പ്രായമാകുമ്പോള്‍ തലമുടികള്‍ നരയ്ക്കുന്നത് വാര്‍ധക്യത്തിന്റെ ലക്ഷണമാണ്. എന്നാല്‍ ചിലര്‍ക്ക് ചെറുപ്രായത്തില്‍ തന്നെ മുടി നരയ്ക്കാറുണ്ട്. ഈ അകാലനര പലര്‍ക്കും ബുദ്ധിമുട്ടാകുന്ന കാര്യമാണ്. ആവശ്യ പോഷകങ്ങളുടെ അഭാവം മൂലവും മറ്റ് കാരണങ്ങളാലും അകാലനര സംഭവിക്കാം. അകാലനര അകറ്റാന്‍ ഉത്തമമായ ഒന്നാണ് ഉണക്കമുന്തിരി.
ഉണക്കമുന്തിരി വെള്ളത്തില്‍ കുതിര്‍ത്ത് കഴിക്കുകയാണ് ഇതിനായി ചെയ്യേണ്ടത്. കുതിര്‍ത്ത ഉണക്കമുന്തിരി ശരീരത്തിലേക്കുള്ള ധാതുക്കളുടെ ആഗിരണം വേഗത്തിലാക്കുന്നു. ഇത് മുടിയ്ക്ക് പോഷണം നല്‍കി അകാലനരയും മുടികൊഴിച്ചിലും തടയുന്നു. ഉണക്കമുന്തിരിയില്‍ അടങ്ങിയ അയേണ്‍ തലയോട്ടിയിലെ രക്തചംക്രമണവും ഓക്‌സിജനും വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു.
ഉണക്കമുന്തിരിയില്‍ അയേണ്‍, വിറ്റാമിന്‍ ബി കോമ്പ്‌ലെക്‌സ് എന്നിവയുള്ളതിനാല്‍ ഇത് ശരീരത്തിലെ ഇരുമ്പിന്റെ അഭാവം അകറ്റാനും വിളര്‍ച്ച തടയാനും സഹായിക്കും. കാത്സ്യം ഉള്ളതിനാല്‍ എല്ലുകളുടെ ആരോഗ്യത്തിനും ധാരാളം ഫൈബര്‍ അടങ്ങിയതിനാല്‍ മലബന്ധം അകറ്റാനും സഹായിക്കും. ആന്റിഓക്‌സിഡന്റുകളുടെയും പോട്ടാസ്യത്തിന്റെയും സാന്നിധ്യം രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നു. ഇത് കൂടാതെ ക്യാന്‍സര്‍ സാധ്യതകള്‍ തടയാനും ഇത് സഹായിക്കുന്നു. പ്രതിരോധശേഷി കൂട്ടാനും ഉറക്കപ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകാനും ഉണക്കമുന്തിരിക്ക് സാധിക്കും.