ലോകം വളരെ ഭയപ്പാടോടെ വീക്ഷിച്ച പകര്‍ച്ചവ്യാധിയാണ് സാര്‍സ്. ശ്വാസകോശങ്ങളെ ബാധിക്കുകയും, വളരെ വേഗം പടര്‍ന്ന് പിടിക്കുകയും ചെയ്ത സാര്‍സ് ചുരുങ്ങിയ കാലം കൊണ്ട് ഒട്ടേറെ പേരുടെ ജീവന്‍ പെട്ടെന്ന് അപഹരിച്ചു. ഏഷ്യയില്‍ നിന്നാണ് സാര്‍സിന്‍റെ തുടക്കം. കാനഡയിലും സാര്‍സ് പടര്‍ന്ന് പിടിച്ചിരുന്നു.
ലോഗലക്ഷണം
തലവേദന, അസ്വസ്ഥത, ദേഹവേദന, കടുത്ത പനി എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങള്‍ ചിലപ്പോള്‍ ചെറിയ ശ്വാസതടസവും അനുഭവപ്പെടാറുണ്ട്. രോഗലക്ഷണം പ്രകടമായ രണ്ട് മുതല്‍ ഏഴ് ദിവസത്തിനകം വരണ്ട ചുമയും, ശ്വാസ തടസവും അനുഭവപ്പെടുന്നു.
രോഗവ്യാപനം :
രോഗിയില്‍ നിന്ന് മറ്റൊരാളിലേയ്ക്ക് എന്ന ക്രമത്തിലാണ് ആദ്യ ഘട്ടത്തില്‍ രോഗാണുക്കള്‍ പരക്കുന്നത്. രോഗിയെ പരിചരിക്കുന്നവര്‍ക്കും, സ്പര്‍ശനം, തുമ്മല്‍ തുടങ്ങിയ വഴിയും രോഗം പകരാം.
രോഗസാധ്യത
സാര്‍സ് രോഗം പടര്‍ന്ന് പിടിച്ച സ്ഥലങ്ങളിലേയ്ക്ക് യാത്ര ചെയ്യുന്നവര്‍ക്ക് രോഗമുണ്ടാകാനുള്ള സാധ്യത ഏറെയാണ്. സാര്‍സ് രോഗം പിടിപെട്ട വ്യക്തിയില്‍ നിന്നും കുടുംബാംഗങ്ങള്‍ക്കും, രോഗിയെ ശുശ്രൂഷിക്കുന്നവര്‍ക്കും രോഗം പകരാന്‍ സാധ്യതയുണ്ട്.
രോഗകാരണം:
കൊറോണോ എന്ന വൈറസാണ് സാര്‍സ് രോഗത്തിന് കാരണമെന്ന് അനുമാനിക്കുന്നു.
മുന്‍കരുതലുകള്‍:
അത്യാവശ്യമല്ലാത്ത യാത്രകള്‍ നീട്ടിവയ്ക്കുക. പ്രത്യേകിച്ചും സാര്‍സ് ബാധിത പ്രദേശങ്ങളിലേയ്ക്കുള്ള രോഗപ്രതിരോധ മുന്‍കരുതലുകള്‍ സ്വീകരിക്കുക. സാര്‍സ് ബാധിത പ്രദേശങ്ങളിലൂടെയാണ് യാത്രയെങ്കില്‍ കഴിയുന്നതും ദേഹശുചിത്വം പാലിക്കുക.
ദിവസത്തില്‍ പല പ്രാവശ്യം കൈകള്‍ കഴുകുക. പൊതുപരിപാടികള്‍ ഒഴിവാക്കുന്നത് രോഗസംക്രമണം കുറയ്ക്കും. പൊതു സ്ഥലങ്ങളിലൂടെ യാത്ര ചെയ്യുമ്പോള്‍ മുഖംമൂടി ധരിക്കുക.
ചികിത്സ:
കടുത്ത പനിയും ചുമയുമുണ്ടെങ്കില്‍ വൈദ്യസഹായം തേടണം. അടുത്ത കാലത്ത് സന്ദര്‍ശിച്ച സ്ഥലങ്ങളെക്കുറിച്ച് ഡോക്ടറിനോട് വിശദമായി അറിയിക്കണം.
കുടുംബ അംഗങ്ങളില്‍ ആര്‍ക്കെങ്കിലും സാര്‍സ് രോഗബാധയുണ്ടെങ്കില്‍ രോഗലക്ഷണങ്ങള്‍ ഭേദമായതിന് ശേഷമുള്ള 10 ദിവസങ്ങള്‍ കൂടി പ്രതിരോധ നടപടികള്‍ പാലിക്കണം. പൊതുസ്ഥലത്തോ, പൊതുപരിപാടികളിലോ പങ്കെടുക്കാന്‍ ഈ കാലയളവില്‍ രോഗിയെ അനുവദിക്കരുത്. ശുശ്രൂഷകര്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിച്ച ശേഷം മാത്രം രോഗിയുമായി ഇടപെടുക.