'ഇതെന്തൊരു ടെന്‍ഷന്‍ !' എന്ന് ഒരിക്കലെങ്കിലും പറയാത്തവരുണ്ടോ?. ഇല്ല എന്നതാണ് വസ്തുത. നമുക്കെല്ലാം മാനസിക പിരിമുറുക്കം ഉണ്ടാവാം. പക്ഷേ അതെങ്ങനെ മറികടക്കും? മനസ്സിനെ തഴുകി തലോടുന്ന ഒരു മൃദുഗാനം ഒരു പക്ഷേ മരുന്നായി പ്രവര്‍ത്തിച്ചേക്കാം. എന്നാല്‍ അതിനെക്കാള്‍ നല്ലൊരു ‘ടെന്‍ഷന്‍ കൊല്ലി’ മരുന്നുണ്ട് എന്നാണ് ഗവേഷകര്‍ പറയുന്നത്. പിരിമുറുക്കം കുറയ്ക്കാനുള്ള ഏറ്റവും നല്ല മരുന്ന് വായനയാണെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ആറ് മിനിറ്റ് നേരത്തെ വായന നിങ്ങളുടെ മാനസിക പിരിമുറുക്കം മൂന്നിലൊന്നായി കുറയ്ക്കുമത്രേ !
മനസ്സ് പൂര്‍ണമായും വായനയില്‍ കേന്ദ്രീകരിക്കുന്നതാണ് പിരിമുറുക്കത്തെ ദൂരെ നിര്‍ത്താന്‍ സഹായിക്കുന്നത്. വായനയുടെ ലോകത്തില്‍ വിഹരിക്കുമ്പോള്‍ മസിലുകളിലെയും ഹൃദയത്തിലെയും പിരിമുറുക്കം കുറയാന്‍ കാരണമാവുമെന്ന് ഗവേഷകര്‍ പറയുന്നു.
ഗ്രന്ഥകര്‍ത്താവിന്‍റെ ഭാവനയില്‍ വായനക്കാര്‍ മുഴുകുന്ന അവസ്ഥയ്ക്ക് മറ്റൊരു പ്രയോജനം കൂടിയുണ്ടെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. അതായത്, വായനയില്‍ മുഴുകുമ്പോള്‍ ഗ്രന്ഥകര്‍ത്താവിന്‍റെ ഭാവനാ ലോകത്തിന് അനുസൃതമായൊരു ലോകം വായനക്കാരന്‍ സ്വയം സൃഷ്ടിക്കുന്നു. ഇത് സൃഷ്ടിപരമായ കഴിവുകളെ കൂടുതല്‍ ഉദ്ദീപിപ്പിക്കാന്‍ സഹായമാവുന്നു.
പഠനം നടത്തിയവരില്‍ സാമ്പ്രദായികവും അല്ലാത്തതുമായ രീതികളിലാണ് പിരിമുറുക്ക നില പരിശോധിച്ചത്. ആറ് മിനിറ്റ് നേരം സ്വസ്ഥമായി വായിച്ചവരില്‍ പിരിമുറുക്ക നില ആദ്യമുണ്ടായിരുന്നതില്‍ നിന്ന് 68 ശതമാനം കുറഞ്ഞതായി പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. നിശ്ചിത സമയം വീതം പാട്ട് കേട്ടവരില്‍ പിരിമുറുക്ക നില 61 ശതമാനം കുറഞ്ഞു. കാപ്പി, ചായ എന്നിവയ്ക്ക് 54 ശതമാനവും നടത്തത്തിന് 42 ശതമാനവും പിരിമുറുക്കം കുറയ്ക്കാന്‍ സാധിച്ചു. വീഡിയോ ഗെയിം കളിച്ചവരിലാകട്ടെ പിരിമുറുക്ക നില 21 ശതമാനം കുറയുകയുണ്ടായി. വായനയാണ് പിരിമുറുക്ക സംഹാരി എന്ന നിലയില്‍ മികച്ച പ്രകടനം കാഴ്ചവച്ചത് എന്ന് സാരം.