ആദ്യത്തെ കണ്മണിക്കായി ആറ്റുനോറ്റിരുന്നാലും പ്രസവം ശേഷം തടിച്ചു വീര്‍ത്ത് ‘ഔട്ട് ഓഫ് ഷേപ്പ്‘ ആകുന്നതിനെ ഭയക്കാത്ത സുന്ദരിമാരില്ല. ഇക്കാര്യത്തില്‍ ഒട്ടും പേടിവേണ്ട.
ബോളീവുഡ് സുന്ദരിമാര്‍ പ്രസവശേഷം ശരീരഭംഗി നഷ്ടപ്പെടുന്നതിനേക്കുറിച്ച് വ്യാകുലപ്പെടുമ്പോള്‍ ഹോളിവുഡ്ഡില്‍ അതൊരു പ്രശ്നമേയല്ല. ഐശ്വര്യാ റായി ഉള്‍പ്പടെ അഭിനയ രംഗത്ത് സജീവമായി നില്ക്കുന്ന നടികള്‍ ഗര്‍ഭധാരണം വൈകിക്കുമ്പോള്‍ ഹോളിവുഡ്ഡില്‍ ആഞ്ജലീനാ ജൂലിയും, ജെന്നിഫര്‍ ലോപ്പസും ഉള്‍പ്പടെയുള്ള സുന്ദരിമാര്‍ പ്രസവശേഷവും താരമൂല്യം കുറയാതെ നില്ക്കുന്നു.
നീന്തല്‍, സൈക്കിള്‍ ചവിട്ടല്‍, ജോഗിംഗ് തുടങ്ങി ചെറിയ പരിശീലനങ്ങളിലൂടെ പ്രശ്നം പരിഹരിക്കാം. ഹൃദയസംബന്ധവും, ശരീരഭാര സംബന്ധവുമായ ചെറിയ വ്യായാമ മുറകള്‍ തുടര്‍ച്ചയായി ചെയ്യുന്നത് ഫലം നല്‍കും. പെട്ടന്ന് മാറ്റം പ്രതീക്ഷിക്കുന്നതാണ് നിരാശയ്ക്കു കാരണമാകുന്നത്.
കൊഴുപ്പും മധുരവും അടങ്ങിയ ഭക്ഷണങ്ങള്‍ വീട്ടിനു വെളിയില്‍ ആക്കിയാല്‍ അവ കഴിക്കാനുള്ള പ്രലോഭനം ഒഴിവാക്കാം. മറ്റുള്ളവരോടും അക്കാര്യം നിര്‍ദ്ദേശിക്കുക. വയര്‍ ആലിലപോലെ ഒട്ടിക്കിടക്കാന്‍ പല വ്യായാമങ്ങളും ഉണ്ട്. ആദ്യഘട്ടത്തില്‍ ചെറിയ വ്യായാമങ്ങളില്‍ തുടങ്ങി പിന്നീട് സങ്കീര്‍ണ്ണമായ വ്യയാമ മുറകള്‍ ശീലിക്കുക.
പ്രസവ ശേഷം എത്ര കാലത്തിനു ശേഷം വ്യായാമം ആകാമെന്ന് ഡോക്ടറിനോട് ചോദിച്ചു മനസ്സിലാക്കുക. യോഗ, നൃത്തം, എയറോബിക്സ് തുടങ്ങി ശരീരസൌന്ദര്യം തിരിച്ചുപിടിക്കാന്‍ പല മാര്‍ഗ്ഗങ്ങളുണ്ട്. മുലയൂട്ടല്‍ വണ്ണം കുറയ്ക്കുമെന്ന് ഡയറ്റീഷ്യന്മാര് പറയുന്നു.
ദിനം പ്രതി 500 കലോറി എരിച്ചുകളയാന്‍ മുലയൂട്ടല്‍ കൊണ്ടു കഴിയും. കുഞ്ഞിനും അമ്മയ്ക്കും മുലയൂട്ടല്‍ ഒരുപോലെ ഗുണകരമാണ്. സുന്ദരിയായി ഇരിക്കുന്നതോടൊപ്പം നിങ്ങളുടെ പൊന്നോമനയ്ക്കു വേണ്ട പോഷണവും നല്കു.