ഇന്ത്യന്‍ ജനസംഖ്യയില്‍ പ്രായപൂര്‍ത്തിയായവരില്‍ പകുതിയോളം പേര്‍ ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം ശാരീരികമായി ഫിറ്റല്ലെന്ന് ലാന്‍സെറ്റ് പഠനം. സ്ത്രീകളില്‍ 57 ശതമാനവും പുരുഷന്മാരില്‍ 42 ശതമാനവും ശാരീരികമായി നിഷ്‌ക്രിയരാണെന്നും മുതിര്‍ന്നവരിലെ ഈ ശാരീരികമായ അപര്യാപ്തത 2000ല്‍ 22.3 ശതമാനമായിരുന്നത് 2022ല്‍ എത്തുമ്പോള്‍ 49.4 ശതമാനമായും ഉയര്‍ന്നെന്നും ലാന്‍സെറ്റ് കണക്കുകള്‍ പറയുന്നു. സ്ഥിതി മുന്നോട്ടുപോവുകയാണെങ്കില്‍ 2030 ഓടെ ഇന്ത്യന്‍ ജനസംഖ്യയില്‍ 60 ശതമാനത്തോളം പേര്‍ ശാരീരികമായി നിഷ്‌ക്രിയരാവുമെന്ന് പഠനത്തില്‍ പറയുന്നു.
എല്ലാ മുതിര്‍ന്നവരും ആഴ്ചയില്‍ 150 മുതല്‍ 300 മിനിറ്റ് നേരമെങ്കിലും മിതമായ എയറോബിക് പ്രവര്‍ത്തനം അല്ലെങ്കില്‍ തത്തുല്യമായ ഊര്‍ജം ആവശ്യപ്പെടുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്യേണ്ടതുണ്ട്. ആഴ്ചയില്‍ 150 മിനിറ്റ് മിതമായ ആക്ടിവിറ്റിയോ അല്ലെങ്കില്‍ 75 മിനിറ്റ് കൂടുതല്‍ ഊര്‍ജം ആവശ്യമായ പ്രവര്‍ത്തി ചെയ്യാത്ത അവസ്ഥയേയാണ് നിഷ്‌ക്രിയം എന്ന കണക്കില്‍ പെടുത്തിയിരിക്കുന്നത്. ഇക്കൂട്ടരില്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍,സ്‌ട്രോക്ക്,ടൈപ്പ് 2 ഡയബറ്റീസ്,ഡിമെന്‍ഷ്യ,കൊളോണ്‍ കാന്‍സര്‍,സ്തനാര്‍ബുധം എന്നിവ ബാധിക്കാന്‍ സാധ്യത അധികമാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.
195 രാജ്യങ്ങളില്‍ നടത്തിയ കണക്കെടുപ്പില്‍ ജനങ്ങള്‍ ശാരീരികമായി അധ്വാനിക്കാത്ത രാജ്യങ്ങളില്‍ 12മത് സ്ഥാനത്താണ് ഇന്ത്യ. ലോകമാകെ പ്രായപൂര്‍ത്തിയായവരില്‍ 31 ശതമാനമാണ് ഫിസിക്കലി ഫിറ്റല്ലാതെ ഇരിക്കുന്നവരായുള്ളത്. ശാരീരികപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനുള്ള മടി ലോകമാകമാനം ഉണ്ടെങ്കിലും ഏഷ്യാ പസദിക് മേഖലയിലും തെക്കേ ഏഷ്യയിലുമാണ് കണക്കുകള്‍ കൂടുതലായിട്ടുള്ളത്.
കാലാവസ്ഥയില്‍ വന്ന മാറ്റങ്ങള്‍, ജോലി രീതികള്‍ മാറിയത്, യാത്ര കൂടുതല്‍ ബുദ്ധിമുട്ടായത്. ഒഴിവ് സമയങ്ങളില്‍ ഫോണ്‍ ഉപയോഗം വര്‍ധിച്ചത് എന്നിവയെല്ലാം ഇതിന് കാരണങ്ങളാണ്. സ്ത്രീകളില്‍ ശാരീരിക പ്രവര്‍ത്തനങ്ങള്‍ കുറയുന്നത് ഭാവിയില്‍ ജനനനിരക്കിനെ ബാധിക്കുമോ എന്ന ആശങ്ക ശക്തമാണ്. ഇന്ത്യയില്‍ നഗരങ്ങളില്‍ താമസിക്കുന്ന സ്ത്രീകള്‍ക്കിടയിലും മധ്യവിഭാഗത്തില്‍ പെട്ട സ്ത്രീകള്‍ക്കിടയിലുമാണ് ശാരീരിക അധ്വാനം കുറഞ്ഞിട്ടുള്ളത്.