Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദാമ്പത്യബന്ധം പ്രണയസുരഭിലമാകാന്‍ ആഗ്രഹിച്ചാല്‍ മാത്രം പോരാ, ഇക്കാര്യങ്ങള്‍ പരീക്ഷിക്കുകയും വേണം

ദാമ്പത്യബന്ധം പ്രണയസുരഭിലമാകാന്‍ ആഗ്രഹിച്ചാല്‍ മാത്രം പോരാ, ഇക്കാര്യങ്ങള്‍ പരീക്ഷിക്കുകയും വേണം
ചെന്നൈ , വെള്ളി, 11 മാര്‍ച്ച് 2016 (16:22 IST)
പ്രണയബന്ധം എന്നെന്നും നിലനില്‍ക്കണമെന്നും സഫലമാകണമെന്നും ആഗ്രഹിക്കുന്നവരാണ്‌ നമ്മളില്‍ ബഹുഭൂരിപക്ഷവും. എന്നാല്‍ ആധുനിക ലോകത്തെ തിരക്കുകളും സമ്മര്‍ദ്ദവും പലപ്പോഴും ഇതിന്‌ വിഘാതമാകാറുണ്ട്‌. അതുകൊണ്ട്‌ നാം ആഗ്രഹിക്കാതെ തന്നെ പ്രണയബന്ധങ്ങളില്‍ വിള്ളലുകള്‍ വീഴാം. ബന്ധങ്ങള്‍ ആരോഗ്യകരമായി നിലനിര്‍ത്താന്‍ നിരവധി മാര്‍ഗങ്ങള്‍ സ്വീകരിക്കാവുന്നതാണ്. 
 
അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പ്രണയസല്ലാപം.
 
പ്രണയബന്ധത്തിന്റെ ആദ്യനാളുകളിലെ അതേ തീവ്രതയില്‍ പ്രണയം നിലനിര്‍ത്താന്‍ പ്രണയസല്ലാപം സഹായിക്കും. ഇത്‌ ദമ്പതിമാര്‍ക്കിടയിലെ അകലം കുറയ്‌ക്കുകയും ദാമ്പത്യജീവിതത്തിന്റെ ആരോഗ്യകരമായ മുന്നോട്ട്‌ പോക്കിന്‌ ആവശ്യമായ ഉത്സാഹം നല്‍കുകയും ചെയ്യും. കൂടാതെ സരസവും വിനോദപ്രദവുമായ സംഭാഷണം നിങ്ങളെ സന്തോഷത്തിന്റെ പാരമ്യത്തില്‍ എത്തിക്കും. ഇത്‌ നിങ്ങള്‍ക്ക്‌ മനസ്സുഖവും ആശ്വാസവും പകരും. സുഹൃത്തോ പങ്കാളിയോ പറയുന്നത്‌ ക്ഷമയോടെ ശ്രദ്ധിച്ച്‌ കേള്‍ക്കുന്നത് നല്ല ബന്ധത്തിന്‌  അത്യാവശ്യമാണെന്ന്‌ തിരിച്ചറിയുകയും വേണം.
 
വാശികളും കടുംപിടുത്തവും ഒഴിവാക്കുക
 
ബന്ധം നന്നായി മുന്നോട്ടു പോകുന്നതിന് വാശികളും കടുംപിടുത്തങ്ങളും ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. പരസ്‌പരമുള്ള കുറ്റപ്പെടുത്തലുകളും കുത്തുവാക്കുകളും പാടില്ല. ഇത്‌ ഹൃദയങ്ങളെ മുറിപ്പെടുത്തുകയും ബന്ധങ്ങള്‍ തകര്‍ക്കുകയും ചെയ്യും. ഓര്‍ക്കുക, ശരീരത്തിനേറ്റ മുറിവ്‌ പെട്ടെന്നുണങ്ങിയേക്കാം. എന്നാല്‍ മനസിനേറ്റ മുറിവുണങ്ങാന്‍ ബലി കഴിക്കേണ്ടിവരുക ചിലപ്പോള്‍ ഒരു ജന്മം തന്നെയായിരിക്കും.
 
പരസ്പരവിശ്വാസം
 
പരസ്പര വിശ്വാസമാണ് പല ബന്ധങ്ങളുടേയും അടിസ്ഥാനം. ഇത് നഷ്‌ടപ്പെടുന്നിടത്ത് പ്രണയവും നഷ്‌ടപ്പെടുന്നു. എത്രയൊക്കെ ദേഷ്യപ്പെട്ടാലും വഴക്കിട്ടാലും പരസ്പരം കരുതലുള്ളവരായിരിക്കാന്‍ ശ്രദ്ധിക്കുക. കൂടാതെ, എത്ര തിരക്കിനിടയിലും പങ്കാളിയെ ശ്രദ്ധിക്കുക. ഗംഭീരമായി വേഷമിട്ടിട്ടില്ലെങ്കിലും അടിസ്ഥാനശുചിത്വം പ്രണയിക്കുന്നവര്‍ക്കു വേണമെന്നത് എല്ലാവര്‍ക്കും നിര്‍ബന്ധമുള്ള കാര്യമാണ്. 
 
പങ്കാളിയുമായി സംസാരിക്കാന്‍ സമയം കണ്ടെത്തുക
 
എത്രതന്നെ തിരക്കുണ്ടെങ്കിലും പങ്കാളിയുമായി സംസാരിക്കാന്‍ സമയം കണ്ടെത്തണം. പലപ്പോഴും ആശയവിനിമയത്തിന്റെ അഭാവമാണ് പ്രശ്‌നങ്ങളുടെ തുടക്കവും. പ്രണയം ഒരു തിരിച്ചറിവാണ്. തന്റെ ഹൃദയത്തിന്റെ താളം മറ്റൊരു ഹൃദയമിടിപ്പില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു എന്ന സുഖമുള്ള തിരിച്ചറിവ്. കണ്ണുകളിലെ ചുംബനമാണ് ഏറ്റവും വികാരഭരിതം. തന്റെ പങ്കാളിയോടുള്ള ശ്രദ്ധയും പരിചരണവും സ്‌നേഹവും ലാളനയും ഇതിലൂടെ വ്യക്തമാകുന്നു.
 
മനുഷ്യത്വപരമായ പെരുമാറ്റം
 
മനുഷ്യത്വപരമായ പെരുമാറ്റം എപ്പോഴും പിന്തുടരുക. അത്‌ നിങ്ങളുടെ ബന്ധത്തെ ശക്‌തമാക്കും. എപ്പോഴും വ്യക്‌തിസ്വാതന്ത്യം അനുവദിക്കുക. അത്‌ ബന്ധങ്ങള്‍ ദൃഢമാക്കും. പരസ്‌പരമുള്ള വിശ്വാസം ബന്ധങ്ങളുടെ ദൃഢത വര്‍ധിപ്പിക്കും. എപ്പോഴും സത്യസന്ധരായിരിക്കുന്നത് ഊഷ്‌മളബന്ധത്തിന്‌ വഴിതെളിക്കും. സത്യസന്ധമായ മറുപടി ലഭിച്ചാല്‍ പല തെറ്റുകളും ചിരിച്ചു കൊണ്ട്‌ പൊറുക്കാന്‍ നിങ്ങളുടെ പങ്കാളി തയ്യാറാകും. പലപ്പോഴും പങ്കാളിയ്‌ക്കൊപ്പം സമയം ചിലവഴിക്കാത്തത് അവരെ ചൊടിപ്പിക്കും. വൈകുന്നേരങ്ങളില്‍ അല്‍പം സമയമെങ്കിലും അവരോടൊപ്പം ചിലവഴിക്കാന്‍ ശ്രദ്ധിക്കുക.
 
കള്ളം പറയരുത്
 
കള്ളം പറയുന്നത് ബന്ധങ്ങളില്‍ വിള്ളലുകള്‍ തീര്‍ക്കുന്ന ഒന്നാണ്‌‍. ബന്ധങ്ങളില്‍ പരസ്പരം ഒളിച്ചു വെയ്ക്കാന്‍ ഉള്ളപ്പോഴാണ് കള്ളം പറയേണ്ടി വരുന്നത്. ഉറക്കത്തിന്റെ കാര്യത്തില്‍ പോലും പരസ്പരം സ്‌നേഹപ്രകടനം സാധ്യമാക്കണം. ഉറങ്ങുമ്പോള്‍ ദമ്പതികള്‍ പരസ്പരം സ്പര്‍ശിച്ചിട്ടുണ്ടെങ്കില്‍ ആ ബന്ധം ഏറെ ദൃഢതയേറിയതാണെന്ന് വ്യക്തമാണ്. നിങ്ങള്‍ ഒരു ബന്ധത്തിലായിരിക്കുമ്പോള്‍ രണ്ടുപേര്‍ക്കും 100 ശതമാനം പരസ്പരവിശ്വാസം ഉണ്ടായിരിക്കണം. വിശ്വാസം എന്ന സുപ്രധാനഘടകം നശിച്ചാല്‍ ആ ബന്ധത്തില്‍ തുടരാന്‍ പിന്നീട് കാരണങ്ങളൊന്നും ഉണ്ടാകില്ല.
 
വാഗ്‌ദാനങ്ങള്‍ പാലിക്കാന്‍ ശ്രദ്ധിക്കുക
 
ജോലിസംബന്ധമായ ആവശ്യങ്ങള്‍ കാരണം പല വാഗ്ദാനങ്ങളും പുരുഷന്‍മാര്‍ക്ക് പാലിക്കാന്‍ കഴിയാറില്ല. ഇത് പലപ്പോഴും ബന്ധങ്ങളിലെ തകര്‍ച്ചയ്ക്ക് കാരണമാകുന്നു. പരസ്പരമുള്ള പ്രതീക്ഷകള്‍ യുക്തിരഹിതമാകുമ്പോള്‍ ബന്ധത്തില്‍ പിന്നീടൊന്നും അവശേഷിച്ചിട്ടുണ്ടാകില്ല. വ്യത്യസ്തമായ പ്രതീക്ഷകളും ഒരു പ്രശ്നമായി തീരും. സ്ത്രീകള്‍ ബന്ധം അവസാനിപ്പിക്കാനുള്ള ഒരു പ്രധാന കാരണമാണിത്. ബന്ധത്തിലെ ഒരു പ്രധാന ഘടകമാണ് പരസ്പരമുള്ള പൊരുത്തം. ഇത് രണ്ടുപേരെ ഒന്നായി മാറാന്‍ സഹായിക്കും. നിങ്ങള്‍ക്ക് ചില ഹോബികളും, ഇഷ്‌ടങ്ങളും അനിഷ്‌ടങ്ങളും ഉണ്ടാകും. എന്നാല്‍, അവയോട് പൊരുത്തപ്പെടാനാകാതെ വരുന്നത് പരസ്പരമുള്ള ചേര്‍ച്ച ഇല്ലാതാക്കും.
 
ദീര്‍ഘകാല ബന്ധങ്ങളില്‍ അതൃപ്‌തിയും വിരസതയും ദൃശ്യമാകുന്നത്‌ സ്വാഭാവികമാണ്‌. സ്‌നേഹ ബന്ധത്തില്‍ വിരസത തോന്നുമ്പോള്‍ പ്രണയസല്ലാപം പരീക്ഷിച്ചുനോക്കുക. അതിന്റെ ശക്തി നിങ്ങള്‍ക്ക്‌ അനുഭവിച്ചറിയാന്‍ കഴിയും. പ്രണയസല്ലാപം നിങ്ങളുടെ ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കും. ഒറ്റനോട്ടം കൊണ്ടോ ഒതു തവണ സംസാരിച്ചത്‌ കൊണ്ടോ ഒരാളിന്റെ മനസ്സ്‌ വായിച്ചെടുക്കാന്‍ കഴിയില്ല. പക്ഷേ, ആ വ്യക്തി നിങ്ങള്‍ ആഗ്രഹിക്കുന്നത്‌ പോലുള്ള ഒരാളാണെങ്കില്‍, അതായിരിക്കും ഏറ്റവും നല്ല കാര്യമായി നിങ്ങള്‍ക്ക് തോന്നുന്നത്.
 
ഉഭയകക്ഷിസമ്മതത്തോടെ മാത്രം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുക
 
ഉഭയകക്ഷി സമ്മതത്തോടെയല്ലാതെ ഒരു കാരണവശാ‍ലും സെക്‌സിന് മുതിരരുത്. ഇത് പരസ്പരമുള്ള ബന്ധം തന്നെ വഷളാക്കിയേക്കും. സെക്‌സില്‍ ഇരുപങ്കാളികളും പൂര്‍ണമായും തയ്യാറാകേണ്ടത് അത്യാവശ്യമാണ്.  ആദ്യസെക്‌സാകുമ്പോള്‍ പങ്കാളിയെ വേദനിപ്പിക്കാതെയായിരിക്കണം സെക്‌സിന് മുന്‍കൈ എടുക്കുക. മനസു തുറന്നുള്ള ആശയവിനിമയം, ലാളനകള്‍ ഇവയെല്ലാം സെക്‌സിനെ സുഖരമാക്കുന്നവരയാണ്. ഇക്കാര്യം മനസില്‍ വയ്ക്കുക. ഇതല്ലാത്ത സെക്‌സ് പങ്കാളികള്‍ക്ക് ഭാവിയില്‍ മടുപ്പുണ്ടാക്കിയേക്കാം. സെക്സിന് ശേഷം നിങ്ങള്‍ ആലിംഗനം ചെയ്യാറില്ലെങ്കില്‍ പൂര്‍ണ്ണമായും നിങ്ങളുടെ പങ്കാളിയെ തൃപ്തിപ്പെടുത്താനാവില്ല.  ഈ സംതൃപ്തി ലഭിക്കുന്നത് ഓക്സിടോസിന്‍റെ നിര്‍ഗ്ഗമനം വഴിയാണ്. സ്ത്രീയും പുരുഷനും തമ്മില്‍ ആലിംഗനം ചെയ്യുമ്പോഴാണ് ഇത് സംഭവിക്കുന്നത്.
 
വാദപ്രതിവാദങ്ങള്‍ ഒഴിവാക്കുക
 
പലപ്പോഴും വാദപ്രതിവാദങ്ങളാണ് കുടുംബബന്ധത്തിന്റെ എല്ലാ താളവും തെറ്റിക്കുന്നത്. ഇതില്‍ തന്നെ ഭര്‍ത്താക്കന്‍മാര്‍ക്ക് കൂടുതല്‍ മുന്‍ഗണന നല്‍കണം എന്ന ചിന്താഗതിയും വിവാഹിതരായ പുരുഷന്‍മാര്‍ മാറ്റി നിര്‍ത്തണം. കുടുംബജീവിതത്തില്‍ സ്ത്രീക്കും പുരുഷനും തുല്യപ്രാധാന്യമാണ് നല്‍കേണ്ടത്. പലപ്പോഴും ഭാര്യയെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. അതുകൊണ്ട് തന്നെ ഇത്തരം താരതമ്യപഠനത്തിന് ഒരിക്കലും മുതിരാതിരിക്കുക. 
 
ക്ഷമ
 
കുടുംബജീവിതത്തില്‍ അത്യാവശ്യമായി വേണ്ട ഒന്നാണ് ക്ഷമ. അതുകൊണ്ട് തന്നെ ക്ഷമിക്കേണ്ടത് അത്യാവശ്യം. പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ തന്നെ ക്ഷമയിലൂടെ ഇത്തരം പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാം. അതുകൊണ്ട് ക്ഷമ ആര്‍ജ്ജിച്ചെടുക്കേണ്ടത് ഭര്‍ത്താക്കന്‍മാരുടെ ജോലിയാണ്. 
 
ഇന്നത്തെ കാലത്ത് പല ബന്ധങ്ങള്‍ക്കും കാരണം സോഷ്യല്‍ മീഡിയയാണെന്ന കാര്യം പറയാതെ വയ്യ. എന്നാല്‍ അത്തരത്തിലൊരു ബന്ധം തകര്‍ന്നാല്‍ ഉടന്‍ തന്നെ ഫേസ്ബുക്കിലാണെങ്കിലും വാട്‌സ് ആപ്പിലാണെങ്കിലും ആളെയങ്ങ് അണ്‍ഫ്രെണ്ട് ചെയ്യുകയോ ബ്ലോക്ക് ചെയ്യുകയോ വേണം. കുറച്ചു കാലമെങ്കിലും പല തരം കമ്മിറ്റ്‌മെന്റുകള്‍ക്ക് വിധേയരായി കഴിഞ്ഞിരുന്നവരാകും നമ്മള്‍. എന്നാല്‍ അത്തരം കമ്മിറ്റ്‌മെന്റുകള്‍ക്ക് നമ്മള്‍ തന്നെ ഷട്ടറിട്ടു കഴിഞ്ഞാല്‍ പിന്നീടുള്ള നമ്മുടെ ജീവിതം ആസ്വദിക്കുക എന്നുള്ളതാണ് ആദ്യം ചെയ്യേണ്ടത്.

Share this Story:

Follow Webdunia malayalam