Select Your Language

Notifications

webdunia
webdunia
webdunia
webdunia

World Hepatitis Day 2023: ഒരു ജീവിതം ഒരു കരള്‍, ഹെപ്പറ്റൈറ്റിസ് രണ്ടും തകര്‍ത്തേക്കാം

World Hepatitis Day 2023: ഒരു ജീവിതം ഒരു കരള്‍, ഹെപ്പറ്റൈറ്റിസ് രണ്ടും തകര്‍ത്തേക്കാം

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 28 ജൂലൈ 2023 (11:17 IST)
ഹൈപ്പറ്റൈറ്റിസിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രോഗ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങുമ്പോള്‍ത്തന്നെ പരിശോധന നടത്തുകയും രോഗസാധ്യത കൂടിയവര്‍ പ്രതിരോധ കുത്തിവയ്പ്പ് എടുക്കുകയും ചെയ്യണം. ഹെപ്പറ്റൈറ്റിസ് ബാധിതരായ പലരിലും രോഗ ലക്ഷണങ്ങള്‍ പ്രകടമാകാന്‍ ദീര്‍ഘനാള്‍ വേണ്ടിവന്നേക്കാം. ഇത് യഥാസമയം രോഗം തിരിച്ചറിയാതെ പോകുന്നതിന് കാരണമാകുന്നു. പലപ്പോഴും കരള്‍ രോഗങ്ങളോ, അര്‍ബുദമോ ആകുമ്പോഴാണ് പലരും ഹെപ്പറ്റൈറ്റിസ് ബി-യോ, ഹെപ്പറ്റൈറ്റിസ് സി-യോ ഉണ്ടെന്ന് തിരിച്ചറിയുന്നത്. അതിനാല്‍ തന്നെ അവബോധം പ്രധാനമാണെന്നും മന്ത്രി വ്യക്തമാക്കി.
 
എല്ലാ വര്‍ഷവും ജൂലൈ 28 ലോക ഹെപ്പറ്റൈറ്റിസ് ദിനമായി ആചരിക്കുന്നു. 'ഒരു ജീവിതം, ഒരു കരള്‍' എന്നതാണ് ഈ വര്‍ഷത്തെ ലോക ഹെപ്പറ്റൈറ്റിസ് ദിന സന്ദേശം. ലോക ഹെപ്പറ്റൈറ്റിസ് ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം ജൂലൈ 31 തിങ്കളാഴ്ച രാവിലെ 10.30 ന് തിരുവനന്തപുരം  ഗവ. ആര്‍ട്‌സ് കോളേജില്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.
 
ഹെപ്പറ്റൈറ്റിസ്-എ മുതല്‍ ഇ വരെ പലതരത്തിലുള്ള വൈറസുകള്‍ ഉണ്ടെങ്കിലും ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവയ്‌ക്കെതിരെ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. മിക്കവാറും അണുബാധകള്‍ കണ്ടെത്താതെ പോകുന്നതിനാല്‍ ഓരോ വര്‍ഷവും ഒരു ദശലക്ഷത്തിലധികം മരണങ്ങളും ഓരോ പത്ത് സെക്കന്‍ഡിലും ഒരാള്‍ക്ക് വിട്ടുമാറാത്ത അണുബാധയും ഉണ്ടാകുന്നു.
 
ഹെപ്പറ്റൈറ്റിസ്-ബി യ്ക്ക് തിരഞ്ഞെടുത്ത ആശുപത്രികളില്‍ രോഗസാധ്യത കൂടുതലുള്ള വിഭാഗത്തിലുള്ളവര്‍ക്ക് രോഗനിര്‍ണയം നടത്തി രോഗമില്ല എന്ന് ഉറപ്പുവരുത്തിയതിനുശേഷം പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്നു. ആരോഗ്യപ്രവര്‍ത്തകര്‍, പതിവായി ഡയാലിസിസിന് വിധേയമാകുന്നവര്‍, രോഗബാധിതയായ അമ്മയ്ക്ക് പിറക്കുന്ന കുട്ടികള്‍ എന്നിവര്‍ക്ക് തീര്‍ച്ചയായും ഈ കുത്തിവയ്പ്പ് എടുത്തിരിക്കേണ്ടതാണ്. കുഞ്ഞുങ്ങള്‍ക്ക് 6, 10, 14 ആഴ്ചകളില്‍ നല്‍കുന്ന പെന്റാവലന്റ് വാക്‌സിനില്‍ ഹെപ്പറ്റൈറ്റിസ്-ബി വാക്‌സിനും അടങ്ങിയിരിക്കുന്നു.
 
രോഗബാധിതയായ അമ്മയില്‍ നിന്നും കുഞ്ഞിലേക്ക് രോഗം പകരുന്നത് തടയാന്‍ നവജാത ശിശുവിന് ജനനസമയത്തു തന്നെ ഇമ്മുണോഗ്ലോബുലിന്‍ നല്‍കുന്നതിനുള്ള സൗകര്യം പ്രസവം നടക്കുന്ന ആശുപത്രികളില്‍ ലഭ്യമാണ്. ഗര്‍ഭിണികള്‍ക്ക് സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളിലും, പ്രസവ സൗകര്യമുള്ള ആശുപത്രികളിലും ഹെപ്പറ്റൈറ്റിസ് ബി, സി രോഗനിര്‍ണയവും ചികിത്സയും സൗജന്യമായി ലഭ്യമാണ്. തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജ് മാതൃകാ ചികിത്സാ കേന്ദ്രമാണ്. ഹെപ്പെറ്റൈറ്റിസ് ബി-യ്ക്കും സി-യ്ക്കും ചികിത്സയ്ക്കുള്ള മരുന്നുകള്‍ തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളില്‍ സൗജന്യമായി ലഭ്യമാണ്. നിലവില്‍ സംസ്ഥാനത്ത് 32 ആശുപത്രികളില്‍ ചികിത്സ ലഭ്യമാണ്. ഈ വര്‍ഷം പുതിയതായി 5 ആശുപത്രികളില്‍ കൂടി ചികിത്സ ലഭ്യമാക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിങ്ങളുടെ കരളിന് എന്തെങ്കിലും പ്രശ്‌നമുണ്ടോ? മൂത്രത്തിന്റെ നിറത്തില്‍ നിന്ന് മനസിലാക്കാം