ദക്ഷിണേന്ത്യക്കാര്‍ക്ക് ഹൃദ്രോഗ സാധ്യത കൂടുതലെന്ന് പഠനം
ദക്ഷിണേന്ത്യയില്‍ നിന്നുള്ള ആളുകള്‍ക്ക് ഹൃദ്രോഗ സാധ്യത ഗണ്യമായി വര്‍ദ്ധിപ്പിക്കുന്ന സവിശേഷമായ ഒരു ജനിതക മാറ്റം സംഭവിച്ചിട്ടുണ്ടെന്ന് ബെംഗളൂരുവില്‍ നിന്നുള്ള ഗവേഷകര്‍ കണ്ടെത്തി.
ദക്ഷിണേന്ത്യയില്‍ നിന്നുള്ള ആളുകള്‍ക്ക് ഹൃദ്രോഗ സാധ്യത ഗണ്യമായി വര്‍ദ്ധിപ്പിക്കുന്ന സവിശേഷമായ ഒരു ജനിതക മാറ്റം സംഭവിച്ചിട്ടുണ്ടെന്ന് ബെംഗളൂരുവില്‍ നിന്നുള്ള ഗവേഷകര്‍ കണ്ടെത്തി. പാശ്ചാത്യ കേന്ദ്രീകൃത ഡാറ്റയ്ക്ക് അപ്പുറത്തേക്ക് പോകേണ്ടതിന്റെ ആവശ്യകത എടുത്തുകാണിക്കുന്ന ഒരു വിപ്ലവകരമായ കണ്ടെത്തല്‍.ദക്ഷിണേന്ത്യയില്‍ നിന്നുള്ള വ്യക്തികള്‍ക്ക് ഹൈപ്പര്‍ട്രോഫിക് കാര്‍ഡിയോമയോപ്പതി (HCM) വരാനുള്ള സാധ്യത കൂടുതലാണെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്റ്റെം സെല്‍ സയന്‍സ് ആന്‍ഡ് റീജനറേറ്റീവ് മെഡിസിനിലെ (inStem) ഗവേഷകര്‍ കണ്ടെത്തി.
ഹൃദയപേശികള്‍ കട്ടിയാകുകയും പലപ്പോഴും ഹൃദയസ്തംഭനത്തിനും പെട്ടെന്നുള്ള ഹൃദയാഘാതത്തിനും കാരണമാവുകയും ചെയ്യുന്ന ഗുരുതരമായ അവസ്ഥയാണിത്. ജേണല്‍ ഓഫ് ദി അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷനില്‍ പ്രസിദ്ധീകരിച്ച ഗവേഷണം, ദക്ഷിണേന്ത്യന്‍ ജനസംഖ്യയില്‍ നിന്നുള്ള ഒരു വലിയ കൂട്ടം HCM രോഗികളുടെ ജീന്‍ സീക്വന്‍സുകള്‍ പരിശോധിച്ചു. ശ്രീ ജയദേവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോവാസ്‌കുലര്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ച് ഉള്‍പ്പെടെയുള്ള പ്രധാന കാര്‍ഡിയോളജി കേന്ദ്രങ്ങളുമായി സഹകരിച്ചാണ് രോഗികളെ പരിശോധിച്ചത്.
വിവിധ കാര്‍ഡിയോമയോപ്പതികളുള്ള 1,558 ദക്ഷിണേന്ത്യന്‍ രോഗികളെയാണ് പഠനത്തിനായി തിരഞ്ഞെടുത്തത്. ഗവേഷകര്‍ ആയിരക്കണക്കിന് ദോഷകരമായ ജനിതക മ്യൂട്ടേഷനുകള്‍ കണ്ടെത്തി. യൂറോപ്യന്‍, അമേരിക്കന്‍ ജനസംഖ്യയില്‍ സാധാരണയായി കാണപ്പെടുന്നതില്‍ നിന്ന് ഈ ജനിതക ഭൂപ്രകൃതി വളരെ വ്യത്യസ്തമാണ്.