സംസ്ഥാനത്തിന് ആവശ്യമുള്ള മരുന്നുകളുടെ ശരാശരി 10 ശതമാനം മാത്രമാണ് കേരളത്തില്‍ നിര്‍മ്മിക്കുന്നത്. 90 ശതമാനവും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നാണ് കെ.എം.എസ്.സി.എല്‍. വാങ്ങുന്നത്. കെ.എസ്.ഡി.പി.എല്‍. വഴി കൂടുതല്‍ മരുന്നുകള്‍ ഉത്പാദിപ്പിക്കാനായാല്‍ ചെലവ് കുറയ്ക്കാനും ആരോഗ്യ മേഖലയ്ക്ക് വലിയ ഗുണം ലഭിക്കുകയും ചെയ്യുമെന്നും മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.
മരുന്ന് നിര്‍മ്മാണത്തില്‍ വ്യവസായ വകുപ്പ് ഗൗരവമായി ചിന്തിക്കുന്ന സമയത്ത് ആരോഗ്യ വകുപ്പ് മുന്നോട്ട് വന്നത് സന്തോഷകരമായ കാര്യമാണെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. കോവിഡ് സുരക്ഷാ സാമഗ്രികള്‍ക്കൊപ്പം സംസ്ഥാനത്തിനാവശ്യമായ മരുന്നുകള്‍ കൂടി ഉത്പാദിപ്പിക്കാന്‍ കഴിയുമോ എന്ന പഠനം വ്യവസായ വകുപ്പില്‍ നടക്കുകയാണ്. കെ.എസ്.ഡി.പി.എല്‍. മരുന്ന് നിര്‍മ്മാണത്തില്‍ നല്ല രീതിയില്‍ മുന്നേറുകയാണ്.