Select Your Language

Notifications

webdunia
webdunia
webdunia
webdunia

അല്പസമയം നീക്കി വെയ്ക്കാന്‍ തയ്യാറാണോ ? മഴക്കാലത്തും പാദങ്ങള്‍ വെട്ടിത്തിളങ്ങും !

കാല്‍ സുന്ദരമാക്കാം; വലിയ മെനക്കേടില്ലാതെ

അല്പസമയം നീക്കി വെയ്ക്കാന്‍ തയ്യാറാണോ ? മഴക്കാലത്തും പാദങ്ങള്‍ വെട്ടിത്തിളങ്ങും !
, ചൊവ്വ, 4 ജൂലൈ 2017 (14:42 IST)
സുന്ദരിയായി നടക്കാന്‍ ഇഷ്‌ടമില്ലാത്ത ആരാണ് ഉള്ളത്. സൌന്ദര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ പ്രധാനമായും മുഖത്തിന്റെയും മുടിയുടെയുമൊക്കെ അഴക് കാത്തുസൂക്ഷിക്കാന്‍ ആയിരിക്കും കൂടുതല്‍ സമയം ചെലവഴിക്കുക. എന്നാല്‍, അത്രതന്നെ സമയം ചെലവഴിച്ചില്ലെങ്കിലും നമ്മുടെ കൈയിലേയും കാലിന്റെയും അതിലെ നഖത്തിന്റേയുമെല്ലാം സൌന്ദര്യം കാത്തു സൂക്ഷിക്കാനും അല്പസമയം നീക്കി വെയ്ക്കണം. പ്രത്യേകിച്ചും മഴക്കാലത്ത്. 
 
ആരോഗ്യത്തിന്റേയും സൗന്ദര്യത്തിന്റേയും ലക്ഷണമാണ് ശുചിത്വമുള്ള പാദങ്ങള്‍. അതുകൊണ്ടുതന്നെ മഴക്കാലത്ത് പാദങ്ങളില്‍ ഈര്‍പ്പം നില്‍ക്കാന്‍ അനുവധിക്കരുത്. അത്തരത്തില്‍ സംഭവിക്കുന്നതിലൂടെ പാദങ്ങളില്‍ ഫംഗസ് ബാധ, കുഴിനഖം എന്നിങ്ങനെയുള്ള അസുഖങ്ങള്‍ ഉണ്ടാകാന്‍ കാരണമായേക്കും. നമ്മള്‍ ഒന്നു മനസുവെക്കുകയാണെങ്കില്‍ മുഖം തിളങ്ങുന്നതുപോലെ നമ്മുടെ പാദങ്ങളും തിളങ്ങിയേക്കും.    
 
മഴക്കാലത്ത് ഈര്‍പ്പം കൂടുതലായതിനാല്‍ പാദങ്ങള്‍ കഴിവതും ഉണങ്ങിയിരിക്കാന്‍ ശ്രദ്ധിക്കണം. ഓരോ തവണ പുറത്ത് പോയി വരുമ്പോഴും വീര്യം കുറഞ്ഞ സോപ്പോ അല്ലെങ്കില്‍ അതുപോലെയുള്ള ലിക്വിഡ് സോപ്പോ മറ്റോ ഉപയോഗിച്ച് കാലുകള്‍ കഴുകേണ്ടത് അത്യാവശ്യമാണ്. കാലിലെ ഈര്‍പ്പം പൂര്‍ണ്ണമായും ഒപ്പിയെടുത്ത് നനവ് വിട്ടുമാറി എന്ന് ഉറപ്പായ ശേഷമേ പാദരക്ഷകള്‍ ധരിക്കാന്‍ പാടുള്ളൂ.
 
കാല്‍വിരലുകളിലെ വിടവ് കുറവായവര്‍ക്ക് ഫംഗസ്ബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ വിരലുകളുടെ വിടവുള്ളാ ഭാഗങ്ങള്‍ പഞ്ഞിയോ നല്ല വൃത്തിയുള്ള കോട്ടണ്‍ തുണിയോ ഉപയോഗിച്ച് ഈര്‍പ്പം മാറ്റി ക്രീം പുരട്ടുന്നത് നല്ലതാണ്. നഖങ്ങള്‍ക്കിടയില്‍ വെള്ളമിരുന്നാല്‍ കുഴിനഖമുണ്ടാകാനുള്ള സാധ്യതയുമുണ്ട്. ഇത് ഒഴിവാക്കുന്നതിന് നഖങ്ങളില്‍ മൈലാഞ്ചിയിടുന്നത് വളരെ നല്ലതാണ്. 
 
നഖങ്ങള്‍ വൃത്തിയായിരിക്കാന്‍ നെയില്‍ പോളിഷ് ഉപയോഗിക്കുന്നത് നല്ലതാണ്. നെയില്‍ പോളിഷ് ഇടുമ്പോള്‍ ഹൈഡ്രജന്‍ പെറോക്സൈഡ് ഒരു പഞ്ഞിയിലെടുത്ത് നഖങ്ങള്‍ക്കിരുവശത്തെ ഈര്‍പ്പവും ചെളിയും തുടച്ചുമാറ്റുക.
കാല്‍വിരലിലെ നഖങ്ങള്‍ കഴിവതും നീട്ടിവളര്‍ത്താതിരിക്കുക. നഖങ്ങള്‍ വളര്‍ത്തുന്നത് അഴുക്കടിഞ്ഞു കൂടാനിടയാക്കും. കൃത്യമായ ഇടവേളകളില്‍ നഖങ്ങള്‍ വെട്ടുന്നത് വൃത്തിയും ആരോഗ്യവും ഉറപ്പാക്കും. 
 
മാസത്തിലൊരിക്കലെങ്കിലും പെഡിക്യൂര്‍ ചെയ്യുന്നത് ഉത്തമമാണ്. ചെറുചൂടുവെള്ളം ഒരു വലിയ പാത്രത്തില്‍ എടുത്ത് അതിലേക്ക് അല്പം ഉപ്പും അല്‍പം ചെറുനാരങ്ങാനീരും ഒരു തുള്ളി ഷാംപൂവും ഒഴിച്ചു നല്ലപോലെ കലക്കുക. ഇതില്‍  പാദങ്ങള്‍ അല്‍പനേരം ഇറക്കി വക്കുക. ശേഷം ബ്രഷ് ഉപയോഗിച്ച് നഖങ്ങളും വിരലുകളും വിടവുകളും ഉപ്പൂറ്റിയും വൃത്തിയാക്കുക. ഇങ്ങനെ ചെയ്യുന്നത് കാലിലെ അഴുക്ക് നീക്കുകയും അണുബാധകള്‍ തടയുകയും ചെയ്യും.
 
മഴക്കാലത്ത് ഇറുകി കിടക്കുന്ന തരത്തിലുള്ള ചെരുപ്പുകള്‍ ഉപയോഗിക്കാതിരിക്കുക. അതുപോലെ ഷൂവും സോക്സും ഒഴിവാക്കുന്നതും നല്ലതാണ്. അല്പം ഹീലുള്ള ചെരിപ്പുകള്‍ ഉപയോഗിക്കുന്നതിലൂടെ റോഡിലൂടെ ഒഴുകുന്ന മലിനജലം പാദങ്ങളിലാകാതെ ശ്രദ്ധിക്കാന്‍ കഴിയും. രാത്രികിടക്കുന്നതിനു മുമ്പ് ചെറുചൂടുവെള്ളത്തില്‍ ഉപ്പിട്ട് പാദങ്ങള്‍  ഇറക്കിവെച്ച്  അഞ്ചുമിനിട്ടിനു ശേഷം നന്നായി തുടച്ച് പെട്രോളിയം ജെല്ലി പുരട്ടുന്നതും ഉത്തമമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സാമ്പാര്‍ എന്നത് മലയാളിയുടെ സ്വന്തമല്ല, സാമ്പാര്‍ കുടിയന്മാരായ തമിഴന്മാരുടേതുമല്ല; പിന്നെയോ ?