പ്രമേഹ രോഗികളുടെ എണ്ണം ദിനംപ്രതി വർധിച്ചു വരുകയാണ്. മാറിയ ജീവിതശൈലിയാണ് ഇതിന് കാരണം. തിരക്കുപിടിച്ച ജീവിതത്തിൽ ആരോഗ്യത്തിന് വേണ്ടത്ര പരിപാലനം നൽകാതിരിക്കുന്നത് ഭാവിയിൽ പ്രമേഹം അടക്കമുള്ള അസുഖങ്ങൾക്ക് കാരണമാകും. ഭക്ഷണത്തിന് മുമ്പുളള രക്തത്തിലെ പഞ്ചസാരയുടെ അളവും ഭക്ഷണം കഴിച്ചതിനു ശേഷമുള്ള പഞ്ചസാരയുടെ അളവും സന്തുലിതമായി നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്.
ഭക്ഷണക്രമത്തിന് പുറമേ വ്യായാമത്തിലൂടെയും നടത്തത്തിലൂടെയും പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാം. സത്യത്തിൽ നടത്തത്തിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ കഴിയുമോ? പ്രമേഹ രോഗികൾ നന്നായി വ്യായാമം ചെയ്യണമെന്നാണ് അമേരിക്കൻ ഡയബറ്റിസ് അസോസിയേഷൻ അഭിപ്രായപ്പെടുന്നത്. കൂടുതൽ സമയം നടക്കുമ്പോൾ പഞ്ചസാരയുടെ അളവ് വേഗത്തിൽ കുറയുന്നുവെന്നും ഇവർ സാക്ഷ്യപ്പെടുത്തുന്നു.
വേഗത്തിൽ നടക്കുന്നത് പാൻക്രിയാസ് കോശങ്ങൾ വേഗത്തിൽ പ്രവർത്തിക്കാൻ സഹായിക്കുന്നു. ഈ രീതി പഞ്ചസാരയുടെ മെറ്റബോളിസത്തെ വേഗത്തിലാക്കും, ഭക്ഷണം വേഗത്തിൽ ദഹിപ്പിക്കാൻ ഇത് സഹായിക്കും. രക്തത്തിൽ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്നതിനെ ഇത് തടയുന്നു. അതുകൊണ്ട് തന്നെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ നടത്തം പ്രധാനമാണ്.