Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്താണ് സോറിയാസിസ് ? അതൊരു പകര്‍ച്ചവ്യാധിയാണോ ? അറിയാം ചില കാര്യങ്ങള്‍ !

സോറിയാസിസ് പകരുമോ ?

എന്താണ് സോറിയാസിസ് ? അതൊരു പകര്‍ച്ചവ്യാധിയാണോ ? അറിയാം ചില കാര്യങ്ങള്‍ !
, ചൊവ്വ, 18 ജൂലൈ 2017 (12:26 IST)
തൊലിപ്പുറത്ത് ചുവപ്പുനിറത്തില്‍ പൊങ്ങിവന്ന് അവയില്‍ നിന്ന് വെള്ളനിറത്തില്‍ ശല്‍ക്കങ്ങള്‍പോലെ ഇളകിവരുന്നതാണ് സോറിയാസിസ്. സോറിയാസിസ് പകര്‍ച്ചവ്യാധിയല്ല. തൊലിപ്പുറത്തുണ്ടാകുന്ന ഈ രോഗം പലപ്പോഴും രോഗിയുടെ ശരീരത്തേക്കാളുപരി മനസ്സിനെ ബാധിക്കുന്നതു കാണാം. രോഗം വന്നതിന്റെ വിഷമവും ഇത് പകര്‍ച്ച വ്യാധിയാണ് എന്ന് മറ്റുള്ളവര്‍ തെറ്റിദ്ധരിക്കുന്നതിന്റെ വിഷമവും ചേര്‍ന്നുള്ള രോഗിയുടെ ധാരണകള്‍ ഒരു പക്ഷെ അവരെ വിഷാദരോഗത്തിലേക്കു വരെ കൊണ്ടെത്തിയ്ക്കാം. അതുകൊണ്ട് സോറിയാസിസ് പകര്‍ച്ചവ്യാധിയാണെന്ന മിഥ്യാധാരണ മനസ്സില്‍ നിന്നു എടുത്തുകളയുകയാണ് ആദ്യം ചെയ്യേണ്ടത്.
 
തൊലിയില്‍ അതിവേഗത്തില്‍ കോശവിഭജനം നടക്കുകയും അവ അല്പായുസ്സാകുകയും ചെയ്യുന്നതാണ് രോഗം. ഏതു പ്രായത്തിലും ആരംഭിക്കാവുന്ന ഈ രോഗം പതിനഞ്ചിനും നാല്‍പതിനു ഇടയ്ക്കു പ്രായമുള്ളവരിലാണ് സാധാരണ കാണുന്നത്. പത്തിന് താഴെ പ്രായമുള്ളവരില്‍ വിരളമാണ് സോറിയാസിസ്.മിക്കരാജ്യങ്ങളിലും ഒന്നുമുതല്‍ മൂന്നുശതമാനം പേര്‍ക്ക് സോറിയാസിസ് കാണപ്പെടുന്നു. സോറിയായാസിസിന്‍റെ അടിസ്ഥാന കാരണം ഇന്നും അജ്ഞാതമാണ്. എന്നാല്‍ രോഗം ഉണ്ടാക്കുന്ന ചില ഘടകങ്ങള്‍ പഠനങ്ങളിലൂടെ കണ്ടെത്തിയിട്ടുണ്ട്.
 
പാരമ്പര്യം ഇതിലൊരു പ്രധാന ഘടകമാണ്. മാതാപിതാക്കളിലൊരാള്‍ക്ക് ഈ രോഗമുണ്ടെങ്കില്‍ കുട്ടികള്‍ക്കും ഉണ്ടാകാനുള്ള സാധ്യത 15 ശതമാനമാണ്. രണ്ടുപേര്‍ക്കും ഉണ്ടെങ്കില്‍ 50 ശതമാനവും. ശരീരത്തിലെ ചില ജൈവ രാസപദാര്‍ത്ഥങ്ങളുടെ ഏറ്റക്കുറച്ചില്‍ രോഗത്തിലേക്കും നയിക്കുന്ന മറ്റൊരു കാരണമാണ്. അജ്ഞാതമായ ഏതോ ആന്‍റിജനെതിരെയുള്ള ശരീരത്തിന്‍റെ പ്രവര്‍ത്തനം അഥവാ ഇമ്മ്യൂണോളിക്കല്‍ പ്രതിപ്രവര്‍ത്തനമാകാം മറ്റൊരു ഘടകമെന്നും വിശ്വസിക്കപ്പെടുന്നു. 
 
തൊലിയുടെ പാളികളായ എപ്പിഡെര്‍മിസിന്‍റെയും ഡെര്‍മിസിന്‍റെയും വിഭജന പ്രക്രിയിലെ തകരാറുകളും രോഗത്തിലേക്കു നയിക്കുന്നു. മുറിവുകള്‍, അണുബാധ,സൂര്യപ്രകാശം, ചില മരുന്നുകളെക്കുറിച്ചുള്ള ആകാംക്ഷ എന്നിവയൊക്കെയാണ് പെട്ടെന്നുള്ള രോഗമൂര്‍ച്ഛക്കു കാരണമാകുന്നത്. തൊലിപ്പുറത്തു പുരട്ടുന്ന ലേപനങ്ങള്‍, കോര്‍ട്ടിക്കോ സ്റ്റിറോയിഡുകള്‍ എന്നിവ ചികിത്സക്കായി ഉപയോഗിക്കാറുണ്ട്. 
 
സൂര്യപ്രകാശത്തിലടങ്ങിയ അള്‍ട്രാവയലറ്റ് കിരണങ്ങള്‍ക്ക് രോഗത്തെ സുഖപ്പെടുത്താന്‍ കഴിയും. ചികിത്സിക്കുന്ന ത്വക്ക് രോഗ സ്പെഷ്യലിസ്റ്റിന്‍റെ നിര്‍ദ്ദേശപ്രകാരം ചില മരുന്നുകള്‍ ഉളളില്‍ കഴിക്കേണ്ടതായും വരാം. പെട്ടെന്നുള്ള രോഗമൂര്‍ച്ഛയുണ്ടാകുന്ന അവസരങ്ങളില്‍ ശരീരത്തിന്‍റെയും മനസ്സിന്‍റെയും വിശ്രമം അനിവാര്യമാണ്. ആകാംക്ഷയോ വിഷാദമോ രോഗാവസ്ഥയിലേക്കെത്തുകയാണെങ്കില്‍ അവയ്ക്കും ചികിത്സ നല്‍കേണ്ടിവരും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ പഴങ്ങള്‍ കഴിക്കാന്‍ തയ്യാറാണോ? എന്നാല്‍ നിങ്ങളുടെ സൌന്ദര്യം വര്‍ദ്ധിപ്പിക്കാം !