ഈ ആയുര്‍വേദ ഔഷധം നിങ്ങളുടെ കരളിന് ഏറ്റവും അപകടകരമായേക്കാം; ഹെപ്പറ്റോളജിസ്റ്റ് പറയുന്നത് നോക്കാം
ഒരു ജനപ്രിയ ആയുര്‍വേദ സസ്യമായ ചിറ്റമൃത് അഥവാ അമുത്
പ്രതിരോധശേഷി, ദഹനം, മൊത്തത്തിലുള്ള ക്ഷേമം എന്നിവ വര്‍ദ്ധിപ്പിക്കുന്നതിന് നൂറ്റാണ്ടുകളായി ഉപയോഗിച്ചുവരുന്ന ഒരു ജനപ്രിയ ആയുര്‍വേദ സസ്യമായ ചിറ്റമൃത് അഥവാ അമുത് എന്നും അറിയപ്പെടുന്ന സസ്യത്തെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ? സോഷ്യല്‍ മീഡിയയില്‍ ദി ലിവര്‍ ഡോക് എന്നറിയപ്പെടുന്ന ഹെപ്പറ്റോളജിസ്റ്റ് ഡോ. സിറിയക് ആബി ഫിലിപ്‌സ് ഈ സസ്യത്തെക്കുറിച്ച് ഒരു മുന്നറിയിപ്പ് നല്‍കുകയും ഇത് കരള്‍ തകരാറിന് കാരണമാകുമെന്നും അതിന്റെ സാധ്യതയെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹം പോസ്റ്റ് ചെയ്ത വീഡിയോയില്‍, ഓട്ടോഇമ്മ്യൂണ്‍ രോഗങ്ങള്‍, പ്രമേഹം അല്ലെങ്കില്‍ തൈറോയ്ഡ് പ്രശ്‌നങ്ങള്‍ ഉള്ളവര്‍ ചിറ്റമൃത് കഴിക്കുന്നത് അതിന്റെ ദോഷകരമായ ഫലങ്ങള്‍ കാരണം കര്‍ശനമായി ഒഴിവാക്കണമെന്ന് മുന്നറിയിപ്പ് നല്‍കുന്നു.
വിവിധ ഔഷധസസ്യങ്ങളുടെ അപകടങ്ങളെയും ഗുണങ്ങളെയും കുറിച്ച് പ്രതിപാദിക്കുന്ന യുഎസ് സര്‍ക്കാരിന്റെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കോംപ്ലിമെന്ററി ആന്‍ഡ് ആള്‍ട്ടര്‍നേറ്റീവ് മെഡിസിന്‍ തെറാപ്പികളെക്കുറിച്ച് അദ്ദേഹം വീഡിയോയില്‍ പരാമര്‍ശിക്കുന്നുണ്ട്. അത് പ്രകാരം മഞ്ഞള്‍ പോലുള്ള നിരുപദ്രവകരമെന്ന് തോന്നുന്ന ഇനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ പോലും ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. കരള്‍ തകരാറുകള്‍ അനുഭവിച്ച ഇന്ത്യയിലെ 200 ഓളം രോഗികളുടെ കേസുകളില്‍ ഈ സസ്യത്തിന്റെ ഉപയോഗം രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഡോ. ഫിലിപ്‌സ് എടുത്തുപറഞ്ഞു.
ചില ആയുര്‍വേദ ഔഷധങ്ങളുടെ ഉയര്‍ന്ന ഡോസുകള്‍ അല്ലെങ്കില്‍ അവ കൂടുതല്‍ കാലം കഴിക്കുന്നത് വിഷാദം മുതല്‍ ആര്‍ത്തവ ക്രമക്കേടുകള്‍ വരെ നിരവധി പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകുമെന്ന് ആയുര്‍വ്വേദ വിദഗ്ധര്‍ തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്.