അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാകും. ഇതുമൂലം ശരീരത്തിലുണ്ടാകുന്ന താപം പുറത്തേക്ക് കളയുന്നതിന് തടസ്സം നേരിടുകയും അത് ശരീരത്തിന്റെ പല പ്രവര്‍ത്തനങ്ങളേയും തകരാറിലാക്കുകയും ചെയ്യും. ഇത്തരം അവസ്ഥയാണ് സൂര്യാഘാതം
സൂര്യാഘാതത്തെക്കാള്‍ കുറച്ചു കൂടി കാഠിന്യം കുറഞ്ഞ അവസ്ഥയാണ് സൂര്യാതപം. ക്ഷീണം, തലകറക്കം, തലവേദന, പേശിവലിവ്, ഓക്കാനവും ഛര്‍ദിയും, അസാധാരണമായ വിയര്‍പ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് കുറയുകയും മഞ്ഞ നിറത്തില്‍ ആവുകയും ചെയ്യുന്നതാണ് സൂര്യതപത്തിന്റെ ലക്ഷണങ്ങള്‍. ശരിയായ രീതിയില്‍ ഇത് ചികിത്സിച്ചില്ലെങ്കില്‍ സൂര്യാഘാതത്തിന്റെ അവസ്ഥയിലേക്ക് മാറുവാനും സാധ്യതയുണ്ട്.
വളരെ ഉയര്‍ന്ന ശരീരതാപം, വറ്റി വരണ്ട ചുവന്നു ചൂടായ ശരീരം, ശക്തമായ തലവേദന, തലകറക്കം,ശക്തമായ ശരീരവേദന,ചുവന്നു ചൂടായ ശരീരം,തലക്കറക്കം,മന്ദഗതിയിലുള്ള നാഡിമിടിപ്പ്, മാനസികാവസ്ഥയിലുള്ള മാറ്റങ്ങള്‍ തുടങ്ങിയവയും ചിലപ്പോള്‍ അബോധാവസ്ഥയും സൂര്യാഘാതത്തിന്റെ ഭാഗമായുണ്ടാകാം.
സൂര്യാഘാതം ഏറ്റതായി സംശയം തോന്നുകയാണെങ്കില്‍ വെയിലുളള സ്ഥലത്ത് നിന്നു തണുത്ത സ്ഥലത്തേക്കു മാറി നില്‍ക്കുകയാണ് ആദ്യം ചെയ്യേണ്ടത്.ധരിച്ചിരിക്കുന്ന കട്ടികൂടിയ വസ്ത്രങ്ങള്‍ നീക്കം ചെയ്യുകയും തണുത്ത വെള്ളം കൊണ്ട് ശരീരം തുടയ്ക്കുകയും ചെയ്യണം. ഉടന്‍ തന്നെ ഡോക്ടറുടെ സേവനം തേടണം.