Select Your Language

Notifications

webdunia
webdunia
webdunia
webdunia

തക്കാളിയും മൂത്രത്തില്‍ കല്ലും തമ്മില്‍ ബന്ധമുണ്ടോ?

തക്കാളിയും മൂത്രത്തില്‍ കല്ലും തമ്മില്‍ ബന്ധമുണ്ടോ?
, ചൊവ്വ, 21 ഫെബ്രുവരി 2023 (15:09 IST)
പച്ചക്കറികളില്‍ ഏറെ ഗുണങ്ങളുള്ള ഒന്നാണ് തക്കാളി. എന്നാല്‍ തക്കാളിക്ക് ഗുണങ്ങളേക്കാള്‍ ഏറെ ദോഷങ്ങള്‍ ഉള്ളതായി നാം പറഞ്ഞു കേട്ടിട്ടില്ലേ? അതിലൊന്നാണ് തക്കാളി അമിതമായി കഴിച്ചാല്‍ മൂത്രത്തില്‍ കല്ല് വരുമെന്ന പ്രചാരണം. മൂത്രാശയക്കല്ല് വരുമെന്ന് പേടിച്ച് ഭക്ഷണക്രമത്തില്‍ നിന്ന് തക്കാളി പൂര്‍ണമായി ഒഴിവാക്കുന്ന ഒരു വിഭാഗം നമുക്കിടയിലുണ്ട്. എന്നാല്‍ യാഥാര്‍ഥ്യം എന്താണ്? തക്കാളിയെ പേടിക്കണോ? 
 
വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, പൊട്ടാസ്യം, ഫൈബര്‍, പ്രോട്ടീന്‍ എന്നിവ അടങ്ങിയ പച്ചക്കറിയാണ് തക്കാളി. കാഴ്ചശക്തി വര്‍ധിപ്പിക്കുക, പ്രമേഹ ബുദ്ധിമുട്ടുകള്‍ കുറയ്ക്കുക, ചര്‍മ്മത്തെ ഭംഗിയായി കാത്തുസൂക്ഷിക്കുക, പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ പോലുള്ള ഗൗരവമുള്ള അസുഖം വരെ പ്രതിരോധിക്കുക എന്നിവയ്‌ക്കെല്ലാം തക്കാളി നല്ലതാണ്. 
 
മൂത്രാശയക്കല്ല് പല തരത്തിലുണ്ട്. സാധാരണയായി കൂടുതല്‍ കണ്ടുവരുന്നത് കാത്സ്യം കല്ലുകള്‍ ആണ്. വൃക്കയില്‍ അമിതമായി കാത്സ്യം ഓക്‌സലേറ്റ് അടിഞ്ഞുകൂടുന്നത് കൊണ്ടുണ്ടാകുന്ന മൂത്രാശയക്കല്ല് ആണിത്. ഈ കാത്സ്യം ഓക്‌സലേറ്റ് എന്ന ഘടകം പ്രകൃതിദത്തമായി പല പച്ചക്കറികളിലും പഴങ്ങളിലും അടങ്ങിയിട്ടുണ്ട്. ഇവ കഴിക്കുന്നതിലൂടെ നമ്മളിലേക്കും കാത്സ്യം ഓക്‌സലേറ്റ് എത്തും. ഇതിനു പുറമേ നമ്മുടെ കരളും നിശ്ചിത അളവില്‍ ദിവസവും കാത്സ്യം ഉത്പാദിപ്പിക്കുന്നുണ്ട്. 
 
രക്തത്തില്‍ കാത്സ്യത്തിന്റെ അളവ് അമിതമാകുമ്പോള്‍ അത് കൃത്യമായി ശരീരത്തില്‍ നിന്ന് പുറന്തള്ളപ്പെടാതെ വരുന്ന സാഹചര്യമാണ് മൂത്രാശയക്കല്ലിലേക്ക് നയിക്കുന്നത്. ശരീരത്തിനു വേണ്ടാത്ത പദാര്‍ത്ഥങ്ങളെ ശരീരം തന്നെ സ്വയം പുറന്തള്ളും. മറ്റ് ആരോഗ്യപ്രശനങ്ങളില്‍ ഇല്ലാത്തവരില്‍ ഈ പ്രക്രിയ കൃത്യമായി നടക്കും. അതായത്, ആവശ്യമില്ലാത്തവ എളുപ്പത്തില്‍ വൃക്കയിലെത്തുകയും അവിടെ നിന്ന് മൂത്രത്തിലൂടെ പുറന്തള്ളപ്പെടുകയും ചെയ്യുന്നു. എന്നാല്‍ ഈ പ്രക്രിയ നടക്കാതെ വരുമ്പോള്‍ കാത്സ്യം വൃക്കയില്‍ തന്നെ അടിഞ്ഞുകൂടി കല്ലുകളായി രൂപാന്തരപ്പെടുന്നു. അങ്ങനെയാണ് കാത്സ്യം ഓക്‌സലേറ്റ് കല്ലുകളുണ്ടാകുന്നത്. 
 
തക്കാളിയില്‍ പ്രകൃതിദത്തമായ കാത്സ്യം ഓക്‌സലേറ്റ് അടങ്ങിയിട്ടുണ്ട്. 100 ഗ്രാം തക്കാളിയില്‍ 5 ഗ്രാം ഓക്‌സലേറ്റാണ് അടങ്ങിയിട്ടുള്ളത്. ശരാശരി ആരോഗ്യമുള്ള ആളെ സംബന്ധിച്ചിടുത്തോളം ഇത് പേടിപ്പെടുത്തുന്ന അളവേയല്ല. അതായത്, ശരാശരി ആരോഗ്യമുള്ളവര്‍ തക്കാളി കഴിക്കുന്നതുകൊണ്ട് ദോഷമൊന്നും ഇല്ല. എന്നാല്‍ വൃക്ക സംബന്ധമായ അസുഖങ്ങളുള്ളവര്‍ തക്കാളി കഴിക്കുന്നതില്‍ നിയന്ത്രണം കൊണ്ടുവരണം. തക്കാളി മാത്രമല്ല കൂടുതല്‍ കാത്സ്യം ഓക്‌സലേറ്റുകള്‍ ഉത്പാദിപ്പിക്കപ്പെടുന്ന ബീറ്റ്‌റൂട്ട്, ബീന്‍സ് തുടങ്ങിയ പല സാധനങ്ങളിലും നിയന്ത്രണം കൊണ്ടുവരണം. വൃക്കസംബന്ധമായ പരിശോധനങ്ങള്‍ നടത്തി ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ ലഭിച്ച ശേഷമായിരിക്കണം ഈ നിയന്ത്രണങ്ങള്‍. 
 
അതായത് തക്കാളി കഴിക്കുന്നത് എല്ലാവരിലും വൃക്ക സംബന്ധമായ പ്രശ്‌നം ഉണ്ടാക്കില്ലെന്ന് സാരം. തക്കാളി കഴിച്ചാല്‍ മൂത്രാശയക്കല്ല് ഉറപ്പായും വരുമെന്ന പ്രചാരവും തെറ്റ്. മറിച്ച് വൃക്ക സംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍ തക്കാളി കഴിക്കുന്നതില്‍ നിയന്ത്രണം വയ്ക്കണമെന്ന് മാത്രം. 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യയിലെ സജീവ കൊവിഡ് കേസുകള്‍ 1921 ആയി ഉയര്‍ന്നു