എഴുപതുകളിലേയും എണ്‍പതുകളിലേയും ക്യാമ്പസ് സുന്ദരിമാര്‍ ദാവണിയുടുത്ത് മുല്ലപ്പൂവും ചൂടിയാണ് ക്യാമ്പസില്‍ അടിച്ച് പൊളിച്ചെതെങ്കില് ഇന്ന് ദാവണിയുടെ സ്ഥാനം കൈയ്യടക്കിയിരിക്കുന്നത് മിഡിയാണ്. ഹാഫ്സാരിയും ദാവണിയുമെല്ലാം പ്രത്യേക അവസരങ്ങളിലേക്ക് മാത്രമായി ഒതുങ്ങി. ഇന്റര്‍നെറ്റ് കാലത്തെ സുന്ദരിമാര്‍ക്കെല്ലാം താനല്പ്പം മോഡേണായി നടക്കുന്നതിലാണ് താല്‍പ്പര്യം.
വെറും മോഡേണ്‍ ആയാല്‍ പോരാ! വളരെ ഫാഷനബിള്‍ ആയ ലുക്ക് തന്നെ വേണമെന്ന നിര്‍ബന്ധം മിക്കവര്‍ക്കുമുണ്ട്. ഈ ലുക്ക് ലഭിക്കുന്നതിന് മിക്ക സുന്ദരിമാരും കൂട്ടുപിടിച്ചിരിക്കുന്നത് മിഡിയെയും ടോപ്പിനെയുമാണ്. ഇവ സുന്ദരിമാര്‍ക്ക് നല്കുന്ന ആത്മവിശ്വാസം പറഞ്ഞറിയാക്കാനാകില്ല !!!
പാശ്ചാത്യ വേഷമാണെങ്കിലും നമ്മുടെ സുന്ദരിമാര്‍ ഈ വേഷത്തെ ഊഷ്മളമായിത്തന്നെ സ്വാഗതം ചെയ്തിരിക്കുന്നതിന് ഉദാഹരണമാണ് ഇന്ന് നമ്മുടെ വിപണിയില്‍ കിട്ടുന്ന പുത്തന്‍ ഫാഷനബിള്‍ മിഡികള്‍. ഇതിനായി മിനി സ്കേര്‍ട്ട്, മൈക്രോ മിനി, ലോംഗ് സ്കേര്‍ട്ട് എന്നിങ്ങനെ വൈവിധ്യമാര്‍ന്ന ധാരാളം ഫാഷനുകള്‍ വിപണിയില്‍ ലഭ്യമാണ്.
കാല്‍പ്പാദം വരെയെത്തുന്നതും അംബ്രല്ലാ മോഡലില്‍ ധാരാളം ചുരുക്കുകളുമുള്ള ലോംഗ് സ്കേര്ട്ടുകളാണ് കോളേജ് സുന്ദരിമാര്ക്കിടയിലെ ഇപ്പോഴത്തെ താരം. വിവിധ കളര്‍ കോമ്പിനേഷനുകളില്‍ ഇവ ലഭ്യമാണ്. നീല - ഓറഞ്ച്, വൈറ്റ് - ബ്ലാക്ക്, മെജന്ത - നീല എന്നിവ അവയില്‍ ചിലതുമാത്രം.
ഒരു ബ്ലാക്ക് ലോംഗ് സ്കേര്‍ട്ട് മാത്രം വാങ്ങി പല നിറത്തിലുള്ള ടോപ്പുകളും ടീ ഷര്‍ട്ടുകളും ധരിക്കുന്നത് സുന്ദരിമാര്‍ക്ക് സാമ്പത്തികമായി ലാഭം നല്‍കും. വൈറ്റ് - ബ്ലാക്ക് കോമ്പിനേഷന്‍ ക്യാമ്പസില്‍ ആരാധകരേറെയുണ്ട്. അല്‍പ്പം കൂടി സൂപ്പര്‍ ലുക്ക് വേണമെങ്കില്‍ ക്യാമ്പസിന്റെ പഴയ താരമായ ജീന്‍സ് മിഡി തന്നെയുപയോഗിക്കാം. ചുരുക്കുകളില്ലാതെ കീഴ്ഭാഗത്ത് ചെറിയ വെട്ടുള്ള നീല ജീന്‍സ് സ്കേര്‍ട്ടിനൊപ്പം ബ്ലാക്കോ വൈറ്റോ ഷോര്‍ട്ട് ഷര്‍ട്ടുമിട്ട് കോളേജിലേക്കൊന്നു പോയി നോക്കൂ. ഫെയ്ഡഡ് ജീന്‍സ് പാന്റ് പോലെ ഫെയ്ഡഡ് ജീന്‍സ് മിഡിയും ഇന്ന് ലഭ്യമാണ്.
സൂപ്പര്‍ ട്രെന്‍ഡി സ്കേര്‍ട്ടിനും ടോപ്പിനുമൊപ്പം ഫാഷനബിള്‍ ആക്സസറീസ് അണിയാന്‍ മറക്കരുത്. നീളം കൂടിയ ഒരു ജൂട്ട് ബാഗും മിഡിയ്ക്കിണങ്ങുന്ന തരത്തിലുള്ള ബെല്‍റ്റും തടിയിലുണ്ടാക്കിയ ആഭരണങ്ങളുമിട്ടാല് ഫാഷനില്‍ നിങ്ങളെ വെല്ലാന്‍ പിന്നെ ആരുമുണ്ടാകില്ല. എന്താ ഒന്ന് പരീക്ഷിച്ച് നോക്കുകയല്ലേ?
Follow Webdunia malayalam