Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോക്ഡൗണ്‍ കാലത്ത് ആശുപത്രി കയറി ഇറങ്ങണ്ട, വീട്ടിലിരുന്ന് ഡോക്ടറെ കാണാം!

ലോക്ഡൗണ്‍ കാലത്ത് ആശുപത്രി കയറി ഇറങ്ങണ്ട, വീട്ടിലിരുന്ന് ഡോക്ടറെ കാണാം!

ശ്രീനു എസ്

, വ്യാഴം, 6 മെയ് 2021 (19:21 IST)
തിരുവനന്തപുരം: സംസ്ഥാനം ലോക്ഡൗണിലേക്ക് പോകുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇ സഞ്ജീവനി വിപുലീകരിച്ചതായി ആരോഗ്യ വകുപ്പ്. വെള്ളിയാഴ്ച മുതല്‍ ഇ സഞ്ജീവനി വഴിയുള്ള കോവിഡ് ഒപി സേവനം 24 മണിക്കൂറുമാക്കിയിട്ടുണ്ട്. കോവിഡ് നിരീക്ഷണത്തിലുള്ളവര്‍, ചികിത്സയിലുമുള്ളവര്‍, രോഗലക്ഷണമുള്ളവര്‍, രോഗ സംശയമുള്ളവര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും ഈ സേവനം ഉപയോഗിക്കാവുന്നതാണ്. ഇതിനായി കോവിഡ് ചികിത്സയില്‍ വൈദഗ്ധ്യമുള്ള ഡോക്ടര്‍മാരെ 24 മണിക്കൂറും നിയോഗിക്കുന്നതാണ്. ഹോം ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക് എന്തെങ്കിലും രോഗ ലക്ഷണം ഉണ്ടായാല്‍ അവഗണിക്കാതെ ഇ സഞ്ജീവനിയില്‍ വിളിച്ച് സംശയങ്ങള്‍ ദൂരീകരിക്കേണ്ടതാണ്. ഇതിലൂടെ വേണ്ട റഫറന്‍സും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതുണ്ടോയെന്നും മനസിലാക്കാന്‍ സാധിക്കുന്നതാണ്. മാത്രമല്ല രോഗം മൂര്‍ച്ഛിക്കാതെ ഇവരെ ആശുപത്രിയിലെത്താനും സഹായിക്കുന്നു.
 
കോവിഡ് ഒപി സേവനം കൂടാതെ രാവിലെ 8 മണി മുതല്‍ രാത്രി 8 മണി വരെ സ്പെഷ്യാലിറ്റി, സൂപ്പര്‍ സ്പെഷ്യാലിറ്റി സേവനങ്ങള്‍ ഉള്‍പ്പടെ 35ല്‍ പരം വിവിധ ഒ.പി. സേവനങ്ങളും ലഭ്യമാകുന്നു. തുടര്‍ ചികിത്സയ്ക്കും പാലിയേറ്റീവ് കെയര്‍ സ്റ്റാഫുകള്‍ക്കും ഉള്‍പ്പെടെ എല്ലാവര്‍ക്കും ഇ സഞ്ജീവനി വഴി ഡോക്ടര്‍മാരുടെ സേവനം തേടാവുന്നതാണ്.
 
ലക്ഷണമില്ലാത്തവരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ പരമാവധി വീട്ടിലിരിക്കുന്നതാണ് രോഗം നിയന്ത്രിക്കാനുള്ള പോംവഴി. ആരില്‍ നിന്നും ആരിലേക്കും രോഗം പകരുന്ന അവസ്ഥയാണുള്ളത്. ഈയൊരു സാഹചര്യത്തില്‍ ആശുപത്രി സന്ദര്‍ശനം പരമാവധി ഒഴിവാക്കി വീട്ടില്‍ ഇരുന്നുകൊണ്ടുതന്നെ ചികിത്സ തേടാന്‍ കഴിയുന്നതാണ് ഇ സഞ്ജീവനി. ഇ സഞ്ജീവനിയില്‍ ചികിത്സ തേടുന്നവരുടെ എണ്ണം പ്രതിദിനം 1300ലധികമായി ഉയര്‍ന്നിട്ടുണ്ട്.
 
കേരളത്തിലെ പൊതുമേഖല ആരോഗ്യ രംഗത്തെ പ്രശസ്തമായ പല സ്ഥാപനങ്ങളും ഇ സഞ്ജീവനി വഴി സേവനങ്ങള്‍ നല്‍കി വരുന്നു. ഫിസിക്കല്‍ മെഡിസിന്‍ അസോസിയേഷനും തൃശൂരിലെ സ്വകാര്യ ഒഫ്താല്‍മോളജിസ്റ്റുമാരും സ്പെഷ്യലിറ്റി ഒപികളുടെ സേവനം നല്‍കാന്‍ താത്പര്യമറിയിച്ചിട്ടുണ്ട്.
 
 
എങ്ങനെ വീട്ടിലിരുന്ന് ഡോക്ടറെ കാണാം?
 
ആദ്യമായി https://esanjeevaniopd.in എന്ന ഓണ്‍ലൈന്‍ സൈറ്റ് സന്ദര്‍ശിക്കുകയോ അല്ലെങ്കില്‍ ഇ-സഞ്ജീവനി ആപ്ലിക്കേഷന്‍ https://play.google.com/store/apps/details?id=in.hied.esanjeevaniopd&hl=en_US മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുകയോ ചെയ്യാവുന്നതാണ്.
 
ഇന്റര്‍നെറ്റ് സൗകര്യമുള്ള മൊബൈലോ ലാപ്ടോപോ അല്ലെങ്കില്‍ ടാബ് ഉണ്ടങ്കില്‍ esanjeevaniopd.in എന്ന സൈറ്റില്‍ പ്രവേശിക്കാം. ആ വ്യക്തി ഉപയോഗിക്കുന്ന ആക്ടീവായ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചു രജിസ്റ്റര്‍ ചെയ്യുക. തുടര്‍ന്ന് ലഭിക്കുന്ന ഒടിപി നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത ശേഷം പേഷ്യന്റ് ക്യൂവില്‍ പ്രവേശിക്കാം.
 
വീഡിയോ കോണ്‍ഫറന്‍സ് വഴി ഡോക്ടറോട് നേരിട്ട് രോഗ വിവരത്തെപ്പറ്റി സംസാരിക്കാവുന്നതാണ്. ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന് ശേഷം മരുന്ന് കുറിപ്പടി ഉടന്‍ തന്നെ ഡൗണ്‍ലോഡ് ചെയ്ത് മരുന്നുകള്‍ വാങ്ങാനും പരിശോധനകള്‍ നടത്താനും തുടര്‍ന്നും സേവനം തേടാനും സാധിക്കുന്നു. സംശയങ്ങള്‍ക്ക് ദിശ 1056, 0471 2552056 എന്നീ നമ്പരില്‍ വിളിക്കാവുന്നതാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

124 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുകൂടി കൊവിഡ്; ഹോട്‌സ്‌പോട്ടുകളുടെ എണ്ണം 723 ആയി