിക്കാന്‍ ബുദ്ധിമുട്ടുള്ള ഭക്ഷണ സാധനങ്ങള്‍ ഈ സമയത്ത് കഴിക്കരുത്.
ധാരാളം പൊട്ടാസ്യവും ഇലക്ട്രോലൈറ്റ്‌സും അടങ്ങിയ നേന്ത്രപ്പഴം കഴിക്കുന്നത് നല്ലതാണ്. നേന്ത്രപ്പഴം ശരീരത്തിനു ഊര്‍ജ്ജം നല്‍കും. കുറച്ച് തേന്‍ ചേര്‍ത്ത് ഇഞ്ചിനീര്‍ കഴിക്കുന്നത് വയറിളക്കത്തിനു ശമനം നല്‍കും.
ഒആര്‍എസ് ലായിനി കുടിക്കുന്നത് ഒരു പരിധി വരെ വയറിളക്കത്തെ പ്രതിരോധിക്കാന്‍ സഹായിക്കും. വയറിളക്കം തുടരുകയും ശരീരം നന്നായി തളരുന്ന പോലെ തോന്നുകയും ചെയ്താല്‍ ഉടന്‍ വൈദ്യസഹായം തേടണം.