Select Your Language

Notifications

webdunia
webdunia
webdunia
webdunia

നീന്തുന്നവര്‍ നോസ് ക്ലിപ്പ് ഉപയോഗിക്കുക; അമീബിക് മസ്തിഷ്‌ക ജ്വരത്തിനെതിരെ ജാഗ്രത

വെള്ളം, മണ്ണ്, പൊടിപടലങ്ങള്‍ തുടങ്ങി എല്ലായിടത്തും അക്കാന്ത അമീബ കാണപ്പെടുന്നു

Amoebic

രേണുക വേണു

, ഞായര്‍, 6 ഒക്‌ടോബര്‍ 2024 (14:01 IST)
തിരുവനന്തപുരം ജില്ലയില്‍ അമീബിക് മസ്തിഷ്‌ക ജ്വര ജാഗ്രത തുടരുന്നു. ജില്ലയില്‍ ഇതുവരെ അമീബിക് മസ്തിഷ്‌ക ജ്വരവുമായി ബന്ധപ്പെട്ട 16 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. റിപ്പോര്‍ട്ട് ചെയ്തതില്‍ ആദ്യ രോഗി മരണമടഞ്ഞു. തുടര്‍ന്ന് അടിയന്തരമായി പ്രാഥമിക സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കി തുടര്‍ നടപടികള്‍ സ്വീകരിച്ചിരുന്നു. ഇതില്‍ 10 പേര്‍ക്ക് രോഗം ഭേദമായി. നിലവില്‍ അഞ്ചു പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്.
 
നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ, വെര്‍മീബ എന്നീ അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണുക്കള്‍ തലച്ചോറിനെ ബാധിക്കുമ്പോഴാണ് അമീബിക് മസ്തിഷ്‌ക ജ്വരം അഥവാ അമീബിക് എന്‍സെഫലൈറ്റിസ്  ഉണ്ടാകുന്നത്. സാധാരണയായി കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മുങ്ങി കുളിക്കുന്നവരിലും നീന്തുന്നവരിലുമാണ് രോഗബാധ ഉണ്ടാകുന്നത്. മൂക്കിനേയും മസ്തിഷ്‌കത്തേയും വേര്‍തിരിക്കുന്ന നേര്‍ത്ത പാളിയിലുള്ള സുഷിരങ്ങള്‍ വഴിയോ കര്‍ണ്ണ പടലത്തിലുണ്ടാകുന്ന സുഷിരങ്ങള്‍ വഴിയോ ആണ് അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എന്‍സെഫലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നത്. 
 
വെള്ളം, മണ്ണ്, പൊടിപടലങ്ങള്‍ തുടങ്ങി എല്ലായിടത്തും അക്കാന്ത അമീബ കാണപ്പെടുന്നു. മുറിവുകളിലൂടെയും ശ്വാസകോശത്തിലൂടെയും അക്കാന്ത അമീബയ്ക്ക് ശരീരത്തില്‍ കടന്ന് രോഗം ഉണ്ടാക്കാന്‍ സാധിക്കും. അതിനാല്‍ ലക്ഷണങ്ങള്‍ പ്രകടമായാല്‍ ഉടന്‍തന്നെ ചികിത്സ തേടേണ്ടതാണ്.
 
97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്. രോഗം മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരില്ല. രോഗാണുബാധ ഉണ്ടായാല്‍ ദിവസങ്ങള്‍ മുതല്‍ മാസങ്ങള്‍ക്കുള്ളിലാണ് രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നത്.
 
ലക്ഷണങ്ങള്‍, പ്രാഥമിക ലക്ഷണങ്ങള്‍
 
തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദ്ദി, കഴുത്ത് തിരിക്കാന്‍ ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കാനുള്ള ബുദ്ധിമുട്ട് എന്നിവ.  
 
കുഞ്ഞുങ്ങളില്‍ പൊതുവായി കാണപ്പെടുന്ന ലക്ഷണങ്ങള്‍ 
 
ഭക്ഷണം കഴിക്കാനുള്ള വിമുഖത, നിഷ്‌ക്രിയരായി കാണപ്പെടുക, സാധാരണമല്ലാത്ത പ്രതികരണങ്ങള്‍ എന്നിവ
 
രോഗം ഗുരുതരാവസ്ഥയിലായാല്‍ ഓര്‍മക്കുറവ്, അപസ്മാരം, ബോധക്ഷയം എന്നിയുമുണ്ടാകും. രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ എത്രയും വേഗം ചികിത്സ ലഭ്യമാക്കണം. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുകയോ നീന്തുകയോ ചെയ്തവര്‍ ആ വിവരം ഡോക്ടറെ നിര്‍ബന്ധമായും അറിയിക്കണം.
 
രോഗം പ്രതിരോധിക്കാം
 
കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നതും ഡൈവ് ചെയ്യുന്നതും ഒഴിവാക്കുക, നീന്തുന്നവരും നീന്തല്‍ പഠിക്കുന്നവരും മൂക്കില്‍ വെള്ളം കടക്കാതിരിക്കാന്‍ നോസ് ക്ലിപ്പ് ഉപയോഗിക്കുക, വാട്ടര്‍ തീം പാര്‍ക്കുകളിലേയും സ്വിമ്മിംഗ് പൂളുകളിലേയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കുക, ജലസ്രോതസ്സുകളില്‍ കുളിക്കുമ്പോള്‍ മൂക്കിലേക്ക് വെള്ളം കയറാതിരിക്കാന്‍ ശ്രദ്ധിക്കുക, മലിനമായതും കെട്ടിക്കിടക്കുന്നതുമായ വെള്ളത്തില്‍ മുങ്ങി കുളിക്കുന്നതും മുഖവും വായും, ശുദ്ധമല്ലാത്ത വെള്ളത്തില്‍ കഴുകുന്നതും പൂര്‍ണ്ണമായും ഒഴിവാക്കുക, പൊടിപടലങ്ങള്‍ നിറഞ്ഞ സ്ഥലങ്ങളില്‍ ഇടപഴകുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ഉപയോഗിക്കുക, കൈകള്‍ ഇടയ്ക്കിടയ്ക്ക് അണുവിമുക്തമാക്കുക.
 
നീന്തല്‍ കുളങ്ങളില്‍ പാലിക്കേണ്ട ശുചിത്വ നിര്‍ദ്ദേശങ്ങള്‍
 
ആഴ്ചയില്‍ ഒരിക്കല്‍ വെള്ളം പൂര്‍ണ്ണമായും ഒഴുക്കി കളയുക, സ്വിമ്മിംഗ് പൂളിന്റെ വശങ്ങളും തറയും ബ്രഷ് ഉപയോഗിച്ച് നന്നായി ഉരച്ച് കഴുകുക, പ്രതലങ്ങള്‍ നന്നായി ഉണങ്ങാന്‍ അനുവദിക്കുക, നീന്തല്‍ കുളങ്ങളിലെ ഫില്‍റ്ററുകള്‍ വൃത്തിയാക്കി ഉപയോഗിക്കുക, പുതിയതായി നിറയ്ക്കുന്ന വെള്ളം ക്ലോറിനേറ്റ് ചെയ്തതിന് ശേഷം മാത്രം ഉപയോഗിക്കുക, വെള്ളത്തിന്റെ അളവിനനുസരിച്ച് (അഞ്ചു ഗ്രാം ബ്ലീച്ചിംഗ് പൗഡര്‍ 1,000 ലിറ്റര്‍ വെള്ളത്തിന് എന്ന അനുപാതത്തില്‍) ക്ലോറിനേറ്റ് ചെയ്യുക, ക്ലോറിന്‍ ലെവല്‍ 0.5 പിപിഎം മുതല്‍ 3 പിപിഎം ആയി നിലനിര്‍ത്തുക. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാവിലെ ചോറ് കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്