പ്രസംഗം പൂരമാക്കി മാറ്റണോ? കൈയ്യടികളുടെ പൂരം!
പ്രാഞ്ചിയേട്ടന് നേടാനായില്ല, പക്ഷേ കൈയ്യടി മേടിക്കാനും വഴികളുണ്ട്!
എങ്ങനെയാണ് ഒരു നല്ല പ്രാസംഗികനാകുന്നതെന്ന് അറിയാമോ? പലർക്കും ഇന്നറിയാത്ത കാര്യമതാണ്. ശ്രദ്ധിച്ചില്ലെങ്കിൽ നല്ല പണികിട്ടും. നമ്മുടെ പ്രാഞ്ചിയേട്ടനു കിട്ടിയതുപോലത്തെ പണി. പ്രാഞ്ചിയേട്ടനെ അറിയില്ലേ? രഞ്ജിത് സംവിധാനം ചെയ്ത ''പ്രാഞ്ചിയേട്ടൻ ആന്റ് ദ സെയ്ന്റ്'' എന്ന സൂപ്പർ ചിത്രത്തിലെ പ്രാഞ്ചിയേട്ടനെ ആരും മറക്കാൻ സാധ്യതയില്ല.
കാണാതെ പഠിച്ച വാചകങ്ങൾ മനസ്സിലിട്ട് കൂട്ടിക്കുഴച്ചുകൊണ്ടാണ് പ്രാഞ്ചിയേട്ടൻ (മമ്മൂട്ടി) സ്റ്റേജിലേക്ക് കയറുന്നത്. എന്തിനെന്നോ? പ്രസംഗിക്കാൻ. കൂടെയുള്ളവർ പകർന്നു നൽകിയ പ്രോത്സാഹനം മാത്രമാണ് ഏകെ ആശ്വാസം. തൃശൂരും പൂരവും ഒക്കെയാക്കി ഒരു അടിപൊളി പ്രസംഗം അതായിരുന്നു ലക്ഷ്യം. എന്നാൽ, പൂരം.. അത് മാത്രമേ നാവിന് പുറത്തേക്ക് വരുന്നുള്ളു. ഭയമാണ് പ്രശ്നം. ഒടുവില്‍ കാണികളുടെ കൂവലിന്റെ അകമ്പടിയോടെ ഒന്നും പറയാതെ മടക്കം.
പ്രാഞ്ചിയേട്ടനു പറ്റിയതുപോലത്തെ അബന്ധം ജീവിതത്തിൽ പലർക്കും പറ്റിയിട്ടുണ്ടാകും. ചിലകാര്യങ്ങൾ ഒക്കെ ശ്രദ്ധിച്ചാൽ ഈ പ്രശ്നം നമുക്ക് ഇല്ലാതാക്കാൻ കഴിയുന്നതേ ഉള്ളു. ശരിയാകുമോ? ശരിയാകുമോ എന്നുള്ള ആന്തൽ അല്ലെങ്കിൽ ചിന്ത ഇവനാണ് വില്ലൻ.
ഞാന്‍ ചെയ്താല്‍ തെറ്റുമോ? എല്ലാവരും എന്നെ തന്നെയാണല്ലോ നോക്കുന്നത്? തെറ്റിപ്പോയാൽ കളിയാക്കുമോ? ഇതുവരെ ഞാൻ ഇത് ശരിയാക്കിയിട്ടില്ല, അതുകൊണ്ട് ഇത്തവണയും ചീറ്റും. എന്നു തുടങ്ങുന്ന അനേകം ചിന്തകളാണ് നമ്മളെ പല മേഖലകളിൽ നിന്നും പുറകോട്ട് വലിക്കുന്നത്. ഇതിനെല്ലാം കാരണം, നമ്മുടെ ആത്മവിശ്വാസക്കുറവാണ്. ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ എന്താണ് മാർഗമെന്ന് നോക്കാം.
1. നിങ്ങൾ നിങ്ങളായി തന്നെയിരിക്കുക:
പ്രസംഗിക്കുമ്പോൾ പലർക്കും പല ശൈലിയാണ്. ഉദാഹരണത്തിന് വി എസ് അച്യുതാനന്ദനും പിണറായി വിജയനും അവരുടേതായ ശൈലിയുണ്ട്. ഓരോരുത്തർക്കും അവരുടേതായ രീതികളാണുള്ളത്. നിങ്ങളെങ്ങനെയാണോ അതുപോലെ തന്നെ ഇരിയ്ക്കുക. മറ്റൊരാളെ അനുകരിച്ച് പൊലിപ്പിക്കാൻ ആകുന്നതല്ല പ്രസംഗം. സ്വന്തം ശൈലിയിൽ സംസരിക്കാൻ ശീലിക്കുക. എല്ലാവർക്കും അവരുടേതായ കുറവുകളുണ്ടല്ലോ? അതാരുടെയും തെറ്റുമല്ല, അത് മനസ്സിലാക്കി ആത്മവിശ്വാസത്തോടെ പ്രസംഗിക്കുക.
2. ആവശ്യമില്ലാത്തതൊന്നും ചിന്തിക്കണ്ട:
ഒരു കാര്യം തീരുമാനിച്ചാൽ അതിൽ ഉറച്ച് നിൽക്കുക. അതിനിടയിൽ, ഉടലെടുക്കുന്ന പ്രശ്നങ്ങളെ വലുതാക്കാതിരിക്കുക. മറ്റുള്ളവർ എന്ത് വിചാരിക്കും, ശരിയാകുമോ എന്ന് തുടങ്ങിയ മുൻവിധികൾ മനസ്സിൽ നിന്നും മാറ്റിവെയ്ക്കുക. ചെയ്യാൻ കഴിയുമെന്ന ബോധം (ആത്മവിശ്വാസം) ഉണർത്തിയെടുക്കുക. മനസ്സിലും പ്രവർത്തിയിലും പോസിറ്റീവ് ചിന്തകൾ നിറയ്ക്കുക.
3. കഠിനാധ്വാനം:
ഏത് കാര്യത്തിനും അതിന്റേതായ പരിശീലനം ആവശ്യമാണ്. കഠിനമായി പ്രയത്നിക്കണം. നമ്മൾ ഒരു കാര്യം അധികമായി ആഗ്രഹിച്ചാൽ അത് നമ്മളെയും തിരിച്ച് ആഗ്രഹിക്കും എന്നാണല്ലോ?. പരിശ്രമിച്ച് കൊണ്ടേയിരിക്കുക. സ്റ്റേജിൽ കയറും മുൻപ് പലതവണ പ്രസംഗിച്ച് നോക്കുക. സമ്മർദ്ദങ്ങൾ ഒന്നുമില്ലാതെ, ഫ്രീയായി പ്രസംഗിക്കുക.
4. മുൻപിലിരിക്കുന്നത് സുഹൃത്തുക്കളാണ്:
സ്റ്റേജിൽ കയറിയാൽ പിന്നെ കണ്ണുകൾ പോകുന്നത് വേദിയിലേക്കാണ്. നിറഞ്ഞിരിക്കുന്ന സദസ്സ്. കാണികൾ. ഇതുകണ്ട് ഭയം വേണ്ട. മുൻപിലിരിക്കുന്നത് നിങ്ങളെ സുഹൃത്തുക്കളാണെന്ന് കരുതുക. ശിക്ഷ നടപ്പാൻ വന്ന ജയിൽ വാർഡൻ ആണെന്ന ഭാവം വേണ്ട. അവരിൽ നിന്നും ലഭിക്കുന്ന പോസിറ്റീവ് പ്രതികരണങ്ങളെ സ്വീകരിക്കാനും നെഗറ്റീവിനെ തള്ളാനുമുള്ള കഴിവ് ഒരു പ്രാസംഗികനുണ്ടായിരിക്കണം.
നിങ്ങളുടെ കുറവുകള്‍ നിങ്ങള്‍ അറിഞ്ഞാല്‍ മതി. അതിനാല്‍ ആത്മവിശ്വാസത്തോടെ മുന്നേറാം. ഏതു മേഖലയിലും നിങ്ങൾക്ക് വിജയിക്കാം. നല്ലൊരു പ്രാസംഗികനുമാകാം.