ആമാശയത്തിലെ ആസിഡ് അന്നനാളത്തിലേക്ക് തിരികെ ഒഴുകുമ്പോള്‍ ഉണ്ടാകുന്ന സാധാരണമായ ദഹനപ്രശ്‌നമാണ് ആസിഡ് റിഫ്‌ളക്‌സ് അല്ലെങ്കില്‍ നെഞ്ചെരിച്ചില്‍ എന്ന് വിളിക്കുന്ന അസിഡിറ്റി. അസിഡിറ്റി എപ്പോള്‍ വേണമെങ്കിലും സംഭവിക്കാവുന്ന പ്രശ്‌നമാണ്. അതിനാല്‍ തന്നെ ഇത് ലഘൂകരിക്കാനും മൊത്തത്തിലുള്ള കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും വീട്ടില്‍ പരീക്ഷിക്കാവുന്ന കാര്യങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.
വീടിന് പരിസരത്തെല്ലാം കണ്ടുവരുന്ന തുളസിയിലയ്ക്ക് കാര്‍മിനേറ്റീവ് ഗുണങ്ങളുണ്ട്. അതിനാല്‍ ഇലകള്‍ ചവയ്ക്കുകയോ വെള്ളത്തില്‍ തിളപ്പിച്ച് ചായ ഉണ്ടാക്കികുടിക്കുകയോ ചെയ്യുന്നത് നെഞ്ചെരിച്ചില്‍, ദഹനക്കേട് എന്നിവയ്ക്ക് ആശ്വാസം നല്‍കും. തണുത്തപാല്‍ അസിഡിറ്റിയില്‍ നിന്നും ആശ്വാസം നല്‍കാന്‍ നല്ലതാണ്. അസിഡിറ്റി കുറയ്ക്കുന്നതിനും ദഹനം മെച്ചപ്പെടുത്തുന്നതിനും പെരും ജീരകം ഉത്തമാണ്. ഒരു ടീ സ്പൂണ്‍ പെരും ജീരകം ചവയ്ക്കുകയോ ചായയില്‍ ഇട്ട് കുടിക്കുകയോ ചെയ്യുന്നത് അസിഡിറ്റി തടയാന്‍ സഹായിക്കും.
ഇഞ്ചിയിലെ ജിഞ്ചറോള്‍ അസിഡിറ്റി പ്രശ്‌നങ്ങള്‍ തടയാന്‍ സഹായിക്കും. ഇതിനായി ഇഞ്ചിച്ചായ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ആപ്പില്‍ സിഡര്‍ വിനിഗര്‍ ഒരു ടീ സ്പൂണ്‍ ഒരു കപ്പ് വെള്ളത്തില്‍ കലര്‍ത്തി കുടിക്കുന്നതും നല്ലതാണ്. ആല്‍ക്കലൈന്‍ സ്വഭാവമുള്ളതും പൊട്ടാസ്യത്താല്‍ സമ്പന്നവുമായ വാഴപ്പഴവും അസിഡിറ്റി ചെറുക്കാന്‍ സഹായിക്കും. ജീരകം ഒരു ടീസ്പൂണ്‍ വെള്ളത്തിലിട്ട് തിളപ്പിച്ച് ഭക്ഷണശേഷം കുടിക്കുന്നതും ഗുണം ചെയ്യും. ആമാശയത്തിലെയും അന്നനാളത്തിലെയും വീക്കം കുറയ്ക്കാന്‍ കറ്റാര്‍വാഴ ജ്യൂസും സഹായിക്കും. ചെറിയ അളവില്‍ കറ്റാര്‍വാഴ ജ്യൂസ് കുടിക്കുന്നത് ആസിഡ് ഉത്പാദനം നിയന്ത്രിക്കാന്‍ സഹായിക്കും.