Fatty Liver: മദ്യപിക്കണമെന്നില്ല കരള്‍ രോഗം വരാന്‍ ! അറിഞ്ഞിരിക്കാം ഫാറ്റി ലിവര്‍ ലക്ഷണങ്ങള്‍
കരളില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടുന്ന അവസ്ഥയാണ് നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍
Fatty Liver: കരളിന്റെ ആരോഗ്യം എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് പറയാതെ തന്നെ അറിയാമല്ലോ? കരളിനെ ഏറ്റവും ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കാന്‍ മനുഷ്യന്‍ പഠിക്കണം. എന്തെങ്കിലും കരള്‍ രോഗം ഉണ്ടായാല്‍ അത് മദ്യപാനം കൊണ്ട് മാത്രമാണെന്ന് കരുതുന്നവരാണ് നമ്മള്‍. എന്നാല്‍, അത് തെറ്റായ ചിന്താഗതിയാണ്. മദ്യ ഇതര കരള്‍ രോഗത്തെ കുറിച്ചും നാം ബോധവാന്‍മാരാകണം.
അമിതമായ അന്നജം ശരീരത്തില്‍ എത്തുന്നത് ഫാറ്റി ലിവറിന് കാരണമാകുന്നു. അതായത് അമിതമായ അരി ഭക്ഷണം ആരോഗ്യത്തിനു ദോഷമാണ്. അമിതമായ അരി ഭക്ഷണം ശരീരത്തിലേക്ക് കടത്തിവിടരുത്. ശരീരത്തിനു കൃത്യമായ വ്യായാമം ഇല്ലാത്തതും ഫാറ്റി ലിവറിന് കാരണമാകും. മദ്യപാനം മാത്രമല്ല നിങ്ങളുടെ കരളിനെ അപകടാവസ്ഥയിലാക്കുന്നതെന്ന് മനസ്സിലാക്കുക.
കരളില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടുന്ന അവസ്ഥയാണ് നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍. അമിത വണ്ണമുള്ളവരിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. കൃത്യമായ ചികിത്സ കിട്ടിയില്ലെങ്കില്‍ ഇത് ലിവര്‍ സിറോസിസിലേക്ക് വരെ നയിക്കാം. ഭക്ഷണ രീതിയാണ് നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവറിന് പ്രധാന കാരണം. കരളിലെ കൊഴുപ്പ് കരള്‍ വീക്കത്തിനു കാരണമാകുന്നു. ഇത് കരളിന്റെ പ്രവര്‍ത്തനത്തെ തകരാറിലാക്കുകയും ചെയ്യുന്നു. പ്രായപൂര്‍ത്തിയായവരില്‍ ഏകദേശം രണ്ടില്‍ ഒരാള്‍ക്ക് ഈ രോഗം കാണപ്പെടുന്നു.
ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം, ഉയര്‍ന്ന കൊളസ്ട്രോള്‍, പ്രമേഹം എന്നിവ ഉള്ളവരില്‍ നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ വേഗം വന്നേക്കാം. പുകവലിയും ഈ അവസ്ഥയ്ക്ക് കാരണമാകും.
ക്ഷീണം, അമിത ഭാരം, കരളിന്റെ പ്രവര്‍ത്തന വൈകല്യം, ശാരീരിക ബലഹീനത തുടങ്ങിയവയാണ് ഫാറ്റി ലിവര്‍ രോഗലക്ഷണങ്ങള്‍.