സ്ത്രീകൾക്ക് മാത്രമല്ല ഇനി പുരുഷന്മാർക്കും ഗർഭനിരോധന ഗുളികകൾ
18 നും 50 നും ഇടയിൽ പ്രായമുള്ള 30 പൂർണ്ണ ആരോഗ്യവാന്മാരായ പുരുഷന്മാരിലാണ് പരീക്ഷണം നടത്തിയത്.
പുരുഷന്മാർക്കായുള്ള ഗർഭ നിരോധന ഗുളികകളും ഇനി വിപണിയിലേക്ക്. ലോസ് ഏഞ്ചലസിലെ ബയോ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് കണ്ടെത്തിയ മരുന്നുകളുടെ പ്രാഥമിക പരിശോധനകൾ പൂർത്തിയായി. ജനസംഖ്യാവര്‍ധനവിന്റെ എല്ലാ പഴികളും സ്ത്രീകൾ മാത്രം കേൾക്കേണ്ടി വരുന്ന ഒരു സമൂഹത്തിൽ ജനന നിയന്ത്രണത്തിനായി പുരുഷന്മാർക്ക് കൂടി ഗർഭ നിരോധന മരുന്നുകൾ വിപണിയിലെത്തുന്നത് വിപ്ലവകരമായ തീരുമാനമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഗുളികകൾ ഫലപ്രദമാണെന്നും സുരക്ഷിതമാണെന്നുമാണ് പ്രാഥമിക പരിശോധന ഫലങ്ങൾ തെളിയിക്കുന്നത്.
18 നും 50 നും ഇടയിൽ പ്രായമുള്ള 30 പൂർണ്ണ ആരോഗ്യവാന്മാരായ പുരുഷന്മാരിലാണ് പരീക്ഷണം നടത്തിയത്. ഗുളിക ഫലപ്രദമാണെന്ന് പരിശോധനയിൽ തെളിഞ്ഞു. സ്ഥിരമായ ഹോർമോൺ വ്യതിയാനം, ശേഷിക്കുറവ് മുതലായ പാർശ്വഫലങ്ങൾ ഉണ്ടായേക്കുമോ എന്നാണ് ഏറ്റവും അധികം ആളുകൾ അന്വേഷിച്ചത്. എന്നാൽ താരതമ്യേനെ വളരെ ചെറിയ പാർശ്വഫലങ്ങൾ മാത്രമേ ഗുളിക കൊണ്ട് ഉണ്ടാകൂ എന്ന് പരിശോധനയിൽ തെളിഞ്ഞു. തലവേദന, ക്ഷീണം, മുഖക്കുരു മുതലായ ചെറിയ ബുദ്ധിമുട്ടുകൾ മാത്രമേ ഈ പുരുഷന്മാർക്കുണ്ടായുള്ളൂ. ഗുളികയുടെ മറ്റ് ഫലങ്ങളെക്കുറിച്ച് കൂടുതൽ പരിശോധനകൾ നടന്നു വരികയാണ്. എന്തായാലും ഉടൻ തന്നെ ഗുളികകൾ വിപണിയിലെത്തും എന്ന് വിദഗ്ദർ ഉറപ്പിച്ച് പറയുന്നുണ്ട്.
ദിവസം ഒന്നെന്ന ക്രമത്തിൽ ഗുളിക ഉപയോഗിക്കുന്നത് ഗർഭമുണ്ടാകാനുള്ള സാധ്യത പരമാവധി കുറയ്ക്കുമെന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്. ടെസ്റ്റോസ്റ്റീറോണിന്റെയും പ്രൊജസ്ട്രോണിന്റെയും പ്രത്യേക തരത്തിലുള്ള മിശ്രിതമാണ് ഈ പുതിയ ഗർഭനിരോധന മരുന്നുകൾ. ഗർഭ നിരോധനത്തിനായി സ്ത്രീകൾക്ക് വേണ്ടി പല മരുന്നുകളും വിപണിയിലുണ്ടായിരുന്നെങ്കിലും പുരുഷന്മാർക്ക് കോണ്ടം പോലുള്ള ചുരുങ്ങിയ ഗർഭ നിരോധന മാർഗ്ഗങ്ങളെ നിലവിലുണ്ടായിരുന്നുള്ളൂ.