Select Your Language

Notifications

webdunia
webdunia
webdunia
webdunia

നീന്താന്‍ അറിയുന്ന കുട്ടിയാണോ; ഈ ഗുണങ്ങളെല്ലാം തനിയെ വന്നു ചേരും

നീന്താന്‍ അറിയുന്ന കുട്ടിയാണെങ്കില്‍ ഈ ഗുണമെല്ലാം താനേ വന്നു ചേരും

നീന്താന്‍ അറിയുന്ന കുട്ടിയാണോ; ഈ ഗുണങ്ങളെല്ലാം തനിയെ വന്നു ചേരും
ചെന്നൈ , വ്യാഴം, 12 ജനുവരി 2017 (17:28 IST)
പള്ളിക്കൂടം വിട്ടുവന്നാല്‍ പാഠപുസ്തകങ്ങള്‍ അടങ്ങിയ ബാഗ് വലിച്ചെറിഞ്ഞ് തൊട്ടപ്പുറത്തെ പുഴയിലേക്ക് ഒരു ഓട്ടമാണ്. പുഴയ്ക്കക്കരെ താമസിക്കുന്ന കൂട്ടുകാരെ പുഴ കടന്നു ചെന്ന് വിളിക്കും, ‘കുളിക്കാന്‍ വാ’ എന്നാണ് വാചകം. അത് കേള്‍ക്കാന്‍ കാത്തിരിക്കുന്നവര്‍ ഒരു തോര്‍ത്തുമുണ്ടുമായി ഓടിവരും. പിന്നെ, വെള്ളത്തിലെ വിളയാടല്‍ ആരംഭിക്കുകയാണ്.
 
മുങ്ങാങ്കുഴിയിട്ട് കളിക്കുന്നതാണ് ഏറ്റവും ഹരം, പ്രത്യേക രീതിയിലുള്ള കല്ല് ഒരാള്‍ വെള്ളത്തിനടിയില്‍ ഒളിപ്പിച്ചു വെയ്ക്കും. ആദ്യം തപ്പിയെടുക്കുന്നയാള്‍ക്കാണ് പിന്നെ കല്ല് ഒളിപ്പിക്കുന്നതിനുള്ള അവകാശം. നീന്തല്‍മത്സരം, ഓടിപ്പിടുത്തം പോലെ വെള്ളത്തില്‍ ഒരു നീന്തിപ്പിടുത്തം അങ്ങനെ ഒരു മണിക്കൂര്‍, ഒന്നര, ചിലപ്പോള്‍ രണ്ട് മണിക്കൂര്‍ വരെയൊക്കെ നീളുന്ന നീന്തല്‍ സന്നാഹം. അവധി ദിവസങ്ങളില്‍ ഇത് ചിലപ്പോള്‍ അര ദിവസം വരെയാകും. അങ്ങനെ നീന്തല്‍ നിത്യജീവിതത്തിന്റെ ഭാഗമായിരുന്നു ബാല്യകാലം ഇപ്പോള്‍ ഓര്‍മ്മകളില്‍ മാത്രം. നഷ്‌ടസുഖങ്ങളില്‍ മധുരവുള്ള സുഖമുള്ള തണുപ്പുള്ള ഒരു ഓര്‍മ്മയാണ് പുഴയും കൂട്ടുകാരും നീന്തല്‍ മത്സരങ്ങളും എല്ലാം.
 
പുതുതലമുറയ്ക്ക് കൈമോശം വന്നു പോയതും ഇതാണ്. ജീവിതം ഫ്ലാറ്റുകളിലേക്കും അപ്പാര്‍ട്‌മെന്റുകളിലേക്കും ഒതുങ്ങിയപ്പോള്‍ പുഴകളും കുളങ്ങളും കടവുകളും അന്യമായി. തിരക്കു നിറഞ്ഞ ജീവിതത്തില്‍ കുളിമുറിയിലെ ഒരു ബക്കറ്റ് വെള്ളത്തിലായി കുളി. ഇതിനിടയില്‍ പുഴകള്‍ക്കും കുളങ്ങള്‍ക്കും ഒപ്പം നമുക്ക് നഷ്‌ടമായത് നീന്തല്‍ എന്ന കായികവിനോദം കൂടിയാണ്. ജലാശയങ്ങള്‍ വരളുമ്പോള്‍ ഭയപ്പെടുന്നതു പോലെ തന്നെ നീന്തല്‍ അന്യം നിന്ന് പോകുമ്പോഴും ഭയക്കണം. കാരണം ശരീരത്തിനും മനസ്സിനും ഒരുപോലെ ഉണര്‍വും ഉന്മേഷവും പകര്‍ന്നു തരുന്ന ഒരു വ്യായാമമാണ് നീന്തല്‍ എന്നതു തന്നെ.
 
നീന്തലിലൂടെ ശരീരത്തിനു ലഭിക്കുന്ന ചില ഗുണങ്ങള്‍;
 
1. കുടവയര്‍ കുറയ്ക്കാന്‍ വളരെ നല്ലൊരു മാര്‍ഗമാണ് നീന്തല്‍. നീന്തുമ്പോള്‍ വയറിലെ മസിലുകള്‍ക്ക് മുറുക്കം ലഭിക്കുന്നതാണ് ഇതിന് കാരണം.
 
2. കൈകാലുകള്‍ കൂടുതല്‍ കരുത്ത് നേടാനും നീന്തല്‍ സഹായിക്കും. കൈയും കാലും ഒരേസമയം ചലിപ്പിക്കുന്നതിനാലാണ് ഇത്.
 
3. മസിലുകള്‍ക്ക് കരുത്തും ഫിറ്റ്‌നസും നല്കാന്‍ നീന്തല്‍ സഹായിക്കുന്നു. ശരീരം മുഴുവന്‍ ഉപയോഗപ്പെടുത്തിയുള്ള പ്രവൃത്തിയായതിനാല്‍ ശരീരപേശികള്‍ക്ക് ഏറെ ഗുണം ചെയ്യും.
 
4. പ്രമേഹം, രക്തസമ്മര്‍ദ്ദം, സ്ട്രോക്ക് എന്നിവയില്‍ നിന്ന് മോചനം നേടാന്‍ നീന്തല്‍ ഒരു ഉത്തമോപാധിയാണ്.
 
5. ശ്വസനസംബന്ധമായ ഗുണങ്ങളും നീന്തല്‍ പ്രദാനം ചെയ്യുന്നു. നീന്തുമ്പോള്‍ ശ്വാസോച്ഛാസ നിയന്ത്രണങ്ങള്‍ നടത്തുന്നതിനാലാണിത്.
 
6. ആസ്‌ത്‌മ, ആര്‍ത്രൈറ്റിസ് തുടങ്ങിയ ശാരീരികമായ അസ്വസ്ഥകളുള്ള കുട്ടികളുടെ കാര്യത്തില്‍ നീന്തല്‍ വളരെ നല്ലതാണ്.
 
7. നീന്തല്‍ ഒരു ശീലമാക്കിയാല്‍ പൊണ്ണത്തടിയുള്ള കുട്ടികളില്‍ കാര്യമായ മാറ്റങ്ങള്‍ പെട്ടെന്നു കാണാന്‍ സാധിക്കും.
 
8. രക്തയോട്ടം ക്രമീകരിക്കും. ശാരീരിക ആകൃതി നിലനിര്‍ത്താനും നീന്തല്‍ സഹായിക്കും. 
 
9. നീന്തല്‍ ശീലമാക്കിയ കുട്ടികളില്‍ മാനസിക സമ്മര്‍ദ്ദവും ഉത്കണ്ഠയും മറ്റു കുട്ടികളെ അപേക്ഷിച്ച് വളരെ കുറവായിരിക്കും.
 
10. നീന്തുമ്പോള്‍ ശരീരം മുഴുവനായും ഉപയോഗിക്കുന്നതിനാല്‍ പേശീ വ്യായാമവും ഹൃദയത്തിന്റെയും കരളിന്റെയും കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് സഹായിക്കുകയും ചെയ്യുന്നു.
 
11. നീന്തല്‍ ശീലമാക്കിയ കുട്ടികളില്‍ ബുദ്ധിസാമര്‍ത്ഥ്യം, നേതൃത്വഗുണം, പഠനമികവ് എന്നിവ മറ്റു കുട്ടികളെ അപേക്ഷിച്ച് കൂടുതലായിരിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹൃദയം പറയുന്നത് കേൾക്കൂ...