ചോറിന് പകരം ചപ്പാത്തി കഴിച്ചാല്‍ ഷുഗര്‍ കുറയുമോ?
തവിടോടെയുള്ള അരിയുടെ ചോറും തവിടുകളയാത്ത ഗോതമ്പിന്റെ ചപ്പാത്തിയുമൊക്കെ ഏകദേശം ഒരേതോതിലാണ് രക്തത്തിലെ പഞ്ചസാര ഉയര്‍ത്തുന്നത്
പ്രമേഹ ബാധിതര്‍ ഭക്ഷണകാര്യത്തില്‍ അതീവ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. മുഴുധാന്യങ്ങള്‍ക്കാണ് പ്രമേഹബാധിതരുടെ ഭക്ഷണത്തില്‍ പ്രാധാന്യം നല്‍കേണ്ടത്. ചോറിന് പകരം ചപ്പാത്തി കഴിച്ചാല്‍ പ്രമേഹം കുറയുമെന്നാണ് മലയാളികളില്‍ ഭൂരിഭാഗം ആളുകളും കരുതുന്നത്.
ഒരു ഭക്ഷണ പദാര്‍ഥത്തിലെ അന്നജം രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ഉയര്‍ത്തുന്ന തോതാണ് ഗ്ലൈസിമിക് ഇന്‍ഡക്സ്. ഇത് 55 ല്‍ താഴെ, 56-59നുമിടയില്‍, 70 ന് മുകളില്‍ എന്നിങ്ങനെയാണ് തരംതിരിച്ചിട്ടുള്ളത്. താഴ്ന്ന ഗ്ലൈസീമിക് ഇന്‍ഡക്സ് ഉള്ള ഭക്ഷ്യ വിഭവങ്ങളാണ് പ്രമേഹ ബാധിതര്‍ക്ക് ഉത്തമം. അതായത് 55 ല്‍ താഴെ ഗ്ലൈസിമിക് ഇന്‍ഡക്‌സ് ഉള്ള ഭക്ഷണ വിഭവങ്ങളാണ് പ്രമേഹ ബാധിതര്‍ കഴിക്കേണ്ടത്.
തവിടോടെയുള്ള അരിയുടെ ചോറും തവിടുകളയാത്ത ഗോതമ്പിന്റെ ചപ്പാത്തിയുമൊക്കെ ഏകദേശം ഒരേതോതിലാണ് രക്തത്തിലെ പഞ്ചസാര ഉയര്‍ത്തുന്നത്. ഗോതമ്പിന്റെ ഗ്ലൈസിമിക് ഇന്‍ഡക്‌സ് അരിയേക്കാള്‍ അല്പം കുറവാണെന്ന് മാത്രം. എന്നാല്‍ ശുദ്ധീകരിച്ച ഗോതമ്പുപൊടി ഉപയോഗിച്ചുണ്ടാക്കുന്ന ചപ്പാത്തി വിപരീതഫലമാണ് ഉണ്ടാക്കുക. ചോറിലും ചപ്പാത്തിയിലും അന്നജത്തിന്റെ തോത് വലിയ വ്യത്യാസമില്ലാത്തതിനാല്‍ ഊര്‍ജം കുറഞ്ഞ മറ്റ് ഭക്ഷണ പദാര്‍ഥങ്ങള്‍ കൂടുതലുള്‍പ്പെടുത്തി വേണം ഇവ കഴിക്കാന്‍.
അരിഭക്ഷണം ഒഴിവാക്കിയതുകൊണ്ടുമാത്രം രക്തത്തിലെ പഞ്ചസാര കുറയില്ല. ഏത് ഭക്ഷണം എന്നതുപോലെ എത്രമാത്രം എന്നതും ഷുഗര്‍ നിയന്ത്രിക്കുന്നതില്‍ പ്രധാനമാണ്.
നമ്മുടെ നാട്ടില്‍ ലഭ്യമാകുന്നതില്‍ വെച്ച് റാഗിയാണ് പ്രമേഹമുള്ളവര്‍ക്ക് ഉത്തമം. റാഗിയുടെ ഗ്ലൈസിമിക് ഇന്‍ഡക്‌സ് 40 ആണ്. മാത്രമല്ല ഇതില്‍ ധാരാളം നാരുകളും ഇരുമ്പ് കാല്‍സ്യം തുടങ്ങിയവയും അടങ്ങിയിട്ടുണ്ട്.