വ്യാപകമായ പനിക്കും വൈറൽ രോഗങ്ങൾക്കും കാരണമായ എച്ച് 3 എൻ 2 ഇൻഫ്ളുവൻസ വൈറസ് ബാധിച്ച് രാജ്യത്ത് 2 മരണം. ഹരിയാനയിലും കർണാടകയിലുമായാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവിൽ എച്ച്3 എൻ 2 വൈറസ് ബാധിച്ച 90 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഇൻഫ്ളുവൻസ എയുടെ ഉപവിഭാഗമായ എച്ച് 3 എൻ 2 വൈറസാണ് രാജ്യത്ത് അടിക്കടിയായി വരുന്ന പനിക്കും ചുമയ്ക്കും പിന്നിലുള്ളതെന്ന് ഐസിഎംആർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പനി,ചുമ,ശരീരവേദന,മൂക്കൊലിപ്പ് എന്നീ രോഗലക്ഷണങ്ങളാണ് പലർക്കുമുള്ളത്. കഴിഞ്ഞ 2-3 മാസക്കാലമായി വൈറസ് ബാധ മൂലമുള്ള ആശുപത്രിവാസം കൂടിവരികയാണെന്നും മാർച്ച് അവസാനത്തോടെയോ ഏപ്രിൽ ആദ്യത്തോടെയോ രോഗവ്യാപനം കുറയുമെന്നാണ് കരുതുന്നതെന്നും ഐസിഎംആർ പറയുന്നു.