എല്ലാ വര്‍ഷവും ഏപ്രില്‍ ഏഴാം തീയതിയാണ് ലോകാരോഗ്യ ദിനമായി ആചരിക്കുന്നത്. ഈ വര്‍ഷത്തെ ലോകാരോഗ്യ ദിനത്തിന് ലോകാരോഗ്യ സംഘടനയുടെ 75-ാം വാര്‍ഷികം എന്ന പ്രത്യേകത കൂടിയുണ്ട്. 'എല്ലാവര്‍ക്കും ആരോഗ്യം' എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. കോവിഡ് പോലെയുള്ള പലതരം വെല്ലുവിളികള്‍ നേരിടുന്ന ഈ സമയത്ത് ലോകാരോഗ്യ സംഘടനയുടെ സന്ദേശത്തിന് ഏറെ പ്രസക്തിയുണ്ട്.
അതേസമയം രോഗപ്രതിരോധവും ആരോഗ്യവും ഏറ്റവും പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അതിനായി ആരോഗ്യ മേഖലയില്‍ വലിയ പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കി വരുന്നത്. ചികിത്സയിലും പകര്‍ച്ചവ്യാധി നിയന്ത്രണത്തിലുമെല്ലാം എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഒരേതരത്തിലുള്ള പരിരക്ഷ ഉറപ്പാക്കുന്ന രീതിയാണ് സ്വീകരിച്ചിട്ടുള്ളത്. സാന്ത്വന പരിചരണം ഉള്‍പ്പെടെ യാഥാര്‍ത്ഥ്യമാക്കി ഏറ്റവും ദുരിതമനുഭവിക്കുന്ന ജനവിഭാഗങ്ങള്‍ക്കും ഒരേ രീതിയില്‍ ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നു. സൗജന്യ ചികിത്സയ്ക്ക് പുറമേ ആരോഗ്യ ഇന്‍ഷുറന്‍സ്, വിവിധ ആരോഗ്യ പദ്ധതികള്‍ എന്നിവയും ലഭ്യമാക്കി വരുന്നതായും മന്ത്രി വ്യക്തമാക്കി.