ആഹാരം ഉണ്ടാക്കുന്ന പാത്രങ്ങളും നമ്മുടെ ആരോഗ്യവും തമ്മിൽ വലിയ ബന്ധമുണ്ടെന്ന് അറിയാമല്ലോ. മുൻപ് പാചകത്തിന് നമ്മൾ പൂർണമായും മൺപാത്രങ്ങളാണ് ഉപയോഗിച്ചിരുന്നത്. അത് ആരോഗ്യത്തിന് ഏറെ ഗുണകരമായിരുന്നു. എന്നാൽ കാലം മാറിയതോടെ പാചകത്തിന് ഉപയോഗിക്കുന്ന പാത്രങ്ങളിലും മാറ്റം വന്നു.
നോൺസ്റ്റിക് പാത്രങ്ങളാണ് ഇപ്പോൾ നമ്മുടെ അടുക്കളകളെ കീഴടക്കിയിരിക്കുന്നത്. പാകം ചെയ്യുമ്പോൾ ചേരുവകൾ പാത്രത്തിൽ ഒട്ടാതിരിക്കാനായി പ്രത്യേക രീതിയിൽ നിർമ്മിച്ച നോൺസ്റ്റിക് പാത്രങ്ങൾ പക്ഷേ ആരോഗ്യം കവർന്നെടുക്കുകയാണ്. നോൺസ്റ്റിക് പാത്രങ്ങളിലെ ടെഫ്‌ലോൺ കോട്ടിങ്ങാണ് ഭക്ഷണം ഒട്ടിപ്പിടിക്കാതിരിക്കാൻ സഹായിക്കുന്നത്.
എന്നാൽ ടെഫ്ലോൺ കോട്ടിങ്ങിൽ ഉപയോഗിച്ചിരിക്കുന്ന ‘പെര്‍ഫ്ലൂറോ ഓക്ടാനോയിക് ആസിഡ്‘ എന്ന മനുഷ്യനിർമ്മിത രാസവസ്തു അത്യന്തം അപകടകാരിയാണ്. നോൺസ്റ്റിക് പാത്രങ്ങളിൽ പാകം ചെയ്യുന്നതിലൂടെ ഇത് ഭക്ഷണത്തിൽ കലരും. ഇത് സ്ഥിരമായി ഉള്ളിൽ ചെല്ലുന്നത് ക്യാൻസറിന് കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. സ്ത്രീ പുരുഷ ഭേതമന്യേ പ്രത്യുൽപാദന ശേഷി കുറയുന്നതിനും ഇത് കാരണമാകുന്നതായാണ് പഠനങ്ങളിലെ വെളിപ്പെടുത്തൽ.