ആരോഗ്യമുള്ള ശരീരത്തിനു ദിവസവും വ്യായാമം അത്യാവശ്യമാണ്. ജിമ്മില്‍ പോയി വര്‍ക്കൗട്ട് ചെയ്യുന്നവരാകും നമ്മളില്‍ പലരും. വ്യായാമം ചെയ്യുന്ന സമയത്ത് വെള്ളം കുടിക്കാമോ എന്ന സംശയം പലര്‍ക്കും ഉണ്ട്. വര്‍ക്കൗട്ടിനിടെ വെള്ളം കുടിക്കാമെങ്കിലും ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.
വര്‍ക്കൗട്ട് ആരംഭിക്കുന്നതിനു അരമണിക്കൂര്‍ മുന്‍പ് രണ്ട് മുതല്‍ മൂന്ന് കപ്പ് വരെ വെള്ളം കുടിക്കണം. വ്യായാമം ചെയ്യുമ്പോള്‍ വിയര്‍ക്കുന്നതിനാല്‍ ശരീരത്തില്‍ നിന്ന് ഫ്‌ളൂയിഡ്, ഇലക്ട്രോലൈറ്റ്‌സ് എന്നിവ നഷ്ടപ്പെടുന്നു. അതുകൊണ്ട് തന്നെ വ്യായാമം ചെയ്യുന്ന സമയത്ത് വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ ശരീരത്തില്‍ നിര്‍ജലീകരണം സംഭവിക്കും. വ്യായാമം ചെയ്യുമ്പോള്‍ എല്ലാ 15 മിനിറ്റിലും അല്‍പ്പം വെള്ളം കുടിച്ചിരിക്കണം. എന്നാല്‍ അമിതമായി ഒരുപാട് വെള്ളം വ്യായാമത്തിനിടെ കുടിക്കരുത്. കൃത്യമായ ഇടവേളകളില്‍ ചെറിയ തോതില്‍ വേണം കുടിക്കാന്‍. വര്‍ക്കൗട്ടിന് ശേഷവും രണ്ട് കപ്പ് വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. വര്‍ക്കൗട്ടിനിടെ തണുത്ത വെള്ളം കുടിക്കരുത്. തണുത്ത വെള്ളം കുടിക്കുമ്പോള്‍ തലയിലെ ഞെരമ്പുകള്‍ക്ക് സമ്മര്‍ദ്ദം കൂടാന്‍ സാധ്യതയുണ്ട്.