പച്ചമുട്ടയില്‍ മയോണൈസ് ഉണ്ടാക്കിയാല്‍ ഭക്ഷ്യവിഷബാധയ്ക്ക് വരെ സാധ്യത; ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍
ശരിയായ രീതിയില്‍ മയോണൈസ് പാകം ചെയ്തില്ലെങ്കില്‍ അത് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് മനസ്സിലാക്കുക
സംസ്ഥാനത്ത് പച്ചമുട്ട ഉപയോഗിച്ചുള്ള മയോണൈസിനു നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനുള്ള നടപടികളുടെ ഭാഗമായാണ് തീരുമാനമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വെജിറ്റബിള്‍ മയോണൈസോ പസ്ചറൈസ് ചെയ്ത മുട്ട ഉപയോഗിച്ചുള്ള മയോണൈസോ ഉപയോഗിക്കാന്‍ സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത ഹോട്ടല്‍, ബേക്കറി സംഘടനകളുടെ പ്രതിനിധികളുടെ യോഗം തീരുമാനിച്ചു.
ഷവര്‍മ, അല്‍ഫാം, കുഴിമന്തി എന്നിവയ്ക്ക് കൂടുതല്‍ രുചി പകരുന്ന ഘടകമാണ് അതിനൊപ്പം ലഭിക്കുന്ന മയോണൈസ്. എന്നാല്‍ അതീവ ശ്രദ്ധയോടെ വേണം മയോണൈസ് തയ്യാറാക്കാന്‍. മയോണൈസില്‍ നിന്ന് ഭക്ഷ്യവിഷബാധയ്ക്കുള്ള സാധ്യത വളരെ കൂടുതലാണ്.
ശരിയായ രീതിയില്‍ മയോണൈസ് പാകം ചെയ്തില്ലെങ്കില്‍ അത് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് മനസ്സിലാക്കുക. പൊതുവെ വീടുകളില്‍ പോലും പച്ചമുട്ടയിലാണ് മയോണൈസ് ഉണ്ടാക്കുന്നത്. ഇത് ശരിയായ രീതിയല്ല. സമയം കഴിയുംതോറും പച്ചമുട്ടയിലെ ബാക്ടീരിയയുടെ അളവ് കൂടും. പച്ചമുട്ട ആരോഗ്യത്തിനു ഗുരുതര പ്രശ്നങ്ങളുണ്ടാക്കും. അതുകൊണ്ട് മയോണൈസ് ഉണ്ടാക്കാനുള്ള മുട്ട പാസ്ചറൈസ് ചെയ്യണം. ചെറിയ തോതിലെങ്കിലും വേവിച്ച മുട്ട ഉപയോഗിച്ച് വേണം മയോണൈസ് തയ്യാറാക്കാന്‍.
മയോണൈസ് രണ്ട് മണിക്കൂറില്‍ അധികം സാധാരണ ഊഷ്മാവില്‍ വയ്ക്കരുത്. കേരളത്തിലെ ഹോട്ടലുകളില്‍ മണിക്കൂറുകളോളം മയോണൈസ് സാധാരണ ഊഷ്മാവില്‍ പുറത്തുവയ്ക്കുന്നതായി കാണാം. ഇത് ഏറെ അപകടങ്ങള്‍ വിളിച്ചുവരുത്തും.